06 December Wednesday

ഹൈറേഞ്ചില്‍ മുഖംമൂടി മോഷ്ടാക്കള്‍

വെബ് ഡെസ്‌ക്‌Updated: Tuesday Sep 26, 2023
കട്ടപ്പന
മുഖംമൂടി മോഷ്ടാക്കളുടെ ആസൂത്രിത നീക്കങ്ങളിൽ വലഞ്ഞ് പൊലീസ്. കട്ടപ്പന, ഉപ്പുതറ സ്റ്റേഷൻ പരിധികളിൽ രണ്ടുദിവസത്തിനിടെ മൂന്നിടങ്ങളിലാണ് മോഷണം നടന്നത്. മാട്ടുക്കട്ടയിലും നരിയംപാറയിലും നടന്ന മോഷണങ്ങൾ സമാനരീതിലായിരുന്നു. കണ്ണുകൾ മാത്രം കാണത്തക്കവിധത്തിൽ മുഖം മറച്ചാണ് മോഷ്ടാക്കൾ എത്തിയത്. മോഷണത്തിന് മുമ്പായി രണ്ട് സ്ഥലങ്ങളിലെയും വഴിവിളക്കുകൾ അണച്ചിരുന്നു. മുഖംമറച്ച മോഷ്ടാക്കളുടെ സിസി ടിവി ദൃശ്യങ്ങളും അന്വേഷണത്തിന് സഹായകരമാകുന്നില്ല. നരിയംപാറയിൽ ഞായർ പുലർച്ചെ പലചരക്ക് കട കുത്തിത്തുറന്ന് ഒരുലക്ഷത്തിലേറെ രൂപയാണ് മോഷ്ടാവ് കവർന്നത്. ഷട്ടറില്ലാത്ത കടയുടെ മുൻവശത്തെ ഗ്രില്ലിന്റെ ഒരുഭാഗം തകർത്താണ് ഉള്ളിൽ കടന്നത്. കടയിലെ സിസിടിവി ക്യാമറകളും ദിശ തിരിച്ചുവച്ചു.
ഉപ്പുതറ കരിന്തരുവി ശ്രീകൃഷ്ണ ഭദ്രാദേവീ ക്ഷേത്രത്തിൽനിന്ന് ഒന്നര പവൻ സ്വർണാഭരണങ്ങളും ഒരുലക്ഷത്തോളം രൂപയും ഞായർ പുലർച്ചെ മോഷണം പോയി. ഓഫീസിൽ സൂക്ഷിച്ചിരുന്ന നാല് കാണിക്കവഞ്ചിയിലെ പണവും മേശയ്ക്കുള്ളിൽ നിന്ന് ഒരുപവന്റെ മാല, നാല് താലി, പൊട്ട് എന്നിവയും മോഷ്ടിച്ചു. ശനിയാഴ്ച രണ്ട് മോഷ്ടാക്കൾ മാട്ടുക്കട്ടയിലെ പലചരക്ക് കട കുത്തിത്തുറന്ന് 2000 രൂപയോളം കവർന്നു. കഴിഞ്ഞ 19ന് ലോൺട്രി ശ്രീ അമ്മേ നാരായണ ദേവീ ക്ഷേത്രത്തിൽ നിന്ന് 12,000 രൂപയും ജൂലൈയിൽ വെള്ളിലാംകണ്ടത്ത് വീട്ടിൽ നിന്ന് എട്ടുപവനോളം സ്വർണാഭരണങ്ങളും 16,000 രൂപയും മോഷണം പോയി. 
ജൂലൈ 28ന് നരിയമ്പാറ പുതിയകാവ് ദേവി ക്ഷേത്രത്തിലെ കാണിക്കവഞ്ചി മോഷ്ടിച്ച് കടത്താൻ ശ്രമിച്ച രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മാർച്ച് എട്ടിന് കട്ടപ്പന ഇരുപതേക്കറിലെ ജൻ ഔഷധി മെഡിക്കൽ സ്റ്റോർ കുത്തിത്തുറന്ന് 5800 രൂപയും കവർന്നിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top