20 April Saturday
കര്‍ഷക കൂട്ടായ്മയില്‍ പ്രതിഷേധം ഇരമ്പി

ഉറപ്പ് പാലിക്കാത്ത കേന്ദ്രത്തിനെതിരെ വീണ്ടും സമരം 
നടത്തേണ്ടിവരും: എം എം മണി എംഎല്‍എ

വെബ് ഡെസ്‌ക്‌Updated: Sunday Nov 27, 2022

സംയുക്ത കിസാൻ മോർച്ച കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ കർഷക പ്രതിഷേധ കൂട്ടായ്മ അഖിലേന്ത്യ കിസാൻസഭ വർക്കിങ് കമ്മിറ്റിയംഗം 
എം എം മണി എംഎൽഎ ഉദ്ഘാടനം ചെയ്യുന്നു

കട്ടപ്പന
കാർഷിക നിയമങ്ങൾ പിൻവലിച്ചപ്പോൾ കേന്ദ്ര സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കാത്തതിനാൽ രണ്ടാംഘട്ട സമരത്തിന് തയ്യാറെടുക്കേണ്ട സ്ഥിതിയാണെന്ന് അഖിലേന്ത്യ കിസാൻസഭ വർക്കിങ് കമ്മിറ്റി അംഗം എം എം മണി എംഎൽഎ. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിൽ ദില്ലി  കർഷകസമര വാർഷിക ദിനത്തിൽ കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫീസ് പടിക്കൽ നടത്തിയ കർഷക പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിരവധി കർഷകർ ജീവൻ നൽകി ഒരു വർഷത്തിലധികം നീണ്ട ഐതിഹാസിക പോരാട്ടത്തിനൊടുവിലാണ് കർഷകർക്ക് മുമ്പിൽ കേന്ദ്ര സർക്കാർ കീഴടങ്ങി വിവാദ നിയമങ്ങൾ പിൻവലിച്ചത്. എന്നാൽ ഒരുവർഷം കഴിഞ്ഞിട്ടും കർഷകർക്ക് നൽകിയ ഉറപ്പുകൾ പാലിച്ചിട്ടില്ല.
വൈദ്യുതി വിതരണ മേഖലയെ സ്വകാര്യവൽക്കരിക്കുന്ന വിവാദ വൈദ്യുതി ഭേദഗതി ബിൽ നടപ്പാക്കി വൻകിടക്കാർക്ക് കൊള്ളയടിക്കാനുള്ള സാഹചര്യമൊരുക്കുകയാണ്. സമ്പൂർണ വൈദ്യുതീകരണം ഉൾപ്പെടെ ജനക്ഷേമ പദ്ധതികൾ ആവിഷ്‌കരിച്ച് നടപ്പാക്കി രാജ്യത്തെ ഏറ്റവും മികച്ച വൈദ്യുതി ബോർഡാണ് കേരളത്തിലേതെന്നും സംസ്ഥാനങ്ങളുടെ അധികാരത്തെ ദുർബലപ്പെടുത്തുന്ന ബിൽ പിൻവലിക്കണമെന്നും എം എം മണി പറഞ്ഞു.
സ്വാഗതസംഘം ചെയർമാൻ മാത്യു വർഗീസ് അധ്യക്ഷനായി. നേതാക്കളായ എൻ വി ബേബി, റോമിയോ സെബാസ്റ്റ്യൻ, വി ആർ സജി, മാത്യു ജോർജ്, ടി സി കുര്യൻ, ബിജു ഐക്കര, സിനോജ് വള്ളാടി, കെ എം തോമസ്, കെ കെ ഷംസുദ്ദീൻ, പി കെ വിനോദ്, പി കെ സദാശിവൻ, പോൾസൺ മാത്യു, വി കെ സോമൻ എന്നിവർ സംസാരിച്ചു. പ്രതിഷേധത്തിന് മുന്നോടിയായി പഴയ ബസ് സ്റ്റാൻഡിൽനിന്ന് ആരംഭിച്ച പ്രകടനത്തിൽ വിവിധ കർഷക സംഘടന പ്രവർത്തകർ അടക്കം നൂറുകണക്കിനാളുകൾ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top