29 March Friday

ആർടി ഓഫീസുകളിൽ റെയ്‌ഡ്‌; 
കണക്കിൽപ്പെടാത്ത പണം കണ്ടെത്തി

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021

വിജിലൻസ്‌ ഉദ്യോഗസ്ഥർ തൊടുപുഴ ആർടി ഓഫീസിൽ പരിശോധന നടത്തുന്നു

 തൊടുപുഴ

ജില്ലയിൽ മോട്ടോർവാഹന വകുപ്പിന്റെ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. വിവിധയിടങ്ങളിൽനിന്ന്‌ കണക്കിൽപ്പെടാത്ത പണവും കണ്ടെടുത്തു. പല ഫയലുകളിലും ക്രമക്കേടുകളും കണ്ടെത്തി. പീരുമേട് സബ് ആർടി ഓഫീസിൽനിന്ന് കണക്കിൽപ്പെടാത്ത 65,680 രൂപ പിടിച്ചെടുത്തു. ഡെസ്‌പാച്ച്‌ രജിസ്റ്ററിൽനിന്നാണ്‌ പണം കണ്ടെത്തിയത്‌. ഇടുക്കി, അടിമാലി സബ് ആർടി ഓഫീസുകളിലെത്തിയ ഡ്രൈവിങ് സ്കൂൾ ഏജന്റുമാരിൽനിന്ന്‌ ഉറവിടം വ്യക്തമാകാത്ത പണവും കണ്ടെത്തി. 
ഇടുക്കിയിൽ 16,060 രൂപയും അടിമാലിയിൽ 58,100 രൂപയും ഏജന്റുമാരിൽനിന്ന്‌ പിടിച്ചെടുത്തു. തൊടുപുഴ, നെടുങ്കണ്ടം ഓഫീസുകളിൽ പരിശോധന നടത്തിയെങ്കിലും പണം കണ്ടെത്തിയില്ല. വെള്ളി വൈകിട്ട്‌ നാലിന്‌ ആരംഭിച്ച പരിശോധന രാത്രി എട്ടിനാണ്‌ അവസാനിച്ചത്‌. ആർടി ഓഫീസുകളിൽ വ്യാപകക്രമക്കേടുള്ളതായി പരാതി ഉയർന്നിരുന്നു. 
ഏജന്റുമാർ ഇടനിലക്കാരായി വഴിവിട്ട ഇടപാടുണ്ടെന്നും വിജിലൻസിനു മുന്നിൽ പരാതി എത്തിയിരുന്നു. ഈ സാഹചര്യത്തിലായിരുന്നു പരിശോധന. വിജിലൻസ് ഡിവൈഎസ്‌പി വി ആർ രവികുമാർ, സിഐമാരായ ടിപ്‌സൺ തോമസ്, സി വിനോദ്, മഹേഷ് പിള്ള, ജയകുമാർ എന്നിവർ പരിശോധനയ്‌ക്ക്‌ നേതൃത്വം നൽകി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top