18 September Thursday

ആളിക്കത്തിയ ക്രൂരത

സജി തടത്തിൽUpdated: Sunday Nov 27, 2022

പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോൾ പ്രതിഷേധിക്കുന്ന നാട്ടുകാർ

ചെറുതോണി 
തെളിവെടുപ്പിനെത്തിച്ച പ്രതിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. തോമസ് വര്‍​ഗീസിനെ(സജി) ശനി പകല്‍ മൂന്നോടെയാണ് നാരകക്കാനത്ത് എത്തിച്ചത്. കട്ടപ്പന ഡിവൈഎസ്‍പി വി എ നിഷാദ്മോന്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘമെത്തിയിരുന്നു. വിവരമറിഞ്ഞ് സമീപ പ്രദേശങ്ങളിൽനിന്ന് ജനങ്ങൾ തടിച്ചുകൂടി.  നാട്ടുകാര്‍ അക്രമാസക്തരായതോടെ പ്രതിയെ വാഹനത്തില്‍നിന്നിറക്കാന്‍ പൊലീസ് പണിപ്പെട്ടു. ഡിവൈഎസ്‍പിയുടെ നേതൃത്വത്തിൽ ചർച്ച നടത്തി നാട്ടുകാരെ ശാന്തരാക്കിയ ശേഷമാണ് പ്രതിയെ കൃത്യം നടന്ന വീട്ടിലെത്തിക്കാനായത്. 
ക്രൂരം... പെെശാചികം 
കൃത്യം നടത്തിയതെങ്ങനെയെന്ന് സങ്കോചങ്ങളില്ലാതെ പ്രതി വിവരിച്ചു. ചിന്നമ്മയെ അടിച്ചുവീഴ്‍ത്തുകയും വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്‍തശേഷം സ്വര്‍ണാഭരണങ്ങള്‍ ഊരിയെടുത്തപ്പോള്‍ ചിന്നമ്മ തന്റെ ഷര്‍ട്ടില്‍ പിടിച്ചു. അപ്പോള്‍ വീണ്ടും തലയ്‍ക്കടിച്ചു. മരിച്ചെന്ന് കരുതി കത്തിച്ചപ്പോള്‍ ചൂടേറ്റ് ചിന്നമ്മ എഴുന്നേല്‍ക്കാന്‍ ശ്രമിച്ചു. കവാത്തുകത്തി ഉപയോ​ഗിച്ച് വീണ്ടും തലയ്‍ക്കടിച്ച് വീഴ്‍ത്തി. കൊല്ലാനുപയോ​ഗിച്ച കത്തി ചിന്നമ്മയുടെ വീട്ടുമുറ്റത്തുനിന്ന്‌ കാട്ടിലേക്ക് വലിച്ചെറിഞ്ഞു. ആഭരണങ്ങള്‍ പണയംവച്ച തടിയമ്പാട്ടെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെത്തിച്ചും തെളിവെടുത്തു. 
മദ്യക്കച്ചവടവും മോഷണവും
നാല് ഡിവൈഎസ്‍പിമാരുടെ നേതൃത്വത്തിൽ നാല് ടീമുകളായി തിരിഞ്ഞായിരുന്നു അന്വേഷണം. പ്രതി തടിയമ്പാട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ സ്വർണം പണയംവച്ചതായി കണ്ടെത്തി. ഇതോടെ അന്വേഷണം പൂർണമായും സജിയിലേക്കെത്തി. ജോലിചെയ്യാൻ പൊതുവെ മടിയുള്ള സജി കുറേക്കാലം രാഷ്ട്രീയ പ്രവർത്തകനായിരുന്നു. 
 സ്വഭാവദൂഷ്യം മൂലം മറ്റുള്ളവർ അംഗീകരിക്കാതായതോടെ രാഷ്ട്രീയം വിട്ടു. പിന്നീട് ചായക്കട നടത്തി. ചായക്കടയുടെ മറവിൽ മദ്യക്കച്ചവടവും. ചായക്കട നിർത്തി പിന്നെ മദ്യക്കച്ചവടം മാത്രമായി. മദ്യപിച്ച് പതിവായി കലഹമുണ്ടാക്കിയതോടെ ഭാര്യയും രണ്ട് മക്കളും രണ്ടുവർഷം മുമ്പ് ഉപേക്ഷിച്ചു. മദ്യം വാങ്ങാൻ പണമില്ലാതെ വന്നതോടെ അയൽ വീടുകളിൽനിന്നും ചില്ലറ മോഷണങ്ങള്‍ തുടങ്ങി. സഹോദരങ്ങൾ ഇടപെട്ട് രണ്ടുമാസം മുമ്പ് ഇയാളെ ലഹരിവിമുക്ത കേന്ദ്രത്തിലാക്കി. അവിടെനിന്ന്‌ വീട്ടിലെത്തി രണ്ടാഴ്‍ചയ്‍ക്കുള്ളിലാണ് കൊലപാതകം. 
ചിന്നമ്മയെ കൊലപ്പെടുത്തിയ ശേഷം രാത്രി ഇയാൾ മദ്യം വാങ്ങി കൂട്ടുകാരോടൊപ്പം വീട്ടിൽ ആഘോഷിക്കുകയായിരുന്നെന്നും സമീപവാസികൾ പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top