28 March Thursday
റോളർ സ്‍കേറ്റിങ്‌

ലോക ചാമ്പ്യനാകാനൊരുങ്ങി അഭിജിത്

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022

അഭിജിത്ത് 
പരിശീലനത്തിനിടെ

തൊടുപുഴ
റോളർ സ്‍കേറ്റിങ്ങിലെ മലയാളപ്പെരുമ‌ നിലനിർത്താൻ അഭിജിത് അമൽരാജ്. ദേശീയ ചാമ്പ്യൻഷിപ്പ് വരുന്നു. ശേഷം ഏഷ്യൻ ​ഗെയിംസിനും ലോക ചാമ്പ്യൻഷിപ്പിനുമുള്ള സെലക്ഷൻ. അഭിജിത് തൊടുപുഴ വെങ്ങല്ലൂർ മുനിസിപ്പൽ സ്‍കേറ്റിങ് റിങ്കിൽ ശനിയാഴ്‍ച പരിശീലനം തുടങ്ങി. 
25 മീറ്റർ വീതിയും 50 മീറ്റർ നീളവുമുള്ള റിങ്കുകളാണ് ശരിയായ രീതിയിൽ പരിശീലനത്തിന് ആവശ്യം. എന്നാൽ നമ്മുടെ നാട്ടിൽ അത് നിലവിലില്ല. വെങ്ങല്ലൂരിലെ റിങ്കിന് 20 മീറ്റർ വീതിയും 40 മീറ്റർ നീളവുമുള്ളതിനാലാണ്‌ ഇവിടെ പരിശീലനം നടത്തുന്നതെന്ന്‌ പത്തനംതിട്ട സ്വദേശിയായ അഭിജിത്‌ പറഞ്ഞു. ദേശീയ ചാമ്പ്യൻഷിപ്പിന് കപ്പിൾ ഡാൻസിൽ പങ്കാളിയായ തമിഴ്‍നാട് സ്വദേശിനി വകാസിയ ലക്ഷ്‍മിയും ഒപ്പമുണ്ട്. 
പത്തനംതിട്ട പ്രമാടം അഭിനന്ദനത്തിൽ ബിജുരാജന്റെയും സുജയുടെയും മകനാണ്. ആലുവ മാറംപള്ളി എംഇഎസ് കോളേജിൽ അവസാനവർഷ ബികോം വിദ്യാർഥി. മൂന്നാംവയസ്സുമുതൽ സ്‍കേറ്റിങ് പരിശീലിക്കുന്ന അഭിജിത് 2019ൽ സ്‍പെയിനിൽ നടന്ന ലോക റോളർ സ്‍കേറ്റിങ് ചാമ്പ്യൻഷിപ്പിൽ സ്വർണം നേടി. 2015ൽ കൊളംബിയയിലെ ലോക ചാമ്പ്യൻഷിപ്പിൽ എട്ടാംസ്ഥാനം. രാജ്യത്തെ പ്രതിനിധീകരിച്ച ഏറ്റവും പ്രായംകുറഞ്ഞ താരമായിരുന്നു അന്ന്. 2016ൽ രാജ്യത്തെ മികച്ച ജൂനിയർ സ്‍കേറ്റർ അവാർഡ്, 2019ലെ സംസ്ഥാന സർക്കാരിന്റെ ഉജ്വലബാല്യം പുരസ്‍കാരം തുടങ്ങി അംഗീകാരങ്ങളേറെ. അവസാനമായി ​ഗുജറാത്ത് നാഷണൽ ​ഗെയിംസിൽ സ്വർണം. 2016, 17 വർഷങ്ങളിൽ ലോക ചാമ്പ്യൻഷിപ്പിൽ വെള്ളി, 2018ൽ വെങ്കല നേട്ടങ്ങളുമുണ്ട്. 
ഒളിമ്പിക്‍സിൽ സ്‍കേറ്റിങ് ഉൾപ്പെടുത്തുമ്പോൾ മെഡൽ നേടുകയാണ് ലക്ഷ്യം. അച്ഛൻ ബിജുരാജനായിരുന്നു പരിശീലകൻ. 2018മുതൽ ലോക ചാമ്പ്യനായിരുന്ന ഇറ്റലിയിലെ ലൂക്ക ഡി അലിസേരയാണ് പരിശീലകൻ. പത്തനംതിട്ടയിലെ നാഷണൽ സ്‍പോർട്സ് വില്ലേജിൽ ബിജുരാജനും സുജയും നിരവധി താരങ്ങളെ പരിശീലിപ്പിക്കുന്നുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top