26 April Friday

ശോകയാത്രയിൽ കർഷകനെ മർദ്ദിച്ച എംപിയും കോൺഗ്രസും മാപ്പുപറയണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jan 25, 2023
ചെറുതോണി
ശോകയാത്രയിൽ കർഷകനെ ക്രൂരമായി മർദ്ദിച്ച എംപിയും കോൺഗ്രസും ജനങ്ങളോട് മാപ്പു പറയണമെന്ന് സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. ജനപ്രതിനിധി എന്ന നിലയിൽ സമ്പൂർണ പരാജയമെന്ന് തെളിയിച്ച എംപിയുടെ ശോകയാത്രയിൽ കോൺഗ്രസ്‌ പ്രാദേശിക നേതാക്കളും പ്രവർത്തകരും അക്രമം നടത്തിയത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണ്‌.   
 ‘നാലുവർഷം നാട്ടിൽ കണ്ടില്ലല്ലോ, എവിടായിരുന്നു തെരഞ്ഞെടുപ്പ് അടുത്തപ്പോൾ വന്നതാണോ’ എന്നു ചോദിച്ചതിനാണ് എം പിയുടെ ജാഥയിലെ അംഗങ്ങൾ കർഷകനെ നിലത്തിട്ട് ചവിട്ടിയത്. ഇടുക്കി പാർലമെന്റ് മണ്ഡലത്തിലെ ഓരോ വോട്ടർമാർക്കും ചോദിക്കാനുളള ചോദ്യമാണ് രാജാക്കാട്ടെ കർഷകൻ ചോദിച്ചത്. മണ്ഡലത്തില 10 കിലോമീറ്റർ റോഡുപോലും നിർമിക്കാൻ കഴിയാത്ത എംപിയെ പെട്ടെന്ന്‌ ജാഥയിൽ കണ്ടപ്പോഴാണ് കർഷകൻ പ്രതികരിച്ചത്. താൻ കൊണ്ടുവന്ന ഒരു വികസനം പോലും ചൂണ്ടിക്കാണിക്കാനാകാതെ പരാജയം സമ്മതിച്ചാണ് എംപിയുടെ 10 ദിവസത്തെ ജാഥ അവസാനിച്ചത്.  
  മുൻ എംപി ജോയ്സ് ജോർജ് കേന്ദ്രസ്വദേശി ദർശൻ ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി 100 കോടി രൂപ അനുവദിച്ചിരുന്നു. ഈ തുക ഉപയോഗപ്പെടുത്തിയാണ് വാഗമണ്ണിൽ വിനോദസഞ്ചാര പദ്ധതി നടപ്പാക്കിയത്. പീരുമേട് കുട്ടിക്കാനത്തും ഇടുക്കി ആർച്ചു ഡാമിനോട് ചേർന്നും 11 കോടിയുടെ എക്കോലോഗും നിർമിച്ചിരുന്നു. ഡീൻ കുര്യാക്കോസിന്റെ വിനോദസഞ്ചാര രംഗത്തെ സംഭാവന വട്ടപൂജ്യമാണ്. 2018 ൽ കേന്ദ്ര സർക്കാർ അനുവദിച്ച പളനി–- ശബരിമല തീർഥാടന ഹൈവേയും പാതിവഴിയിൽ നിലച്ചു. മറയൂർ–- മൂന്നാർ, ശാന്തൻപാറ, നെടുങ്കണ്ടം, കട്ടപ്പന, കുട്ടിക്കാനം, മൂന്നുങ്കവയൽ, എരുമേലി വഴി ശബരിമലയിലെത്തുന്ന 377 കിലോമീറ്റർ വരുന്ന 2150 കോടിയുടെ ഹൈവേയാണ് ഇടുക്കിക്ക് നഷ്ടമാകുന്നത്. മൂന്ന് മണ്ഡലങ്ങളുടെ വികസന മുന്നേറ്റത്തിന് കരുത്തുപകരാൻ ദീർഘ വീഷണത്തോടെയും മുൻ എംപി കേന്ദ്രാനുമതി നേടിയെടുത്ത ഹൈവേയാണിത്‌. 
സ്പൈസസ് ബോർഡംഗം സ്ഥാനം രാജിവച്ച് ഉത്തരവാദിത്തങ്ങളിൽ നിന്ന് എംപി ഒളിച്ചോടി ജനങ്ങളെ വഞ്ചിച്ചു. ഏലം കർഷകർക്കുവേണ്ടി ഒന്നും ചെയ്‌തുമില്ല. ജനങ്ങളുടെ ജീവനോപാധികളായ ഏലം, കുരുമുളക്, റബർ, കാപ്പി തുടങ്ങിയ നാണ്യവിളകളുടെ വിലയിടിയുന്നത് കേന്ദ്രനയങ്ങളുടെ ഭാഗമായാണ്. ഇവിടെയും ഇടപെട്ടില്ല. ഒരു കേന്ദ്ര പദ്ധതിപോലും  കൊണ്ടുവരാനാകാതെ പരാജിതനായ എംപിയോട് കർഷകർ ചോദ്യം ചോദിക്കുക സ്വഭാവികമാണ്. ഇതിൽ അസഹിഷ്‌ണുതപൂണ്ട് കർഷകരെ മർദ്ദിച്ചൊതുക്കുന്ന രീതി ജനാധിപത്യത്തിന്‌ യോജിക്കുന്നതല്ല. എംപിയും കൂട്ടരും ജില്ലയിലെ മുഴുവൻ ജനങ്ങളോടും മാപ്പുപറയണമെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ് ആവശ്യപ്പെട്ടു.
  
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top