20 April Saturday

മിൽമ നിയമഭേദഗതിയെ ആർക്കാണ്‌ ഭയം?

വെബ് ഡെസ്‌ക്‌Updated: Thursday Feb 25, 2021
ഇടുക്കി
പിൻവാതിൽ നിയമനമെന്ന കള്ളക്കഥയുമായി‌ പിഎസ്‌സി റാങ്ക്‌ പട്ടികയിലുള്ളവരെയും ധാരണാപത്രം കരാറെന്ന്‌ പറഞ്ഞ്‌ മത്സ്യത്തൊഴിലാളികളെയും സർക്കാരിനെതിരെ തിരിക്കാൻ ശ്രമിക്കുന്ന മലയാള മനോരമ ക്ഷീരകർഷകരെയും തെറ്റിദ്ധരിപ്പിക്കുന്നു. മിൽമയിൽ സജീവ അംഗത്വത്തിനുള്ള നിയമത്തിൽ വരുത്തിയ ഭേദഗതി ക്ഷീരകർഷകരെ പ്രതിസന്ധിയിലാക്കും എന്നാണ്‌ ബുധനാഴ്ച വാർത്ത നൽകിയത്‌. കാലിത്തീറ്റ സബ്‌സിഡി അടക്കമുള്ള ആനുകൂല്യങ്ങൾ നഷ്ടപ്പെടുമെന്ന്‌ തെറ്റിദ്ധരിപ്പിച്ച്‌ കർഷകരുടെ പ്രതികരണവും വാങ്ങിയിട്ടുണ്ട്‌. 180 ദിവസം പാൽ അളക്കുകയോ വർഷം 500 ലിറ്റർ പാൽ നൽകുകയോ ചെയ്‌താൽ മിൽമയിൽ സജീവാംഗത്വം ലഭിക്കും എന്ന വ്യവസ്ഥ‌ 180 ദിവസം പാൽ അളക്കണമെന്നും 500 ലിറ്ററിൽ കുറയരുതെന്നുമാണ്‌ ഭേദഗതി ചെയ്‌തത്‌.    പൊതുയോഗങ്ങളിൽ പങ്കെടുക്കാനും ഭരണസമിതിയിലേക്ക്‌ മത്സരിക്കാനും സജീവാംഗങ്ങൾക്കു മാത്രമേ അവസരമുള്ളൂ. എന്നാൽ, നാമമാത്ര ക്ഷീരകർഷകർക്കും കാലിത്തീറ്റ, സബ്‌സിഡി അടക്കമുള്ള എല്ലാ ആനുകൂല്യങ്ങളും തുടർന്നും ലഭിക്കും. ഇക്കാര്യം മറച്ചുവച്ചാണ്‌‌ ആനുകൂല്യം നഷ്ടപ്പെടുമെന്ന്‌ പ്രചരിപ്പിക്കുന്നത്‌. ഒരാൾക്ക്‌ മൂന്നു തവണയിൽ കൂടുതൽ ഭരണസമിതി അംഗമാകാൻ കഴിയില്ല, തുടർച്ചയായി രണ്ടു തവണ മാത്രമേ മേഖലാ യൂണിയൻ ചെയർമാനാകാൻ കഴിയൂ എന്നീ ഭേദഗതികളും വരുത്തിയിട്ടുണ്ട്‌. പശുവിനെ വളർത്താതെതന്നെ എവിടെ നിന്നെങ്കിലും 500 ലിറ്റർ പാൽ സംഘടിപ്പിച്ച്‌ നൽകി സംഘം ഭരണസമിതികളിൽ കയറിക്കൂടുന്നവർക്ക്‌ മാത്രമാണ്‌ നിയമ ഭേദഗതിമൂലം നഷ്ടമുണ്ടാകുന്നത്‌. സംഘത്തിൽ പാൽ അളക്കാതെ പ്രസിഡന്റായി പറ്റിപ്പിടിച്ചിരിക്കുന്നവരെ ഒഴിവാക്കാനും യഥാർഥ കർഷകർ ഭരണസമിതിയിൽ എത്താനും ഭേദഗതി വഴിവയ്‌ക്കും.
     മിൽമയ്‌ക്ക്‌ മൂന്ന്‌ മേഖലാ യൂണിയനുകളാണുള്ളത്‌. ആറ്‌ ജില്ലകൾ ഉൾപ്പെടുന്ന മലബാർ യൂണിയനും നാല്‌ ജില്ലകൾ വീതമുള്ള എറണാകുളം, തിരുവനന്തപുരം യൂണിയനുകളും. എറണാകുളം യൂണിയൻ യുഡിഎഫ്‌ ഭരണത്തിലാണ്‌. യുഡിഎഫ്‌ ഭരണസമിതി കാലാവധി പൂർത്തിയാക്കിയ തിരുവനന്തപുരം യൂണിയനിൽ അഡ്‌മിനിസ്‌ട്രേറ്ററാണ്‌ ഭരിക്കുന്നത്‌. മലബാർ യൂണിയൻ പതിറ്റാണ്ടുകളുടെ യുഡിഎഫ്‌ ഭരണം അവസാനിപ്പിച്ച്‌ അടുത്തിടെയാണ്‌ എൽഡിഎഫ്‌ ഭരണത്തിലേറിയത്‌. 1,600 കോടി രൂപയുടെ ലാഭത്തിലെത്തിയ ഇവിടെ ക്ഷീരകർഷകർക്ക്‌ നൽകുന്ന ഇൻസന്റീവ്‌ ഇരട്ടിയാക്കാനും ഭരണസമിതി കാലാകാലങ്ങളായി നടത്തിവന്ന വെട്ടിപ്പ്‌ തടയാനും കഴിഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top