25 April Thursday
മൂന്നാറിൽ ഭരണസ്തംഭനം

എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
മൂന്നാർ
യുഡിഎഫ് ഭരിക്കുന്ന മൂന്നാർ പഞ്ചായത്തിലെ വികസനമുരടിപ്പിനും ഭരണസ്തംഭനത്തിനും എതിരെ എൽഡിഎഫ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ദേവികുളം ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി കെ ബി അനിൽകുമാറിനാണ് എൽഡിഎഫ് അംഗങ്ങളായ പത്ത് പേർ ഒപ്പിട്ട പ്രമേയം നൽകിയത്.
    യുഡിഎഫിന്റെ നേതൃത്വത്തിലുള്ള ഭരണസമിതി അധികാരമേറ്റിട്ട് ഒരു വർഷം തികയുമ്പോഴും ജനക്ഷേമകരമായ പ്രവർത്തനങ്ങൾ നടപ്പാക്കാതെ സർക്കാർ അനുവദിക്കുന്ന ഫണ്ട് വകമാറ്റി ചെലവഴിക്കുന്ന സമീപനവുമാണ് സ്വീകരിച്ചത്. മൂന്നുതവണയായി പഞ്ചായത്ത് ഭരിക്കുന്ന യുഡിഎഫ് ഭരണസമിതി അഴിമതിയിൽ മുങ്ങിക്കുളിച്ചിരിക്കുകയാണ്.
    എൽഡിഎഫ് സർക്കാർ കൊണ്ടുവന്ന ലൈഫ്മിഷൻ പദ്ധതി നടപ്പാക്കാൻ ഒരു നടപടിയും സ്വീകരിച്ചില്ല. ഒരാൾക്കുപോലും വീട് നിർമിച്ചുനൽകാൻ ഭരണസമിതി തയ്യാറായില്ല. കോവിഡ് മഹാമാരിയെ പ്രതിരോധിക്കാൻ ഇടപെടുകയോ തോട്ടം മേഖലയിൽ കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഫലപ്രദമായ നടപടികൾ സ്വീകരിക്കുന്നതിനോ തയ്യാറായില്ല. പഞ്ചായത്ത് വാഹനം സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിച്ചു. വൈസ് പ്രസിഡന്റിന്‌ അനുവദിച്ച മുറി ദുരുപയോഗം ചെയ്തു. കോവിഡ് ബാധിതർക്ക് പഞ്ചായത്ത് മുഖേന നൽകിയ ഭക്ഷ്യക്കിറ്റ് വിതരണത്തിൽ പക്ഷപാത നിലപാട് സ്വീകരിച്ചതായി ആക്ഷേപമുയർന്നിരുന്നു. 21 വാർഡുകളുള്ള മൂന്നാർ പഞ്ചായത്തിൽ നിലവിൽ എൽഡിഎഫിന് പത്തും യുഡിഎഫിന് 11 സീറ്റുകളുമാണ്‌ ഉള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top