19 April Friday
കൃഷ്ണപിള്ള മുതൽ ധീരജ് വരെ

ജില്ലയിൽ വർഗശത്രുക്കൾ ജീവനെടുത്തത് 16 വിലപ്പെട്ട ജീവൻ

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2022
ചെറുതോണി
കമ്യൂണിസ്റ്റ് പ്രത്യാശാസ്ത്രത്തെ ജീവിതചര്യയാക്കി സാമൂഹമാറ്റത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജില്ലയിൽ വർഗശത്രുക്കൾ ജീവനെടുത്തത്‌ 16 പേരുടെ. പാർടി കെട്ടിപ്പടുക്കാൻ ത്യാഗനിർഭരമായ പ്രവർത്തനങ്ങൾ നൽകിയ ആദ്യകാല പ്രവർത്തകരെയും വിദ്യാർഥി നേതാക്കളെയും കമ്യൂണിസ്റ്റ് വിരുദ്ധർ കൊലപ്പെടുത്തിയവരുടെ പട്ടികയിലുണ്ട്‌. തൊഴിലാളികളുടെ കൂലിക്കും തൊഴിലിനും വേണ്ടി സമരം നയിച്ച യൂണിയൻ നേതാക്കളെ  തോട്ടം ഉടമകൾ തോക്കിനിരയാക്കി. ആർഎസ്എസ്,കോൺഗ്രസ് ക്രിമിനലുകൾ നേതാക്കളെ നിഷ്ഠൂരം കൊലപ്പെടുത്തി. കമ്യൂണിസ്റ്റ് പാർടി നിരോധിക്കപ്പെട്ട ഘട്ടത്തിൽ ഒളിവിൽ കഴിയവെ കെ എസ്‌ കൃഷ്‌ണപിള്ളയെ പൊലീസ് അറസ്റ്റ് ചെയ്ത് അതിഭീകരമായി മർദ്ദിച്ച് ലോക്കപ്പിലടച്ചു. പോലീസ് മർദ്ദനത്തിൽ ജീവച്ഛവമായി മാറിയ കൃഷ്ണപിള്ള 1950 നവംബർ 27ന് മരണപ്പെട്ടു. ജില്ലയുടെ ആദ്യത്തെ രക്തസാക്ഷിയാണ് കൃഷ്ണപിള്ള.
   ചെമ്മണ്ണ് എസ്റ്റേറ്റ് ഉടമകളുടെ ഗുണ്ടകൾ 1958 ജനുവരി മൂന്നിനാണ്‌ ശാമുവേൽ നാടാരെ വെട്ടിക്കൊലപ്പെടുത്തിയത്. 1958 ഒക്ടോബർ 20ന് ഹസ്സൻ റാവുത്തറും പാപ്പമ്മാളും മൂന്നാറിൽ രക്തസാക്ഷികളായി. പൊലീസ് വെടിവെപ്പിലാണ് ഇരുവരും മരണപ്പെട്ടത്. കണ്ണൻ ദേവൻ കമ്പനിക്കുവേണ്ടി പൊലീസ് നടത്തിയ വെടിവയ്പ്പിനിടെയാണ് പ്രിയനേതാക്കൾ മരിച്ചത്. 
തോട്ടം ഉടമകൾ പറഞ്ഞയച്ച ഐഎൻടിയുസി ഗുണ്ടകളുടെ കുത്തേറ്റാണ് 1968 നവംബർ 22ന് സി കെ ചെല്ലപ്പൻ മരണപ്പെട്ടത്. വണ്ടൻമേട്ടിലെ തങ്കൻ സഖാവും തോട്ടം ഉടമയുടെ ഗുണ്ടകളുടെ വെട്ടേറ്റാണ് രക്തസാക്ഷിയായത്‌. 1972 ആഗസ്‌ത്‌ 12 നായിരുന്നു സംഭവം. കഞ്ചാവ് മാഫിയയുടെ വെടിയേറ്റാണ് ഡിവൈഎഫ്‌ഐ നേതാവായിരുന്ന കാശിനാഥൻ അഞ്ചുനാട്ടിൽ കൊല്ലപ്പെട്ടത്. തോട്ടം ഉടമകളുടെ വെടിയേറ്റ് കെ കാമരാജ്  1979 ഡിസംബർ അഞ്ചിനും രാജകുമാരിയിൽ പൊലീസിന്റെ  വെടിയേറ്റ്‌ എം കെ ജോയി 1981 ഒക്ടോബർ 24നും  രക്തസാക്ഷിയായി. എം എം മണി എംഎൽഎയുടെ ഭാര്യ സഹോദരൻ  കെ എൻ തങ്കപ്പനെ ആർഎസ്എസ് സംഘമാണ് വെട്ടിക്കൊലപ്പെടുത്തിയത്. 1982 ഏപ്രിൽ 21 നായിരുന്നു ഈ സംഭവം. ഭാരത് ബന്ദ് ദിനത്തിൽ തൊടുപുഴ കീരിക്കോട് വച്ച്  നസീറിനെ കോൺഗ്രസ്സുകാർ വെട്ടിക്കൊലപ്പെടുത്തി.  ഇരട്ടയാർ ലോക്കൽ കമ്മിറ്റിയംഗമായിരുന്ന കെ കെ വിനോദിനെ 2001 മെയ് 16ന് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തി. വണ്ടിപ്പെരിയാർ ടൗണിൽ വച്ചാണ് 2003 മെയ് 31ന് ലോക്കൽ സെക്രട്ടറിയായിരുന്ന ടി  അയ്യപ്പദാസിനെ കോൺഗ്രസുകാർ കൊന്നത്.  ഐഎൻടിയുസി ജില്ലാ സെക്രട്ടറി ബാലുവിന്റെ  നേതൃത്വത്തിലുള്ള സംഘമാണ് അയ്യപ്പദാസിനെ വെട്ടിക്കൊലപ്പെടുത്തിയത്.
എസ്എഫ്ഐ ജില്ലാ വൈസ് പ്രസിഡന്റാരുന്ന അനീഷ് രാജനെ 2012 മാർച്ച് 18ന് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തി. 
മഹാരാജാസ് കോളേജ് ക്യാമ്പസിൽ എസ്ഡിപിഐ തീവ്രവാദികളാണ് അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയത്. എസ്എഫ്ഐ ജില്ലാ കമ്മിറ്റിയംഗമായിരുന്ന വട്ടവടയിലെ അഭിമന്യു 2018 ജൂലൈ ഒന്നിന്‌  മഹാരാജാസ് കോളേജിനുള്ളിൽവച്ച്‌ നെഞ്ചിൽ കത്തികുത്തി ഇറക്കുകയായിരുന്നു. നടുക്കുന്ന ഓർമ്മായായി 2022 ജനുവരി 10ന് ധീരജിനെയും അവർ കൊന്നു. സഹൃദയനും പാട്ടുകാരനും എല്ലാവർക്കും പ്രിയപ്പെട്ടവനുമായിരുന്ന ധീരജിനെ പുറത്തുനിന്നും ആയുധങ്ങളുമായെത്തിയ യൂത്ത് കോൺഗ്രസുകാർ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. നാടിന്റെ അവകാശ പോരാട്ടങ്ങൾക്കിടെയാണ്‌ ഈ വിലപ്പെട്ട ജീവനുകളെ ഇല്ലാതാക്കിയത്‌. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top