29 March Friday

വിശന്നിരിക്കേണ്ട, സാമൂഹ്യ അടുക്കള തയ്യാർ

വെബ് ഡെസ്‌ക്‌Updated: Friday Mar 27, 2020

 

 
അടിമാലി
അടച്ചുപൂട്ടൽ കാരണം ആരും പട്ടിണി ആകാതിരിക്കാനുള്ള സർക്കാരിന്റെ കരുതലിൽ സാമൂഹ്യ അടുക്കള തയ്യാറായി. അടിമാലി, വെള്ളത്തൂവൽ, മാങ്കുളം പഞ്ചായത്തുകളിലാണ് അടുക്കള തയ്യാറായത്. രാവിലെയും രാത്രിയും ചപ്പാത്തിയും ഉച്ചയ്ക്ക് ചോറുമാണ് നൽകുന്നത്. അടിമാലിയിൽ തയ്യാറാക്കിയ ഭക്ഷണപൊതികൾ അവരവരുടെ താമസസ്ഥലത്ത് എത്തിച്ചുനൽകി. 
 ഒറ്റയ്‌ക്ക് താമസിക്കുന്നവർ, അതിഥി തൊഴിലാളികൾ, തെരുവുകളിൽ കഴിയുന്നവർ എന്നിവർക്ക്‌ ഭക്ഷണം നൽകുന്നതിനുള്ള സൗകര്യമാണ് ഏർപ്പെടുത്തിയത്. പഞ്ചായത്ത് ഉദ്യോഗസ്ഥരുടെയും സന്നദ്ധ പ്രവർത്തകരുടെയും നേതൃത്വത്തിലാണ് ഭക്ഷണപ്പൊതികൾ എത്തിക്കുന്നത്. പഞ്ചായത്ത് ഓഫീസിനോടു ചേർന്ന് എല്ലാ സുരക്ഷാ മാനദണ്ഡങ്ങളും പാലിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്.
 
മൂന്നാർ 
കമ്യൂണിറ്റി അടുക്കള പദ്ധതിയുടെ ഭാഗമായി മൂന്നാർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒറ്റയ്‌ക്ക്‌ വീടുകളിൽ കഴിയുന്ന 20 പേർക്ക് ഉച്ചഭക്ഷണവും കോറന്റൈനിൽ കഴിയുന്ന 85 കുടുംബങ്ങൾക്ക് അരി, പലവ്യഞ്‌ജനങ്ങൾ അടങ്ങുന്ന കിറ്റും വിതരണംചെയ്‌തു. ദേവികുളം പഞ്ചായത്തിൽ കിടപ്പുരോഗികൾ ഉൾപ്പെടെ ഇരുപതോളം പേർക്ക്‌ ഉച്ചഭക്ഷണം വീടുകളിലെത്തിച്ച്‌ നൽകി.
 
വണ്ടൻമേട്‌
സാമൂഹ്യ അടുക്കള സംവിധാനം സജ്ജമാക്കി ചക്കുപള്ളം, അയ്യപ്പൻകോവിൽ, വണ്ടൻമേട് പഞ്ചായത്തുകൾ. ചക്കുപള്ളം പഞ്ചായത്തിൽ ഭക്ഷണം തയ്യാറാക്കാൻ അണക്കരയിലെ ഒരു ഹോട്ടലാണ് ഒരുക്കിയിരിക്കുന്നത്‌. നിലവിൽ അമ്പതോളം പേർ ആവശ്യം അറിയിച്ചിട്ടുണ്ട്. ശനിയാഴ്ചയോടെ വിതരണം ആരംഭിക്കും. വണ്ടൻമേട് പഞ്ചായത്ത് ക്യാന്റീൻ സാമൂഹ്യ അടുക്കളയായി പ്രവർത്തിക്കും. നിലവിൽ ആരും ഭക്ഷണത്തിനായി ബന്ധപ്പെട്ടിട്ടില്ല. അയ്യപ്പൻകോവിൽ പഞ്ചായത്തിൽ നിലവിൽ ഭക്ഷണം ആവശ്യപ്പെട്ട് ആരും സമീപിച്ചിട്ടില്ല.  ഭക്ഷണവിതരണത്തിനും ഐസോലേഷൻ സംവിധാനങ്ങളും സജ്ജമാണെന് പ്രസിഡന്റ്‌ എ എൽ ബാബു അറിയിച്ചു.
ഭക്ഷ്യ സംബന്ധമായ ആവശ്യത്തിനും മറ്റു അടിയന്തര സേവനങ്ങൾക്കും ബന്ധപ്പെടാം. ചക്കുപള്ളം പഞ്ചായത്ത് ഓഫീസ്: 04868 282229, പ്രസിഡന്റ്‌: 98465 92673, സെക്രട്ടറി: 94960 45093. വണ്ടൻമേട് പഞ്ചായത്ത്- പ്രസിഡന്റ് :- 97475 92985, സെക്രട്ടറി :- 94473 16309. അയ്യപ്പൻകോവിൽ പഞ്ചായത്ത് -പ്രസിഡന്റ്‌ :- 94006 44551, സെക്രട്ടറി :- 9496045091
 
വണ്ടിപ്പെരിയാർ
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ സാമൂഹ്യ അടുക്കള വെള്ളിയാഴ്ച മുതൽ വണ്ടിപ്പെരിയാർ ടൗൺഹാളിൽ പ്രവർത്തനമാരംഭിക്കും. കുടുംബശ്രീ കാറ്ററിങ് സംവിധാനം ഉപയോഗിച്ചാണ്‌ ഭക്ഷണം തയ്യാറാക്കുന്നത്‌. ഇവ നിരീക്ഷണത്തിൽ കഴിയുന്നവർക്ക് ടൂവീലറുകളിൽ 23 വാർഡുകളിലും എത്തിക്കുന്നതിന് സന്നദ്ധരായ യുവാക്കൾ അവരവരുടെ സംഘടനയുടെ ലെറ്റർ പാഡിൽ പേര് വിവരങ്ങളും മൊബൈൽ നമ്പർ സഹിതം പഞ്ചായത്ത് ഓഫീസിൽ എത്തിക്കേണ്ടതാണെന്ന് സെക്രട്ടറി അറിയിച്ചു.
 
ഏലപ്പാറ  
ഏലപ്പാറ, ഉപ്പുതറ, പെരുവന്താനം, കൊക്കയാർ പഞ്ചായത്തുകളിൽ സാമൂഹ്യ അടുക്കള ഒരുക്കി. ഏലപ്പാറയിൽ ജിയുപി സ്‌കൂളിലും ഉപ്പുതറയിൽ കരിന്തരുവി എൽപി സ്കൂളിലുമാണ്‌ പ്രവർത്തിക്കുക. പെരുവന്താനം പഞ്ചായത്തിൽ കള്ളിവയൽ സ്‌കൂൾ ഓഡിറ്റോറിയത്തിൽ സാമൂഹ്യ അടുക്കള പ്രവർത്തിക്കും. കൊക്കയാർ പഞ്ചായത്തിൽ നിരീക്ഷണത്തിലുള്ളവരുടെ വീടുകളിൽ സർക്കാർ നിർദേശപ്രകാരം ഭക്ഷ്യധാന്യ കിറ്റുകൾ എത്തിച്ചുനൽകി. 
 
തൊടുപുഴ
തൊടുപുഴ നഗരസഭയും വെള്ളിയാഴ‌്ച സാമൂഹ്യ അടുക്കള ആരംഭിക്കും. ആനക്കൂട‌് പ്രവർത്തിക്കുന്ന അമൃതാ കാറ്ററിങ്ങിന്റെ സ്ഥലത്താണ് നഗരസഭയുടെ സാമൂഹ്യ അടുക്കള. കാറ്ററിങ‌് ഉടമ അടുക്കള ഉൾപ്പെടെയുള്ള സൗകര്യങ്ങൾ വിട്ടുനൽകി. നഗരസഭാ ആരോഗ്യവിഭാഗത്തിന്റെ നേതൃത്വത്തിലായിരിക്കും പ്രവർത്തനം. നഗരസഭ പരിധിയിലെ വീടുകളിൽ നീരിക്ഷണത്തിൽ കഴിയുന്നവർക്കും ഭക്ഷണം ആവശ്യപ്പെടുന്ന മറ്റുള്ളവർക്കും മൂന്നുനേരം എത്തിച്ചുനൽകും. ഭക്ഷണം കിട്ടാതെ നഗരത്തിൽ അലയുന്നവർക്കും ലഭിക്കും. നഗരസഭ പരിധിയിൽ കുറച്ചുപേർ മാത്രമേ ഭക്ഷണം ആവശ്യപ്പെട്ടിട്ടുള്ളുവെന്നാണ‌് അധികൃതർ പറയുന്നത‌്. സിഡിഎസ് ചെയർപേഴ്‌സന്റെ നേതൃത്വത്തിലാണ് കലവറ പ്രവർത്തിക്കുക. 10 പേരടങ്ങുന്ന കർമസേന നഗരസഭയുടെ വാഹനത്തിൽ ഭക്ഷണവിതരണം നിർവഹിക്കും. ഭക്ഷണം ആവശ്യമുള്ളവർ 9961751089, 9946936355, 7994937381 എന്നീ നമ്പരുകളിലാണ‌് ബന്ധപ്പെടേണ്ടത‌്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top