24 April Wednesday
എകെഎസ് സംസ്ഥാന സമ്മേളനം

നാടിൻ നേരവകാശികളുടെ ഒത്തുചേരൽ

വെബ് ഡെസ്‌ക്‌Updated: Friday May 27, 2022

 അടിമാലി

കാടിന്റെയും മണ്ണിന്റെയും നേരവകാശികളും ഉടയോരുമായ ആദിവാസി സമൂഹത്തിന്റെ സംസ്ഥാന സമ്മേളനം ഏറ്റെടുത്ത് അടിമാലി. മണ്ണിന്റെ മനസ്സും അധ്വാനമഹത്വവും തൊട്ടറിഞ്ഞ ഗോത്ര സംസ്കാരം ജീവിതമാക്കിയ സമ്മേളനം നടക്കുന്ന  മലയോര നിവാസികളുടെ അടിമാലിയും കുടികളും ഊരുകളുംകൊണ്ട് സമ്പന്നം. 
ആദിവാസി വിഭാഗങ്ങളുടെ ഈറ്റില്ലമായ ഹൈറേഞ്ചിൽ ആദ്യമായി നടക്കുന്ന സമ്മേളനത്തിന് പൊതു ജനാധിപത്യ സമൂഹത്തിന്റെയും പൂർണ പിന്തുണയുണ്ട്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ സംസ്ഥാന പ്രസിഡന്റ് ഒ ആർ കേളുവിന്റെ താൽക്കാലിക അധ്യക്ഷതയിലാണ് പ്രതിനിധി സമ്മേളന നടപടികൾ ആരംഭിച്ചത്. പ്രതിനിധികൾ പ്രകടനമായി ടൗൺചുറ്റി സമ്മേളന നഗറിൽ പ്രത്യേകം തയ്യാറാക്കിയ മണ്ഡപത്തിന് സമീപം പതാക ഉയർത്തി, പുഷ്പാർച്ചനയും നടത്തി.
 പ്രതിനിധി സമ്മേളനം മന്ത്രി കെ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അടിമാലി താരാ കലാസമിതിയുടെ സ്വാഗതഗാനത്തോടെയായിരുന്നു സമ്മേളനം ആരംഭിച്ചത്. സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി അവതരിപ്പിച്ച റിപ്പോർട്ടിന്മേൽ വിവിധ ജില്ലകളിൽനിന്നുള്ള പ്രതിനിധികൾ ചർച്ച നടത്തി. 
സമ്മേളന നടത്തിപ്പിനായി വിവിധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. ഒ ആർ കേളു എംഎൽഎ (കൺവീനർ), കെ കെ ബാബു, എ രാധ, കെ യു ബിനു (പ്രസീഡിയം), എം സി മാധവൻ (കൺവീനർ), എ പി ലാൽ, എം എൽ കിഷോർ, ദീപു ബാലൻ, ശ്യാം കിഷോർ (മിനിട്സ്), സീതാ ബാലൻ (കൺവീനർ), വി കേശവൻ, കെ ആർ രാമഭദ്രൻ, എം രാജൻ(പ്രമേയം),  പി വാസുദേവൻ(കൺവീനർ), ചിന്നുമോൾ, കെ എ ബാബു, കെ രാധ, എം കെ പ്രേമ, എസ് ചിത്രകുമാരി, പി കെ സുരേഷ്കുമാർ(ക്രഡൻഷ്യൽ ) എന്നിങ്ങനെയാണ് കമ്മിറ്റികൾ. 
എകെഎസ് നേതാക്കളെക്കൂടാതെ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ കെ ജയചന്ദ്രൻ, ജില്ലാ സെക്രട്ടറി സി വി വർഗീസ്, സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, സ്വാഗതസംഘം ഭാരവാഹികളായ കെ വി ശശി, ടി കെ ഷാജി, ചാണ്ടി പി അലക്സാണ്ടർ, ഷൈലജ സുരേന്ദ്രൻ എന്നിവരും പങ്കെടുക്കുന്നു. വൈകിട്ട് കണ്ണൂർ അലോഷിയുടെ ഗസൽ സന്ധ്യയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top