മൂലമറ്റം
മീനച്ചിൽ കുടിവെള്ള പദ്ധതിക്കായി മുട്ടം ടൗൺ ഒഴിവാക്കി നിർദ്ദിഷ്ട ഇടപ്പള്ളി ബൈപാസിലൂടെ പൈപ്പ്‍ലൈനുകൾ സ്ഥാപിക്കാൻ സാധ്യതകൾ പരിശോധിക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ. ബൈപാസിന് വേണ്ടി കണ്ടെത്തിയ സ്ഥലം പരിശോധിക്കാൻ അധികൃതർക്ക് നിർദേശം നൽകും. മുട്ടം ടൗണിലെ റോഡുകൾ വെട്ടിപ്പൊളിച്ച് പൈപ്പുകൾ സ്ഥാപിക്കാനാണ് തീരുമാനിച്ചത്. ജനം വലിയരീതിയിൽ എതിർപ്പ് പ്രകടിപ്പിച്ചു. ജനങ്ങളുടെ ആശങ്ക മന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതോടെയാണ് ഇടപെടൽ.
നഷ്ടപരിഹാരത്തിന് 12.19കോടി
പെരുമറ്റം–- ഇടപ്പള്ളി–-തോട്ടുങ്കര ബൈപാസിന് സ്ഥലം വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരം നൽകാൻ തയ്യാറാക്കിയ 12.19 കോടി രൂപയുടെ എസ്റ്റിമേറ്റ് മന്ത്രി മുഹമ്മദ് റിയാസിന്റെ ഓഫീസിന് കൈമാറി. തൊടുപുഴ ലാൻഡ് അക്യുസേഷൻ തഹസീൽദാർ, കലക്ടർ എന്നിവർ എസ്റ്റിമേറ്റ് അംഗീകരിച്ചതാണ്. പെരുമറ്റം കനാലിന് സമീപത്തുള്ള പഴയ റോഡിൽനിന്ന് ആരംഭിച്ച് എൻജിനിയറിങ് കോളേജിന് പിന്നിലൂടെ പരപ്പാൻതോടിന് കുറുകെ പ്രവേശിച്ച് തോട്ടുങ്കര പാലത്തിന് അപ്പുറത്ത് അവസാനിക്കുന്ന രീതിയിലാണ് ബൈപാസ്. 20മീറ്റർ വീതിയിലും 2.1 കിമീ നീളത്തിലുമുള്ള നാലുവരിപ്പാതയാകും നിർമിക്കുക. 2013ൽ സ്ഥലം അളന്ന് തിരിച്ച് സർവേക്കല്ല് സ്ഥാപിച്ചെങ്കിലും പിന്നീട് പൂർണമായും നിലച്ചു. സർവേക്കല്ലുകൾ പലയിടങ്ങളിലും പിഴുത് മാറ്റപ്പെട്ടു. മന്ത്രി പി എ മുഹമ്മദ് റിയാസിനെ പ്രദേശവാസികൾ തുടർ പ്രവർത്തനങ്ങൾക്കായി സമീപിച്ചിരുന്നു. ശേഷമാണ് പദ്ധതിക്ക് വീണ്ടും അനക്കം വച്ചിരിക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..