24 April Wednesday

ഒരിക്കൽക്കൂടി അരങ്ങിനെ 
തൊട്ടുണർത്തി ‘അവനവൻ കടമ്പ’

വെബ് ഡെസ്‌ക്‌Updated: Monday Jun 27, 2022

‘അവനവൻ കടമ്പ’ പബ്ലിക്‌ ലൈബ്രറി മുറ്റത്തെ അക്ഷരശിൽപത്തിന്‌ മുന്നിൽ കുമാരനല്ലൂർ തന്മയ ടീം അവതരിപ്പിക്കുന്നു

കോട്ടയം 
ഒരിക്കൽക്കൂടി അരങ്ങിനെ തൊട്ടുണർത്തി പുതുതലമുറയുടെ ‘അവനവൻ കടമ്പ’ അവതരണം. പതിറ്റാണ്ടുകൾ മുമ്പ്‌  രംഗവേദികളിലെ നിരന്തര പരീക്ഷണങ്ങളിലൂടെ മലയാളനാടക പ്രസ്ഥാനത്തെയാകെ നവീകരിച്ച കുട്ടനാട്ടുകാരൻ കാവാലം നാരായണപ്പണിക്കരെ അനുസ്‌മരിക്കാനും വേദിയൊരുക്കി.  അട്ടക്കുളങ്ങര സ്കൂൾ വളപ്പിൽ 1974- –-75ൽ ജി അരവിന്ദന്റെ സംവിധാനമികവിൽ ഭരത് ഗോപി, നെടുമുടിവേണു, ജഗന്നാഥൻ, കൃഷ്ണൻകുട്ടിനായർ, നടരാജൻ, വസന്ത തുടങ്ങി പ്രശസ്തരുടെ ഒരു നിര ഒത്തൊരുമിച്ച്‌ ശ്രദ്ധേയമാക്കിയ ‘അവനവൻ കടമ്പ’യാണ് സംവിധായകൻ ജോഷി മാത്യുവിന്റെ നേതൃത്വത്തിൽ കുമാരനല്ലൂർ നവയുഗ്‌ ചിൽഡ്രൻസ്‌ തിയറ്റർ ആൻഡ്‌ മൂവി വില്ലേജി (തന്മയ) ലെ പുതുതലമുറ മിടുക്കർ ചുരുങ്ങിയ കാലത്തെ പരിശീലനം കൊണ്ട് ഒരു വാക്കോ താളമോ തെറ്റാതെ രംഗത്തവതരിപ്പിച്ചത്. 
ആട്ടപ്പണ്ടാരങ്ങളും പാട്ടുപരിഷകളും ഒരുമിച്ച്‌ സദസ്സ് കീഴടക്കി. ചിത്തിരപ്പെണ്ണിന്റെ കാത്തിരിപ്പിന്റെ ചാരുതയുള്ള ചുവടുകൾക്ക് കണിക്കൊന്നപ്പൂവിന്റെ ഭംഗി. ഇരട്ടക്കണ്ണൻ പക്കിയും വടിവേലവനും ദേശത്തുടയവനും ചേർന്നപ്പോൾ കാണികൾ ഇമ വെട്ടാതെ ഇരുന്ന് പോയി. കോട്ടയം പബ്ലിക്‌ ലൈബ്രറി വളപ്പിൽ  ശിൽപി കാനായി തീർത്ത അക്ഷരശിൽപത്തിന്‌ മുന്നിൽ നാടകം കാണാനും പ്രതികരിക്കാനും പ്രഗത്ഭരുടെ  നിര ഉണ്ടായിരുന്നു.  
കാവാലം ആറാമത്‌ അനുസ്‌മരണ യോഗം പബ്ലിക്‌ ലൈബ്രറി പ്രസിഡന്റ്‌ എബ്രഹാം ഇട്ടിച്ചെറിയ ഉദ്‌ഘാടനം ചെയ്‌തു. സതീഷ്‌ തുരുത്തി അനുസ്‌മരണ പ്രഭാഷണം നടത്തി. സംവിധായകൻ ജോഷി മാത്യു അധ്യക്ഷനായി. നടൻ പി ആർ ഹരിലാൽ, പ്രൊഫ. സിന്ധു ജോർജ്‌, ആർടിസ്‌റ്റ്‌  സുജാതൻ,  നഗരസഭ ചെയർപേഴ്‌സൺ ബിൻസി സെബാസ്‌റ്റ്യൻ, വി ജയകുമാർ, നന്തിയോട്‌  ബഷീർ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top