29 March Friday

ഇടുക്കിക്ക് മുന്നിലുള്ളത്‌ വലിയ സാധ്യതകൾ: ഡോ. തോമസ് ഐസക്

വെബ് ഡെസ്‌ക്‌Updated: Friday Feb 26, 2021

ഇടുക്കി പാക്കേജ് പ്രഖ്യാപന ചടങ്ങിൽ മന്ത്രി ഡോ. തോമസ് ഐസക്ക് സംസാരിക്കുന്നു

ഇടുക്കി 
ഇടുക്കിക്ക്‌ വലിയ സാധ്യതകളാണ് മുന്നിലുള്ളതെന്നും ഇതെല്ലാം പ്രയോജനപ്പെടുത്തുമെന്നും മന്ത്രി ഡോ. തോമസ് ഐസക്ക്‌. കട്ടപ്പനയിൽ ഇടുക്കി പാക്കേജ് പ്രഖ്യാപന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനതലത്തിൽ ജനസംഖ്യ ഉയർന്നപ്പോൾ ഇടുക്കിയിൽ കുറയുകയാണുണ്ടായത്‌. അഭ്യസ്‌തവിദ്യരായ യുവജനങ്ങൾ തൊഴിൽതേടി മറ്റിടങ്ങളിലേക്കുപോയി അവിടങ്ങളിൽ സ്ഥിരതാമസമാക്കുന്ന പ്രവണതയാണ് കാണുന്നത്‌. ഇത് ജില്ലയിലെ ജനസംഖ്യാ വളർച്ചയെ പിന്നോട്ടാക്കി. യുവജനങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയണമെങ്കിൽ ജില്ലയിൽ തൊഴിലവസരം കൂടുതലായി സൃഷ്ടിക്കണം. അതിനായി കൃഷി ഉൾപ്പെടെ പരമ്പരാഗത മേഖലയുടെ വളർച്ചയ്‌ക്കൊപ്പം ഡിജിറ്റൽ മേഖലയും വളരണമെന്നും അദ്ദേഹം പറഞ്ഞു. വലിയ ഡാറ്റാ സെന്ററുകളെല്ലാം തണുപ്പ് ആവശ്യമുള്ള സ്ഥലങ്ങളെയാണ് ആശ്രയിക്കുന്നത്. നിലവിൽ ഇന്റർനെറ്റ് ഇല്ലാത്തതാണ് ജില്ല നേരിടുന്ന വെല്ലുവിളി. കെ ഫോൺ പ്രാവർത്തികമാകുന്നതോടെ പല കമ്പനികളും ഇടുക്കിയിലെത്തും.
    ടൂറിസം കഴിഞ്ഞാൽ പിന്നെ ഇടുക്കിയുടെ ഭാവി ഈ ഡിജിറ്റൽ ഇക്കണോമിയിലേക്ക് മാറും. എല്ലാവരും ഒന്നിച്ചുനിന്നാൽ അത് നടപ്പാക്കാൻ സർക്കാർ മുന്നിലുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സുഗന്ധവ്യഞ്ജനങ്ങൾ ഉൾപ്പെടെയുള്ളവയ്‌ക്ക്‌ തറവില പ്രഖ്യാപിച്ചപ്പോഴും എങ്ങനെ നടപ്പാക്കുമെന്നതാണ് ചിലർക്ക്‌ സംശയം. ഇതിനു പരിഹാരം കാണാൻ ഉൽപ്പന്നങ്ങൾ ബ്രാൻഡ് ചെയ്യാൻ പറ്റണം. ഇവടെയാണ്‌‌ കാർബൺ ന്യൂട്രൽ ഇടുക്കി എന്ന മുദ്രാവാക്യത്തിന്റെ പ്രാധാന്യം. ഇതിനായി ജില്ലയിലെ കാർബൺ സാന്നിധ്യം കുറയ്‌ക്കാനുള്ള പദ്ധതിക്ക്‌ രൂപം നൽകും. ഇതിന്റെ ഭാഗമായി മരംനടൽ പ്രോത്സാഹിപ്പിക്കും. 
   മരംനട്ട് ജിയോ ടാഗ് ചെയ്താൽ കർഷകർക്ക് സ്ഥിരവരുമാനവുമാകും. ജില്ലയെ ഹരിതമാക്കി മാറ്റിയാൽപിന്നെ ഈ ബ്രാൻഡിന്റെ കീഴിലുള്ള ഉൽപ്പന്നങ്ങൾ വാങ്ങാൻ ലോകത്തിന്റെ ഏതുഭാഗത്തും ഇന്ന് ആൾക്കാരുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top