26 April Friday
എ കെ എസ്‌ സംസ്ഥാന സമ്മേളനം

ഊരുകളുണർന്നു, മുന്നേറ്റം

വെബ് ഡെസ്‌ക്‌Updated: Thursday May 26, 2022

എകെഎസ്‌ സംസ്ഥാന സമ്മേളനത്തിന്‌ രത്നാകരൻകാണി നഗറിൽ (അടിമാലി) സ്വാഗതസംഘം ചെയർമാൻ കെ വി ശശി പതാക ഉയർത്തുന്നു

അടിമാലി
പിറന്ന മണ്ണിൽ ഉറച്ചു നിൽക്കാനും കുതിച്ച് മുന്നേറാനും പോരാടുന്ന സംഘടനയായ ആദിവാസി ക്ഷേമസമിതി അഞ്ചാം സംസ്ഥാന സമ്മേളനത്തെ വരവേറ്റ് അടിമാലി. അവകാശ പോരാട്ട നാൾവഴികളിൽ ഉജ്വല നേതൃത്വം നൽകിയവരുടേയും നാടിന് വഴികാട്ടിയായവരുടേയും സ്മൃതികുടീരത്തിൽ നിന്നും പ്രയാണമാരംഭിച്ച ജാഥകൾ സമ്മേളനവേദിയായ  അടിമാലി പഞ്ചായത്ത് മൈതാനിയിൽ സംഗമിച്ചു. അഞ്ചാം സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചുള്ള പതാക, കൊടിമര ,ദീപശിഖാ ജാഥകളാണ് ബുധൻ വൈകിട്ടോടെ ഊരുകളുടെ കേന്ദ്രത്തിൽ സംഗമിച്ചത്‌. സ്വാഗത സംഘം ചെയർമാൻ കെ വി ശശി നഗറിൽ പതാക ഉയർത്തി.  സിപിഐ എം ജില്ലാ സെ ക്രട്ടറി  സി വി വർഗീസ്‌, സ്വാഗതസംഘം ജനറൽ കൺവീനർ ടി കെ ഷാജി, ട്രഷറർ ചാണ്ടി പി അലക്‌സാണ്ടർ  എന്നിവരും പങ്കെടുത്തു.  വിവിധ ഗോത്രകലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടേയും അകമ്പടിയോടെയാണ്  അടിമാലി കാം കോ ജംങ്ഷനിൽ  ജാഥകൾ സംഗമിച്ച് സമ്മേളന നഗറിലെത്തിയത്. ചെണ്ടമേളത്തിന്റേയും അത്‌ലറ്റുകളുടെയും അകമ്പടിയോടെയാണ് ജാഥകളെ നേതാക്കളും പ്രവർത്തകരും വരവേറ്റത്.കരിമരുന്ന് പ്രയോഗവും ആവേശം പകർന്നു.വർഗ ബഹുജന സംഘടനാ പ്രവർത്തകരും പങ്കെടുത്തു.  
ബുധൻ രാവിലെ കോവിൽക്കടവ് എ സുന്ദരത്തിന്റെ  ബലികുടീരത്തിൽ നിന്നും സംസ്ഥാന ജനറൽ സെക്രട്ടറി ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്ത പതാക ജാഥ അടിമാലിയിൽ --- സംസ്ഥാന പ്രസിഡന്റ്‌ ഒ ആർ കേളു എംഎൽഎ   ഏറ്റുവാങ്ങി.  
ഇടുക്കി പദ്ധതിയുടെ വഴികാട്ടിയായ ചെമ്പൻ കൊലുമ്പൻ സമാധിയിൽ നിന്നും  ചെറുമകൻ തേനൻ ഭാസ്കരൻ കൈമാറിയ കൊടിമരം  ജില്ലാ പ്രസിഡന്റ്‌ കെ യു വിനുവിന്റെ നേതൃത്വത്തിൽ  വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിനു ശേഷം  സമ്മേളന നഗരിയിൽ സംസ്ഥാന വൈസ്‌പ്രസിഡന്റ്‌ കൃഷ്‌ണൻ ഒക്ലാവ്‌ ഏറ്റുവാങ്ങി.  കൊരങ്ങാട്ടി സി കെ ഗൗരിയുടെ സ്മൃതികുടീരത്തിൽ  കൊളുത്തിയ ദീപശിഖ  സംസ്ഥാന ജോയിൻ്റ് സെക്രട്ടറി എ കെ ബാബു ഉദ്ഘാടനം ചെയ്ത ജാഥയും വൈകിട്ടോടെ സമ്മേളനവേദിയായ പഞ്ചായത്ത് ടൗൺ ഹാളിനു സമീപം മൈതാനത്ത്‌ സംഗമിച്ചു.  ദീപശിഖ എ കെ എസ്‌ സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണിയും ഏറ്റുവാങ്ങി. അദേഹം സമ്മേളനനഗരിയിൽ ദീപം  കൊളുത്തി. ജില്ലാ ജോയിന്റ്‌ സെക്രട്ടറി കെ യു ബിനു ക്യാപ്റ്റനും ജോൺസൺ സാമുവേൽ മാനേജരുമായ കൊടിമര ജാഥ ഉദ്ഘാടന യോഗത്തിൽ ഊരുമൂപ്പൻ ടി വി രാജപ്പൻ അധ്യക്ഷനായി.കെ എ ബാബു, എം ഐ രാജൻ, എം ഐശശി, രാജൻ തുടങ്ങിയവർ പങ്കെടുത്തു.
 എ കെ എസ് ഏരിയ സെക്രട്ടറി എം ആർ ദീപു ക്യാപ്റ്റനായ ദീപശിഖാ റിലേയിൽ ഷൈല ടോമിയാണ് മാനേജർ .ഉദ്ഘാടന യോഗത്തിൽ ടി എസ് നാരായണൻ അധ്യക്ഷനായി.മാത്യു ഫിലിപ്പ്, സി ഡി ഷാജി, ഷീജാ ജോർജ്, ഗോപി രാമൻ, സുരേഷ് ബാബു എന്നിവർ സംസാരിച്ചു.
എ കെ എസ് സംസ്ഥാനകയറ്റിയംഗവും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന  എ സുന്ദരത്തിന്റെ  ബലികുടീരത്തിൽ നിന്നും ആരംഭിച്ച പതാക ജാഥയുടെ ക്യാപ്റ്റൻ  ജില്ലാ പ്രസിഡന്റ് സി രാജേന്ദ്രനായിരുന്നു. എ സുന്ദരത്തിന്റ പത്നി ഉഷാകുമാരിയാണ് പതാക കൈമാറിയത്. മാനേജർ എ ആനന്ദൻ, ഏരിയ സെക്രട്ടറി ശ്രീമുരുകൻ,  കാന്തല്ലൂർ  പഞ്ചായത്ത് പ്രസിഡന്റ് പി ടി മോഹൻ ദാസ്, ബ്ലോക്ക് പഞ്ചായത്തംഗം മീന, സിപിഐ എം ഏരിയ സെക്രട്ടറി വി സിജിമോൻ, പഞ്ചായത്ത് അംഗം രാജമ്മ, എസ്തർ , ലോക്കൽ സെക്രട്ടറി എസ് ശിവൻ രാജ്, വ്യാപാരി വ്യവസായി സമിതി ഏരിയ സെക്രട്ടറി ടി ജി അനൂപ് കുമാർ എന്നിവർ  സംസാരിച്ചു. വ്യാഴം രാവിലെ 10 ന്‌ പ്രതിനിധി സമ്മേളനം മന്ത്രി  കെ രാധാകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top