08 December Friday

ജാനകിയും മകനും 
ഇനിയെങ്കിലും ജീവിച്ചോട്ടെ...

നന്ദു വിശ്വംഭരൻUpdated: Wednesday Sep 27, 2023

 വീടുകളുടെ അകത്തളങ്ങളിലേക്ക്‌ കാതോർത്താൽ നൂറായിരം തേങ്ങലുകളും പരിഭവങ്ങളും നിലവിളികളും കേൾക്കാം. ഉയർന്നും താഴ്‍ന്നും മുഴങ്ങി അവിടെത്തന്നെ അവസാനിച്ച കരച്ചിലുകൾ. അടുക്കളകൾ മാത്രം സാക്ഷിയായ കൊടിയ പീഡനങ്ങൾ, സർവതും ഉപേക്ഷിച്ച് ആണൊരുത്തന്റെയൊപ്പം ഇറങ്ങിത്തിരിച്ചവരുടെ നരകയാതനകൾ, മയക്കുമരുന്നിന്‌ അടിപ്പെട്ട യുവത്വത്തിന്റെ രാക്ഷസരൂപങ്ങൾ. നമ്മുടെ വീടുകൾക്കുള്ളിൽ കാര്യങ്ങൾ അത്ര ഭദ്രമല്ല. പല മണിയറകളും മൂന്നാംമുറയുടെ അലർച്ചകൾ മുഴങ്ങുന്ന ലോക്കപ്പ്‌ മുറികളെപ്പൊലെയാണ്‌. വീട്ടകങ്ങളിൽ സ്‌നേഹവും കരുണയും സ്വാസ്ഥ്യവും മാത്രമല്ല ആവശ്യത്തിന്‌ ഭക്ഷണവും വെള്ളവും പോലും ലഭിക്കാതെ നരകയാതന അനുഭവിക്കുന്നുണ്ട്‌ അനേകം ജീവിതങ്ങൾ.

കാഴ്‌ചയെ മറച്ച്‌ കെട്ടിപ്പൊക്കിയ മതിൽക്കെട്ടുകൾക്കപ്പുറത്തെ ലോകത്തെ കാഴ്‌ചകൾ നാം നാണാതെ പോവുകയും കഥകൾ നാം അറിയാതെ പോവുകയുമാണ്‌. നിരവധി പേരാണ് വനിതാ ശിശുവികസന വകുപ്പിന്റെ വനിതാ സംരക്ഷണ ഓഫീസിലും സഖി വൺ സ്റ്റോപ്പ് സെന്ററിലും അഭയം തേടിയെത്തുന്നത്. ‘ദേശാഭിമാനി’ അടുത്തദിവസങ്ങളിൽ പരിചയപ്പെടുത്തത്‌ ഇത്തരം ചില ജീവിതങ്ങളെയാണ്‌. അനേകങ്ങളിൽ ചിലത്. പങ്കുവയ്‍ക്കുന്നത് കലർപ്പില്ലാത്ത അനുഭവങ്ങൾ. പേരുകളും സ്ഥലങ്ങളും സാങ്കൽപ്പികം. കഥയും കഥാപാത്രങ്ങളുമാകും മാറുക. 
 
 
 
ജാനകിയുടെ ജീവിതമാണ്‌ ഈ കഥകളിലൊന്ന്. ഭർത്താവെന്നാൽ കൊടിയ പീഡനങ്ങൾ മാത്രമാണ്‌ ജാനകിക്ക്‌. അച്ഛനെന്നാൽ മക്കൾക്കും അങ്ങിനെ തന്നെ. ദിവസവും ഭാര്യയെും മക്കളെയും ദ്രോഹിക്കുന്ന ഒരാളുടെ കഥകൾ എത്രപുറങ്ങളിൽ പറഞ്ഞാലാണ്‌ തീരുക. ‘‘രണ്ട് കുട്ടികളായിരുന്നു എനിക്ക്. പക്ഷേ ഇപ്പോൾ മകൻ മാത്രമായി ’’–- പറഞ്ഞ് മുഴുമിപ്പിക്കാനാകാതെ ജാനകി കണ്ണീരൊപ്പുന്നു. ‘‘മൂത്തയാൾ ഭർത്താവിന്റെ പീഡനം സഹിക്കാതെ ആത്മഹത്യചെയ്തു. അതും 16ാം വയസിൽ. ഉപദ്രവം കാരണം രണ്ടാമത്തെ മകൻ പഠിപ്പുനിർത്തി. വർക്‌ഷോപ്പിൽ പണിയെടുത്താണ്‌ ഇപ്പോൾ അവൻ കുടുംബം പോറ്റുന്നത്‌. ഒരിക്കൽ അച്ഛൻ മദ്യപിച്ച് ഈ വർക്ക്‌ഷോപ്പിലുമെത്തി. മകനെ അടിച്ചുപരിക്കേൽപ്പിച്ചു. ഇപ്പോഴും മദ്യപാനിയായ ഭർത്താവിന്റെ ആക്രമണവും ഭയന്നാണ് ജീവിതം. സ്വസ്ഥമായി എന്നാണിനി ഞങ്ങൾക്ക്‌ ഉറങ്ങാനാവുക’’–- ജാനകിയുടെ ചോദ്യത്തിന്‌ ആർക്കാണ്‌ ഉത്തരം നൽകാനാവുക. ഭർത്താവിന്റെ പേരിൽ പൊലീസ് ജാമ്യമില്ലാ കേസെടുത്തിട്ടുണ്ട്.
 
ശക്തമാണ് ഡിവി ആക്‍ട് 2005
ഗാർഹിക പീഡന പരാതികൾ വനിതാസംക്ഷണ ഓഫീസർ സ്വീകരിക്കും. ശേഷം പരാതിക്കാരിയെയും എതിർകക്ഷിയെയും വിളിപ്പിച്ച്‌ സംസാരിക്കും. മധ്യസ്ഥചർച്ചയാണ് നടക്കുക. വലിയ പീഡനങ്ങൾ ഇല്ലെങ്കിൽ കൗൺസിലിങ് നൽകും. ശാരീരിക, മാനസിക, ഇലക്‍ട്രോണിക് മാധ്യമത്തിലൂടെ ഉപദ്രവം കൂടുതലാണെങ്കിൽ ഗാർഹിക സംഭവ റിപ്പോർട്ട്(ഡിഐആർ) തയാറാക്കി കോടതിയിൽ സമർപ്പിക്കും. കോടതിയിൽനിന്ന് ഡിവി ആക്‍ട് 2005 18ാം വകുപ്പ് പ്രകാരമുള്ള സംരക്ഷണം ലഭിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
-----
-----
 Top