24 April Wednesday
ജാഥകൾ ഇന്ന്‌ സംഗമിക്കും

മണ്ണിന്റെ മക്കളുടെ സമ്മേളനത്തിന്‌ അടിമാലി ഒരുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday May 25, 2022

ആദിവാസി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സമ്മേളന നഗരിയായ അടിമാലിയിൽ തയ്യാറാക്കിയ പ്രവേശന കവാടം

അടിമാലി
കാടിന്റെയും മണ്ണിന്റെയും നേരവകാശികളായ  ആദിവാസികളുടെ സമ്മേളനത്തെ വരവേൽക്കാൻ അടിമാലി ഒരുങ്ങി. ഹൈറേഞ്ചിൽ ആദ്യമായി ചേരുന്ന സമ്മേളനം ചരിത്രമാക്കാനുളള തയാറെടുപ്പിലാണ്‌ സംഘാടകർ. പ്രതിനിധി സമ്മേളനം, വമ്പിച്ച റാലി, പൊതുസമ്മേളനം, കലാപരിപാടികൾ എന്നിവയോടെയാണ്‌ 25, 26, 27 തിയതികളിൽ സമ്മേളനം നടക്കുന്നത്‌. ഇതിനൊപ്പം  ആദിവാസി കലാരൂപങ്ങളും അരങ്ങേറും.  ജില്ലയിൽ ഏറ്റവും കൂടുതൽ ആദിവാസിക്കുടികൾ ഉള്ള മേഖലയാണ്‌ അടിമാലി. സമ്മേളന ഒരുക്കങ്ങൾ തുടങ്ങിയിട്ട്‌ ഒരുമാസത്തോളമായി. കൂടുതൽ ആദിവാസികളുള്ള സംസ്ഥാനത്തെ മൂന്നാമത്തെ ജില്ലയാണ്‌ ഇടുക്കി.  മുതുവാൻ, മന്നാൻ, ഊരാളി, ഉള്ളാടർ, അരയർ, മലയരയർ, ഹിൽപ്പുലയർ തുടങ്ങി 37 ആദിവാസി വിഭാഗങ്ങളാണ്‌ ജില്ലയിലുമുള്ളത്‌.   ആദിവാസികൾ നേരിടുന്ന പ്രശ്‌നങ്ങളും പ്രതിസന്ധികളും പരിഹാരവും സമ്മേളനം ചർച്ചചെയ്യും. ആദിവാസി ഊരുകളിലെല്ലാം പ്രചാരണ കുടിലുകൾ ഉയർന്നിട്ടുണ്ട്‌. സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള അവസാനഘട്ട പ്രവർത്തനത്തിലാണ്‌ സ്വാഗതസംഘം ഭാരവാഹികൾ. 
ജാഥകൾ എത്തുന്നത്‌ 
കലാരൂപങ്ങളുടെ 
അകമ്പടിയിൽ
 വിവിധ ഗോത്ര കലാരൂപങ്ങളുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ വിവധ ജാഥകൾ ബുധൻ വൈകിട്ട്‌  ജാഥകൾ അടിമാലി ടൗണിലെ പൊതുസമ്മേളന വേദിയിൽ സംഗമിക്കും. കോവിൽക്കടവ് എ സുന്ദരത്തിന്റെ ബലിക്കൂടീരത്തിൽ നിന്നും ആരംഭിക്കുന്ന പതാകജാഥ സംസ്ഥാന സെക്രട്ടറി ബി വിദ്യാധരൻ കാണി ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ്‌ സി രാജേന്ദ്രൻ ക്യാപ്റ്റനും  ബി ആനന്ദൻ മാനേജരുമാണ്. ജില്ലാ സെക്രട്ടറി കെ യു ബിനു ക്യാപ്റ്റനും ജോൺസൻ സാമുവേൽ മാനേജരുമായ കൊടിമരജാഥ കൃഷ്ണൻ ഒക്ലാവ് ഫ്ലാഗ് ഓഫ് ചെയ്യും. വെള്ളപ്പാറ കൊലുമ്പൻ സ്മാരകത്തിൽ നിന്നുമാണ് ജാഥ ആരംഭിക്കുന്നത്. സംസ്ഥാന കമ്മിറ്റി അംഗം സൗമ്യ സോമൻ ക്യാപ്റ്റനും  ജില്ലാ വൈസ് പ്രസിഡന്റ്‌ എം ആർ ദീപു മാനേജറുമായ ദീപശിഖ ജാഥ കൊരങ്ങാട്ടി സി കെ ഗൗരിയുടെ കുടീരത്തിൽ നിന്നുമാണ് ആരംഭിക്കുന്നത്. എകെഎസ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ ബാബു ജാഥ ഉദ്ഘാടനം ചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top