കുമളി
വെറും കുത്തിവരയല്ല, വരകളിലൂടെ ആശയവും ഭാഷയും അനാവരണം ചെയ്‌ത് വര ഉത്സവം. പ്രീ പ്രൈമറി കുട്ടികളുടെ ആശയ രൂപീകരണം ലക്ഷ്യമാക്കിയാണ് കുമളി ഗവൺമെന്റ് ട്രൈബൽ യുപി സ്കൂളിൽ ഉത്സവം സംഘടിപ്പിച്ചത്. കുത്തിവരയിൽനിന്ന് തുടങ്ങി പ്രതീകാത്മക ചിത്രങ്ങൾ വരച്ച് പ്രീ സ്കൂൾ കുട്ടികൾ മികവ് കൈവരിക്കുകയാണ് ലക്ഷ്യം. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തിൽ സമഗ്രശിക്ഷാൻ നടത്തുന്ന പത്ത് ഉത്സവങ്ങളിൽ രണ്ടാമത്തെതാണ് വരയുത്സവം. കഥയുത്സവത്തിന്റെ തുടർച്ചയായാണ് വരയുത്സവം സംഘടിപ്പിച്ചത്. പീരുമേട് ബ്ലോക്കുതല വര ഉത്സവം കുമളി പഞ്ചായത്ത് പ്രസിഡന്റ് രജനി ബിജു ഉദ്ഘാടനം ചെയ്തു. വാർഡംഗം ശാന്തി ഷാജിമോൻ അധ്യക്ഷയായി.
ചിത്രകാരൻ കെ എ അബ്ദുൾ റസാഖിന്റെ നൂറോളം ചിത്രങ്ങളുടെ പ്രദർശനവും നടന്നു. സ്കൂൾ കുട്ടികളുടെ മാസിക പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എം സിദ്ദിഖ് പ്രകാശിപ്പിച്ചു. പീരുമേട് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ എം രമേശ്, ബിപിസിമാരായ അനീഷ് തങ്കപ്പൻ, ജോർജ് സേവിയർ, പ്രഥമാധ്യാപകൻ സി പ്രിൻസ്, സ്റ്റാഫ് സെക്രട്ടറി പി ജെ ശ്രീലാൽ എന്നിവർ സംസാരിച്ചു. കെ എ അബ്ദുൾ റസാഖ് ക്ലാസെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..