18 December Thursday
ഗവർണറെ സമീപിച്ചത് അരാഷ്‌ട്രീയ സംഘടനകൾ

ഭൂ പതിവ് ഭേദ​ഗതി ബില്‍ തടയാൻ ശ്രമിക്കുന്നവർ കർഷക ശത്രുക്കൾ: എല്‍ഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023

 തൊടുപുഴ

നിയമസഭ ഐക്യകണ്‌ഠ്യേന പാസാക്കിയ ഭൂപതിവ്‌ ഭേദഗതി ബില്ലിന് അംഗീകാരം നൽകരുതെന്നാവശ്യപ്പെട്ട്‌ ഗവർണർക്ക്‌ നിവേദനം നൽകിയ ലാൻഡ് ഫ്രീഡം മൂവ്മെന്റ് ജില്ലയിലെ കർഷകരുടെ പ്രധാന ശത്രുക്കളെന്ന് എൽഡിഎഫ്. കൈയേറ്റക്കാരുടെയും കള്ളത്തടി വെട്ടുകാരുടെയും താൽപ്പര്യങ്ങൾ സംരക്ഷിക്കുകയാണ് ഇവരുടെ ലക്ഷ്യം. ചട്ടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് ബില്ലിനെതിരെ ഹാലിളകുന്നവരുടെ താൽപ്പര്യങ്ങൾ ജനം തിരിച്ചറിയണമെന്ന് നേതാക്കൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. 
മൂന്നാർ മേഖലയിൽ ഇനിയുള്ള നിർമാണങ്ങൾക്ക്‌ റവന്യു വകുപ്പിന്റെ എൻഒസി വേണമെന്നും മേഖലയിൽ ചേരേണ്ട വില്ലേജുകൾ ഏതൊക്കെയെന്ന്‌ സർക്കാർ തീരുമാനിച്ച്‌ റിപ്പോർട്ട്‌ നൽകണമെന്നും 2010 സെപ്‌തംബർ 11നാണ്‌ ഹൈക്കോടതി വിധിച്ചത്. ഇത്തരത്തിൽ വിധിയില്ലെന്നാണ് നിവേദനക്കാർ പ്രചരിപ്പിക്കുന്നത്‌. ഈ വിധിക്ക് ശേഷമുള്ള അനധികൃത നിർമാണങ്ങൾ ക്രമപ്പെടുത്തുന്നതും ഇതുവരെ നൽകിയ പട്ടയങ്ങളും ഇനി നൽകാനുള്ളവയിലും കാർഷികേതര ആവശ്യങ്ങൾക്കും ഭൂമി വിനിയോഗിക്കാൻ അവകാശം നൽകുന്നതാണ്‌ നിയമഭേദഗതി. ഇതിനെതിരെയാണ്‌ അരാഷ്‌ട്രീയ സംഘടനകൾ ഗവർണറെ സമീപിച്ചത്. ജില്ലയെ തമിഴ്‌നാടിനോട്‌ ചേർക്കണമെന്ന് നേരത്തെ ഇവർ ആവശ്യപ്പെട്ടിരുന്നു. ജില്ലയിൽ വിഘടനവാദത്തിന്‌ വിത്തുവിതച്ചവരുടെ ഗൂഢോദ്ദേശം തിരിച്ചറിയണം. 
മലക്കം മറിയുന്ന യുഡിഎഫ്
2011ൽ അധികാരത്തിൽവന്ന യുഡിഎഫ്‌ സർക്കാർ കോടതിവിധി ഉണ്ടാക്കിയ പ്രതിസന്ധി മറികടക്കാൻ ഒരു നടപടിയുമെടുത്തില്ല. 2016ലെ തെരഞ്ഞെടുപ്പ്‌ ഫലം വന്നപ്പോൾ ദേവികുളം സബ്‌ കലക്ടറായിരുന്ന കൗശികൻ മൂന്നാറിൽനിന്ന്‌ 105 കിലോ മീറ്റർ അകലെയുള്ള ഉടുമ്പൻചോല താലൂക്കിലെ ചക്കുപള്ളം അടക്കമുള്ള എട്ടുവില്ലേജുകൾ ഉൾപ്പെടുത്തി റിപ്പോർട്ട്‌ നൽകി. എൽഡിഎഫ്‌ അധികാരത്തിലെത്തിയപ്പോൾ‌ കോൺഗ്രസുകാർ നിരന്തരം കോടതികൾ കയറിയിറങ്ങി നിർമാണ നിയന്ത്രണം ജില്ലയിലും പിന്നീട്‌ സംസ്ഥാന വ്യാപകമായും ബാധകമാക്കി വിധി സമ്പാധിച്ചു. അധികാരത്തിലിരുന്നപ്പോൾ കോടതിവിധി മറികടക്കാൻ ഒന്നും ചെയ്യാതിരുന്ന യുഡിഎഫ് കർഷകർക്കിടയിൽ അരാഷ്‌ട്രീയം പ്രചരിപ്പിക്കുന്നവരുമായി ചേരുകയാണ്‌. നിയമസഭയിൽ ഐക്യകണ്‌ഠ്യേന പാസാക്കിയ നിയമത്തിനെതിരെ യുഡിഎഫിന്റെ ജില്ലയിലെ നേതാക്കളും എംപിയും പ്രചാരണം നടത്തുന്നത്‌ വിരോധാഭാസമാണ്‌. ഇതിന്‌ യുഡിഎഫ്‌, കോൺഗ്രസ്‌ സംസ്ഥാന നേതൃത്വം മറുപടി പറയണം. ഹൈറേഞ്ചിന്റെ ചരിത്രം പരിശോധിക്കുന്നവർക്ക്‌ കോൺഗ്രസും യുഡിഎഫും എക്കാലവും കർഷകവിരുദ്ധ നിലപാട് സ്വീകരിച്ചവരാണെന്ന് വ്യക്തമാകും. അമരാവതി, അയ്യപ്പൻകോവിൽ കുടിയിറക്കുൾപ്പെടെയുള്ള നടപടികളും അതിനെതിരെ നടന്ന സമരങ്ങളും ജനങ്ങൾ മറന്നിട്ടില്ല. കർഷകവിരുദ്ധ നിലപാടുമായി പോകുന്ന നിക്ഷിപ്ത താൽപ്പര്യക്കാരെ തിരിച്ചറിയണമെന്നും നേതാക്കൾ അഭ്യർഥിച്ചു. 
വാർത്താസമ്മേളനത്തിൽ എൽഡിഎഫ്‌ ജില്ലാ കൺവീനർ കെ കെ ശിവരാമൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌, കേരള കോൺഗ്രസ്‌ എം ഉന്നതാധികാര സമിതിയം​ഗം കെ ഐ ആന്റണി, ജനാധിപത്യ കേരള കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്‌ അഗസ്‌റ്റിൻ, കേരള കോൺഗ്രസ്‌ ബി സംസ്ഥാന കമ്മിറ്റിയംഗം പോൾസൺ മാത്യു, സിപിഐ എം തൊടുപുഴ വെസ്‌റ്റ്‌ ഏരിയ സെക്രട്ടറി ടി ആർ സോമൻ, കേരളാ കോൺഗ്രസ്‌ സ്‌കറിയ തോമസ്‌ വിഭാഗം സംസ്ഥാന കമ്മിറ്റിയംഗം ജയകൃഷ്‌ണൻ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top