തൊടുപുഴ
തെരുവ് കച്ചവടത്തിന് കരട് നിയമാവലിയുമായി തൊടുപുഴ നഗരസഭ. വാഹന ഗതാഗതത്തിനും ജനങ്ങൾക്കും തടസമുണ്ടാക്കുന്ന വിധത്തിലും റോഡുകളുടെ പ്രാധാന്യത്തിന്റെയും വീതിയുടെയും അടിസ്ഥാനത്തിലും തെരുവ് കച്ചവട മേഖലകളെ തരംതിരിച്ച് നിയന്ത്രണം ഏർപ്പെടുത്തും. തിങ്കളാഴ്‍ച ചേർന്ന കൗൺസിൽ യോഗം നിയമാവലി അംഗീകരിച്ചു. മുൻസിപ്പൽ ബസ് സ്റ്റാൻഡുമുതൽ ഗാന്ധിസ്‍ക്വയർ വരെയും റിവർവ്യൂ റോഡ്, കാരിക്കോട് ക്ഷേത്ര പരിസരം, മൗര്യ ഹോട്ടലിന് മുൻവശം, വിമല പബ്ലിക് സ്‍കൂൾ പരിസരം എന്നിവിടങ്ങൾ തെരുവ് കച്ചവട നിരോധിത മേഖലയായി പ്രഖ്യാപിച്ചു.
അനധികൃത കച്ചവടം തടയാനും തിരിച്ചറിയൽ കാർഡിന്റെ ദുരുപയോഗം ഇല്ലാതാക്കാനും തെരുവ് കച്ചവടക്കാർക്ക് വെൻഡിങ് സർട്ടിഫിക്കറ്റ് നൽകാനും ഫീസ് ഈടാക്കാനും തീരുമാനമായി. ഇവരണ്ടുമില്ലാതെ നഗരസഭ പരിധിയിൽ തെരുവ് കച്ചവടം ചെയ്യുന്നവരെ ഒഴിപ്പിക്കും. തെരുവ് കച്ചവട ലൈസൻസിന്റെ മറവിൽ ഒന്നിലധികം ഇടങ്ങളിൽ കച്ചവടം നടത്തുന്നതിനെതിരെ കർശന നടപടിയെടുക്കും. തെരുവ് കച്ചവടത്തിനായി ഉപയോഗിക്കാവുന്ന സ്ഥലം 25 ചതുരശ്രയടിയായി നിജപ്പെടുത്തും. ഉപജീവന ഉപാധിയുടെ മറവിൽ നഗരസഭ പരിധിയിൽ നടത്തുന്ന തെരുവ് കച്ചവടങ്ങൾക്കെതിരെ നടപടിയെടുക്കും. കരട് നിയമാവലി പൊതുജനാഭിപ്രായം തേടി നഗരസഭ ഓഫീസിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒക്ടോബർ 25നകം ലഭിക്കുന്ന അഭിപ്രായങ്ങൾ കൂടി പരിഗണിച്ച് നിയമാവലി അന്തിമമാക്കും. ആക്ഷേപങ്ങൾ നഗരസഭാ സെക്രട്ടറിയെ രേഖാമൂലം അറിയിക്കണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..