കുമളി
ദിവസങ്ങളായി മൂങ്കലാർ, ചെങ്കര മേഖലകളിൽ ഭീതി പടർത്തിയ പുലിയെ പിടികൂടാൻ വനംവകുപ്പ് കൂട് സ്ഥാപിച്ചു. തേക്കടി പെരിയാർ ടൈഗർ റിസർവ് വനം ഉദ്യോഗസ്ഥരെത്തി ഞായർ ഉച്ചയ്‍ക്ക് ശേഷമാണ് കൂട് വച്ചത്. ഏതാനും ദിവസം മുമ്പാണ് ചെങ്കര മേഖല വീണ്ടും പുലി ഭീതിയിലായത്. നാട്ടുകാർ പലയിടങ്ങളിലായി പലപ്പോഴായി പുലിയ കണ്ടു. വനംവകുപ്പ് അധികൃതരെത്തി സ്ഥലത്ത് ക്യാമറ സ്ഥാപിച്ചിരുന്നു.
ക്യാമറയിൽ പുലിയുടെ ചിത്രം പതിഞ്ഞതോടെ പ്രദേശവാസികൾ ഭീതിയിലായി. നിരവധി വളർത്തുമൃഗങ്ങളെ കൊന്ന പുലിയെ എത്രയും വേഗം പിടിക്കണമെന്ന ആവശ്യവും പ്രതിഷേധവും ശക്തമായി. ചെങ്കരയിൽ ദീർഘനാളുകൾക്ക് ശേഷം വളർത്തുമൃഗങ്ങളെ പുലി കൊന്നിരുന്നു. പുലിയുടെ സാന്നിധ്യം ഉറപ്പാക്കിയതോടെ പിടികൂടുന്നതിന്റെ ഭാഗമായി തേക്കടിയിൽനിന്നും കോട്ടയം ഡിഎഫ്ഐക്ക് റിപ്പോർട്ട് നൽകി. ശേഷം കഴിഞ്ഞ ദിവസമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡൻ പുലിയെ പിടികൂടാൻ ഉത്തരവിട്ടത്.
പെരിയാർ ടൈഗർ റിസർവ് അസിസ്റ്റന്റ് ഫോറസ്റ്റ് വെറ്ററിനറി ഓഫീസറുടെ സാന്നിധ്യത്തിൽ കുമളി റെയ്‍ഞ്ച് ഫോറസ്റ്റ് ഓഫീസർ, ചെല്ലാർകോവിൽ സെക്ഷൻ സ്റ്റാഫുകൾ, വാച്ചർമാർ, തേക്കടി വെറ്ററിനറി വിഭാഗം വാച്ചർമാർ എന്നിവർ ചേർന്നാണ് കൂട് സ്ഥാപിച്ചത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..