08 May Wednesday
ജില്ലയിലെ താലൂക്ക് അദാലത്തുകൾ സമാപിച്ചു

നൊമ്പരങ്ങൾക്ക്‌ വിട, മന്ത്രിമാരുണ്ട്‌ കൂടെ

വെബ് ഡെസ്‌ക്‌Updated: Thursday May 25, 2023
ഇടുക്കി
പരാതിക്കാരുടെ വാക്കുകൾക്ക് ചെവിയോർത്തും ആശ്വാസവാക്കുകൾ ചൊല്ലിയും  മന്ത്രിമാർ ഒപ്പം നിന്നപ്പോൾ അദാലത്ത് സർക്കാരിന്റെ ജനപക്ഷ ഇടപെടലുകളുടെ നേർസാക്ഷ്യമായി. സർക്കാരിന്റെ രണ്ടാം വാർഷികാഘോഷങ്ങളുടെ ഭാഗമായി  സംഘടിപ്പിക്കുന്ന ‘കരുതലും കൈത്താങ്ങും' ഇടുക്കിതാലൂക്ക്‌തല അദാലത്തോടെ  ബുധനാഴ്‌ച സമാപിച്ചു. ചെറുതോണി ടൗൺഹാളിൽ നടന്ന അദാലത്തിൽ ഓൺലൈനായി ലഭിച്ച 326 പരാതികൾ കൂടാതെ 371 പുതിയ പരാതികളും നേരിട്ട് ലഭിച്ചു. ഇതിൽ 112 പരാതികൾ മന്ത്രിമാരായ റോഷി അഗസ്റ്റിനും വി എൻ വാസവനും അദാലത്തിൽ തീർപ്പാക്കി.
ഓൺലൈനായി നേരത്തേ ലഭിച്ച പരാതികളിൽ 157 അപേക്ഷകൾ പരിഗണന വിഷയങ്ങളിൽ ഉൾപ്പെടാത്തതായിരുന്നു. 42 അപേക്ഷകൾ നിരസിക്കുകയും ചെയ്തു. 63 എണ്ണത്തിൽ നടപടികൾ പുരോഗമിക്കുന്നു. വെള്ളക്കരം കുടിശ്ശിക മുതൽ ജനനസർട്ടിഫിക്കറ്റ് ലഭിക്കാത്തത് വരെയുളള പരാതികളാണ്‌ ഉടൻ പരിഹരിച്ചത്‌. ചെറുതോണി ടൗൺഹാളിൽ ഒട്ടേറെപ്പേരുടെ ആധികൾക്ക് വിരാമമായി. അദാലത്ത് വേദിയിൽ നേരിട്ട് ലഭിച്ച പരാതികൾക്ക് കൈപ്പറ്റ്‌ രസീത്‌ നൽകിയ ശേഷം 10 ദിവസത്തിനുള്ളിൽ നടപടികൾ സ്വീകരിച്ച് പരാതിക്കാരനെ അറിയിക്കുമെന്നു മന്ത്രിമാർ അറിയിച്ചു.
 പരാതികളിന്മേലുള്ള തുടർ നടപടികൾക്കായി റവന്യു ഡിവിഷണൽ ഓഫീസ്, താലൂക്ക് ഓഫീസ്, തദ്ദേശ ഭരണ വകുപ്പ്, സിവിൽ സപ്ലൈസ്, കൃഷി, വിദ്യാഭ്യാസം, രജിസ്ട്രേഷൻ, ഫിഷറീസ്, വാട്ടർ അതോറിറ്റി, ലേബർ, പട്ടികജാതി–-വർഗ വികസനം, വനം, മൃഗസംരക്ഷണം, സാമൂഹിക നീതി വകുപ്പ്, സർവേ, കെഎസ്ഇബി തുടങ്ങിയവ പരിഗണിച്ചു. വിവിധ വകുപ്പുകളുടെ കൗണ്ടറുകൾ രാവിലെ ഒമ്പതിന്‌ തുറന്നിരുന്നു. ജനങ്ങളുടെ പരാതികൾ അതാത് വകുപ്പുകളുടെ കൗണ്ടറുകളിലേക്ക് തിരിച്ചുവിടാൻ ഹെൽപ്പ് ഡെസ്‌കും ഒരുക്കിയിരുന്നു. 
ഉദ്ഘാടന ചടങ്ങിനൊടുവിൽ ലളിത ശിവൻ അമ്പലപ്പറമ്പിൽ, ഓമന ഗോപി ചിറകണ്ടത്തിൽ, ഓമന ചന്ദ്രൻ കുടിലിമറ്റത്തിൽ എന്നിവർക്ക് മന്ത്രിമാർ പട്ടയം നൽകി. തുടർന്ന് ഏഴുപേർക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖ വിതരണം ചെയ്തു. അദാലത്തിൽ പൂർണമായി തീർപ്പാക്കിയ പരാതിക്കാർക്കുള്ള മുൻഗണന റേഷൻകാർഡുകൾ, പ്രകൃതിക്ഷോഭ ദുരിതാശ്വാസം എന്നിവയും അദാലത്ത് ആരംഭിക്കുന്നതിന് മുമ്പ് തന്നെ വേദിയിൽവച്ച് നൽകി.
ജില്ലാ കലക്ടർ ഷീബ ജോർജ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രൻ, ജില്ലാ പഞ്ചായത്തംഗം കെ ജി സത്യൻ, സബ് കലക്ടർ ഡോ. അരുൺ എസ് നായർ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ഷൈജു പി ജേക്കബ്, ഡെപ്യൂട്ടി കലക്ടർമാരായ കെ മനോജ്, കെ പി ദീപ, ജോളി ജോസഫ്, ഇടുക്കി തഹസിൽദാർ ജോളി പി മാത്യു, ജനപ്രതിനിധികൾ, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ അദാലത്തിന് മേൽനോട്ടം വഹിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസിന്റെ  ഡോക്യുമെന്ററി പ്രദർശനവും മീഡിയാ സെന്ററും അദാലത്ത് വേദിയിൽ ഒരുക്കിയിരുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top