26 April Friday

ബ്ലോക്ക് പഞ്ചായത്തിന്റെ ജലസേചന പദ്ധതി 
സ്വന്തമാക്കി കോൺഗ്രസ്‌ നേതാവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Jun 26, 2022
വണ്ടൻമേട്
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തിൽ നിന്ന് യുഡിഎഫിന്റെ ഭരണകാലത്ത് അനുവദിച്ച പുറ്റടി അമ്പലമേട് ജലസേചന പദ്ധതിയിൽ വ്യാപക അഴിമതി. വണ്ടൻമേട് പഞ്ചായത്തിലെ പതിനൊന്നാം വാർഡിൽ അനുവദിച്ച പദ്ധതി ഗുണഭോക്‌താക്കൾക്ക് വിട്ട്‌ നൽകാതെ സ്വകാര്യമായി കൈവശപ്പെടുത്തിയിരിക്കുകയാണ്‌ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്.
  2018ൽ അന്നത്തെ വാർഡംഗവും നിലവിലെ കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമായ ടോണി മക്കോറ ബ്ലോക്ക് പഞ്ചായത്തിൽ നിന്നും 10 ലക്ഷം രൂപ വകയിരുത്തിയാണ്‌ സ്വന്തം പറമ്പിൽ കുളം നിർമിച്ചത്‌. ഇത്‌ പൊതുജനങ്ങൾക്ക്‌ വിട്ടുനൽകാതെ കോൺഗ്രസ്‌ നേതാവ്‌ സ്വകാര്യ ആവശ്യത്തിന് ഉപയോഗിച്ചു വരികയാണ്. ജലസേചന പദ്ധതിക്കായി കുളം അനുവദിക്കുമ്പോൾ പ്രസ്തുത സ്ഥലം ബ്ലോക്ക് പഞ്ചായത്തിൽ സറണ്ടർ ചെയ്യേണ്ടതാണ്‌. ഗുണഭോക്തൃ കമ്മിറ്റി രൂപീകരിച്ച് ഗുണഭോക്തൃ വിഹിതമായ തുക അടക്കുകയും വേണം. കൂടാതെ കൃഷി ഭവനിൽ നിന്നും അനുമതിപത്രം ഹാജരാക്കേണ്ടതും ഗുണഭോക്താക്കളുടെ ലിസ്റ്റ് സമർപ്പിക്കേണ്ടതുമാണ്. 
എന്നാൽ, ഇത്തരത്തിലുള്ള നടപടിക്രമങ്ങൾ പാലിക്കാതെയാണ് ടോണി മക്കോറയുടെ സ്വാധീനത്തിൽ പത്ത് ലക്ഷം രൂപ അന്നത്തെ യുഡിഎഫ് ഭരണസമിതി അനുവദിച്ചത്. കുടിവെള്ളത്തിനും ജലസേചനത്തിനും അമ്പലമേട് നിവാസികൾ ഏറെ ബുദ്ധിമുട്ടുമ്പോഴാണ്‌ പൊതു ആവശ്യത്തിനായി വൻ തുക മുടക്കി നിർമിച്ച കുളം കോൺഗ്രസ് നേതാവ് സ്വകാര്യമായി കൈയ്യടക്കി വച്ചിരിക്കുന്നത്‌. സമീപകാലത്ത് നടന്ന പദ്ധതി നിർവഹണങ്ങൾ സംബന്ധിച്ച ഓഡിറ്റിൽ അമ്പലമേട് ജലസേചന പദ്ധതിയിൽ വ്യാപക ക്രമക്കേടുള്ളതായി കണ്ടെത്തി. സ്വകാര്യ വ്യക്തിയെ സഹായിക്കുന്നതിനായി രൂപപ്പെടുത്തിയ പദ്ധതിയാണെന്നും ഓഡിറ്റ്‌ റിപ്പോർട്ടിൽ പരാമർശമുണ്ട്.
പ്രതിഷേധവുമായി 
ഡിവൈഎഫ്ഐ
അമ്പലമേട് ജലസേചന പദ്ധതി അന്യായമായി കൈവശപെടുത്തിയ കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ടോണി മക്കോറക്കും അഴിമതിക്ക് കൂട്ടുനിന്നവർക്കുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട്‌ ഡിവൈഎഫ്‌ഐ  പ്രതിഷേധം. വണ്ടൻമേട് ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ പ്രകടനവും പ്രതീകാത്മകമായി കുളം ഏറ്റെടുക്കലും ജില്ലാ പ്രസിഡന്റ് എസ് സുധീഷ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പദ്ധതി ജലദൗർലഭ്യം നേരിടുന്ന പുറ്റടി അമ്പലമേട് നിവാസികൾക്ക് തുറന്നു കൊടുക്കണമെന്നും ഡിവൈഎഫ്‌ഐ ആവശ്യപ്പെട്ടു. ബ്ലോക്ക് സെക്രട്ടറി എസ് രാജേഷ്, പ്രസിഡന്റ് രഞ്ജിത് കുമാർ, ജില്ലാ കമ്മറ്റിയംഗം നിത്യ മാത്യു എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top