26 April Friday
ഇടുക്കി മെഡിക്കൽ കോളേജിൽ രണ്ടാം വർഷ എംബിബിഎസ്‌ അനുമതി

ചിട്ടയായ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരം: മന്ത്രി റോഷി

വെബ് ഡെസ്‌ക്‌Updated: Sunday Mar 26, 2023
ചെറുതോണി
ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് കോഴ്‌സിന് അംഗീകാരം ലഭിച്ചത് ചിട്ടയായ പ്രവർത്തനങ്ങളുടെയും കൃത്യമായ ആസൂത്രണങ്ങളുടെയും ഫലമായെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. സംസ്ഥാന സർക്കാരും ജില്ലാ ഭരണവും ആശുപത്രി വികസന സമിതിയും ഒറ്റക്കെട്ടായി പ്രവർത്തിച്ചതാണ്‌ ഫലം കണ്ടത്. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ പിന്തുണയും നിർണായകമായെന്നും മന്ത്രി പറഞ്ഞു.
മാനദണ്ഡ പ്രകാരമുള്ള ക്രമീകരണങ്ങൾ ഒരുക്കുന്നതിൽ വിട്ടുവീഴ്ച വരുത്തിയില്ല. ജില്ലയിലെ ചികിത്സാ സൗകര്യങ്ങൾ മറ്റേത് ജില്ലയെ പോലെയും ലഭ്യമാക്കാനാണ് പ്രയത്നിക്കുന്നത്.
സർക്കാരിന്റെ നിരന്തര ഇടപെടലുകളുടെ ഫലമായാണ് ഇടുക്കി മെഡിക്കൽ കോളജിൽ 100 എംബിബിഎസ് സീറ്റുകൾക്ക് നാഷണൽ മെഡിക്കൽ കമീഷന്റെ അനുമതി ലഭിച്ചത്. 50 എംബിബിഎസ് സീറ്റുകൾ ഉണ്ടായിരുന്നിടത്ത് നിന്നാണ് 100 സീറ്റുകളായി ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ ഉറച്ച പിന്തുണയാണ് ഇത് സാധ്യമാക്കിയത്‌.
രണ്ടാം വർഷ ക്ലാസുകൾ ആരംഭിക്കുന്നതിന് നാഷണൽ മെഡിക്കൽ കമീഷൻ നിർദേശിച്ച സൗകര്യങ്ങൾ സജ്ജമാക്കി വരികയാണ്. ഇടുക്കി മെഡിക്കൽ കോളേജിലൂടെ ഹൈറേഞ്ചിൽ മികച്ച ആശുപത്രി സൗകര്യം ഒരുക്കുകയാണ് ലക്ഷ്യം. തുടർ വികസന പ്രവർത്തനങ്ങൾ നടന്നു വരികയാണെന്നും മന്ത്രി അറിയിച്ചു.
17 കോടി രൂപ ചെലവിൽ നിർമിക്കുന്ന ആശുപത്രി ബ്ലോക്കിന്റെ രണ്ടാംഘട്ട നിർമാണം നടന്നുവരികയാണ്. ഇതോടൊപ്പം 73.82 കോടി ചെലവിൽ വിദ്യാർഥികൾക്കുള്ള ഹോസ്റ്റലുകൾ, സ്റ്റാഫ്‌ ക്വാർട്ടേഴ്‌സ് എന്നിവയുടെ നിർമാണവും ഉടൻ പൂർത്തിയാക്കും. മെഡിക്കൽ കോളേജിലെ വിവിധ കെട്ടിടങ്ങളിലേക്ക് എത്തിച്ചേരുന്നതിനു 18.6 കോടി രൂപയുടെ  റോഡുകൾക്കും ഭരണാനുമതി ലഭിച്ചിട്ടുണ്ട്. നിലവിൽ നൂറോളം ഡോക്ടർമാർ മെഡിക്കൽ കോളജിൽ സേവനം ചെയ്യുന്നുണ്ട്. തുടർ പ്രവേശനത്തിന് അംഗീകാരം കൂടി ലഭിച്ചതോടെ കൂടുതൽ തസ്തികകളിലേക്ക് നിയമനം നടത്തി പ്രവർത്തനം സുഗമമാക്കാൻ കഴിയുമെന്നും മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു.ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാം വർഷ എംബിബിഎസ് കോഴ്‌സിന് അംഗീകാരം ലഭിച്ചത് 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top