24 April Wednesday

എം എം മണിക്കെതിരായ പരാമർശം വെളിപ്പെടുന്നത്‌ ലീഗിന്റെ ഫാസിസ്‌റ്റ്‌ ശൈലി: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Saturday Jun 25, 2022
ഇടുക്കി
നിറത്തിന്റെ പേരിൽ എം എം മണി എംഎൽഎക്കെതിരെ   പി കെ ബഷീർ എംഎൽഎ നടത്തിയ പരാമർശം   ലീഗ് പുലർത്തുന്ന ഫാസിസ്‌റ്റ്‌ ശൈലിക്കുദാഹരണമാണെന്നും സവർണ കാഴ്‌ചപ്പാടിൽനിന്നുള്ള അധമ ബോധമാണ്‌ വ്യക്തമാക്കുന്നതെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. സംശുദ്ധവും സുതാര്യവുമായ ആറ്‌ പതിറ്റാണ്ടിലേറെയായുള്ള  പൊതുപ്രവർത്തനത്തിന്റെ തിളക്കമാർന്ന പാരമ്പര്യമാണ്‌ തൊഴിലാളിവർഗ പാർടിയുടെ നേതാവായ എം എം മണിക്കുള്ളത്‌. മാത്രമല്ല, തീക്ഷ്‌ണവും ഉജ്വലവുമായ അവകാശ പോരാട്ടങ്ങളിലൂടെ ഉയർന്നുവന്ന പൊതു സ്വീകാര്യനായ  ജന നേതാവിനെ നിറത്തിന്റെ പേരിൽ അധിക്ഷേപിക്കുന്നത്‌ ശുദ്ധ വിവരക്കേടും വിവേക ശൂന്യവുമാണ്‌.   അവരുടെ ജീർണ ബോധത്തിൽനിന്നും പുറത്തുവന്ന അധിക്ഷേപ പരാമശം ഉണ്ടായ ഉടനെ  പൊതു സമൂഹം പുച്ഛിച്ച്‌ തള്ളുന്ന സ്ഥിതിയുണ്ടായി. വികസന നായകൻകൂടിയായ എം എം മണിയെന്ന  നേതാവിനെ കളങ്കപ്പെടുത്താമെന്ന്‌ പി കെ ബഷീറും ലീഗും  വിചാരിച്ചാൽ പ്രബുദ്ധ കേരളം അനുവദിക്കില്ല.  പരാമർശത്തിനെതിരെ നാനാ മേഖലയിൽനിന്നും ഉയർന്നുവന്ന എതിർപ്പ്‌ എം എം മണിക്കുള്ള വർധിച്ച ജനപിന്തുണയാണ്‌ കാണിക്കുന്നത്‌.  രണ്ടാമതും നിയമസഭയിലേക്ക്‌ 38,305 വോട്ടിന്റെ റെക്കൊഡ്‌ ഭൂരിപക്ഷത്തിൽ  എം എം മണിക്ക്‌ വിജയിക്കാനായി. രാഷ്‌ട്രീയ എതിരാളികളുടെപോലും പിന്തുണ ആർജിച്ചാണ്‌ മുന്നോട്ടുപോകുന്നത്‌. നിറത്തിന്റെ പേരിൽ മുമ്പ്‌ ആക്ഷേപിച്ചവരും ഒറ്റപ്പെട്ടതിനെ തുടർന്ന്‌ പിന്നീട്‌ തിരുത്തുന്ന സ്ഥിതിയുണ്ടായി. മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷൻ പാണക്കാട്‌ സാദിഖലി ശിഹാബ്‌ തങ്ങളുടെ വയനാട്‌ പര്യടന കൺവൻഷൻ വേദിയിലായിരുന്നു പി കെ ബഷീറിന്റെ ഫാസിസ്‌റ്റ്‌ ജീർണ ബോധത്തിൽനിള്ളള്ള പ്രസംഗം ഉണ്ടായത്‌. ഇത്‌ ലീഗിന്റെ അറിവോടെയാണോ എന്നും നേതൃത്വം മറുപടിപറയണമെന്നും ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top