20 April Saturday

യുഡിഎഫ് നിയമസഭ തടസ്സപ്പെടുത്തിയത് 
ഭൂമിപതിവ് ബില്ല് പാസാക്കാതിരിക്കാൻ: എൽഡിഎഫ്

വെബ് ഡെസ്‌ക്‌Updated: Saturday Mar 25, 2023
ചെറുതോണി
നിയമസഭ സ്തംഭിപ്പിക്കുകയും അലങ്കോലപ്പെടുത്തുകയും ചെയ്തതിന് പിന്നിൽ കോൺഗ്രസിന്റെ നിഗൂഢ ലക്ഷ്യങ്ങളാണുള്ളതെന്ന്  ഇടതുപക്ഷ ജനാധിപത്യമുന്നണി ഇടുക്കി ജില്ലാ കമ്മിറ്റി വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭൂനിയമ ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിക്കാതിരിക്കാൻ ആസൂത്രിതമായി നടത്തിയ നീക്കമാണിത്. ദിവസങ്ങളോളം നിയമസഭ സ്തംഭിപ്പിച്ചും സ്പീക്കറിന്റെ ഓഫീസ് അക്രമിച്ചും നിരന്തരം  പ്രകോപനം സൃഷ്ടിച്ചുകൊണ്ടിരുന്നത് ഗൂഢോദ്ദേശത്തോടെയാണ്. ഭൂനിയമം ഭേദഗതി ചെയ്ത് ചട്ടങ്ങൾ മാറ്റുന്നതിലൂടെ സർക്കാരിനും എൽഡിഎഫിനും  ഉണ്ടാകുന്ന നേട്ടം തടയുക എന്ന രാഷ്ട്രീയ ഉദ്ദേശത്തോടെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിൽ നടത്തിയ ഗൂഢാലോചനയാണ് നിയമസഭയിൽ യുഡിഎഫ് നടപ്പാക്കിയത്. 
 ആർ ശങ്കറും കെ കരുണാകരനും മുഖ്യമന്ത്രിമാരായിരിക്കെ കോൺഗ്രസ് സർക്കാരുകൾ കൊണ്ടുവന്ന ജനവിരുദ്ധമായ 1964 ലെയും 1993 ലെയും ഭൂമിപതിവ് നിയമം മാറ്റുന്നതിലൂടെ എൽഡിഎഫ് സർക്കാരിനുണ്ടാകാൻ പോകുന്ന കർഷകരുടെ പിന്തുണ തടയുക എന്ന ലക്ഷ്യമാണ് അക്രമസമരത്തിലൂടെ സമ്മേളനം അട്ടിമറിച്ചതിനു പിന്നിൽ.  സംസ്ഥാനത്താകെ പട്ടയം ലഭിച്ച കൃഷിഭൂമി വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കാൻ പാടില്ലെന്നുള്ള കോൺഗ്രസ് സർക്കാർ കൊണ്ടുവന്ന നിയമം മാറ്റുന്നതിലൂടെ സംസ്ഥാനത്തെ മുഴുവൻ കർഷക ജനതയുടെയും പിന്തുണ എൽഡിഎഫിന് ലഭിക്കും. ഇപ്പോൾ തന്നെ ജനങ്ങളിൽനിന്ന് അകന്ന് കഴിഞ്ഞ യുഡിഎഫിന് ലോകസഭ  തെരഞ്ഞെടുപ്പിൽ ഇത് കനത്ത തിരിച്ചടിയാകുമെന്ന വിലയിരുത്തലാണ് യുഡിഎഫ് നിയമസഭാ സമ്മേളനത്തെ ഗുണ്ടായിസം ഉപയോഗിച്ച് അട്ടിമറിച്ചത്. എന്നാൽ, യുഡിഎഫ് ഒരുക്കിയ ചതിക്കുഴികളെ മറികടന്ന് ജനങ്ങൾക്ക് വേണ്ടി ഭൂനിയമ ഭേദഗതി നടപ്പാക്കാൻ സർക്കാർ ബദൽ സാധ്യതകൾ ആരായണമെന്നും യോഗം ആവശ്യപ്പെട്ടു. ഓർഡിനൻസിലൂടെ നിയമഭേദഗതി കൊണ്ടുവന്ന് കർഷകരെ സംരക്ഷിക്കുന്നതിനാവശ്യമായ നിയമസാധ്യതകൾ പരിശോധിക്കാൻ സർക്കാർ മുന്നോട്ടുവരണം. ഈ ആവശ്യം ഉന്നയിച്ച് ഈ മാസം 30ന് മുഖ്യമന്ത്രിയുമായി ചർച്ച നടത്തുന്നതിനും ജില്ലാ കമ്മറ്റി തീരുമാനിച്ചു. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top