20 April Saturday

നഗരസഭയ്‌ക്ക്‌ പുതിയ കെട്ടിടവും ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കും

വെബ് ഡെസ്‌ക്‌Updated: Saturday Sep 25, 2021

 തൊടുപുഴ 

തൊടുപുഴ നഗരസഭയ്‌ക്ക്‌ പുതിയ ഓഫീസും ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കാൻ കൗൺസിൽ യോഗത്തിൽ തീരുമാനം. കെഎസ്ആർടിസി ബസ് സ്റ്റാൻഡായി താൽക്കാലികമായി പ്രവർത്തിക്കുന്ന ലോറി സ്റ്റാൻഡിലാണ് ഓഫീസും ഷോപ്പിങ് കോംപ്ലക്‌സും നിർമിക്കുക. ചെയർമാൻ സനീഷ് ജോർജ് അവതരിപ്പിച്ച പ്രമേയം കൗൺസിൽ ഐകകണ്ഠ്യേന പാസാക്കുകയായിരുന്നു. താൽക്കാലിക കെഎസ്ആർടിസി ഡിപ്പോ പുതിയ ഡിപ്പോയിലേക്ക് മാറുന്നത് അനുസരിച്ച് നിർമാണം തുടങ്ങും.
അതിന് മുന്നോടിയായി പാസായ പ്രമേയപ്രകാരം ഡിപിആർ തയ്യാറാക്കും. കൂടുതൽ പാർക്കിങ് സൗകര്യവും കൗൺസിൽ ഹാളുകളും ഓഫീസുകളും എല്ലാമടങ്ങിയ വലിയ ഷോപ്പിങ് കോംപ്ലക്‌സാണ് നഗരസഭ നിർമിക്കാൻ ഉദ്ദേശിക്കുന്നത്. ആധുനികരീതിയിലുള്ള ടെർമിനൽ പണിയുന്നതിനായി വർഷങ്ങൾക്കു മുമ്പാണ് ഡിപ്പോ ലോറി സ്റ്റാൻഡിലേക്ക് താൽക്കാലികമായി മാറ്റിസ്ഥാപിച്ചത്. പുതിയ സ്റ്റാൻഡിന്റെ പണി ഏകദേശം പൂർത്തിയായിട്ടും പ്രവർത്തനം ഇതുവരെ ആരംഭിക്കാനായിട്ടില്ല.     ഉടൻതന്നെ പുതിയ സ്റ്റാൻഡിലേക്ക് മാറ്റുമെന്നാണ് നഗരസഭയ്‌ക്ക്‌ ലഭിച്ച വിവരം. അതേസമയം പുതിയ കെട്ടിടത്തിന്റെ ഡിപിആർ പൂർത്തിയാകുന്ന മുറയ്‌ക്ക്‌ ലോറി സ്റ്റാൻഡ് ഒഴിഞ്ഞുതരേണ്ടി വരും. നഗരസഭ പുതിയ കെട്ടിടം പണിയുന്ന കാര്യം അടുത്തദിവസം ഗതാഗതമന്ത്രിയെ നേരിട്ടുകണ്ട് അറിയിക്കുമെന്ന് നഗരസഭാ ചെയർമാൻ സനീഷ് ജോർജ് പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top