26 April Friday
മാതൃകാ പ്രീ–- പ്രൈമറി വിദ്യാലയമായി തേർഡ്‌ക്യാമ്പ്‌

ഇനി കണ്ടും കേട്ടും പഠിച്ചുവളരാം

സ്വന്തം ലേഖകൻUpdated: Sunday Oct 24, 2021

തേർഡ്ക്യാമ്പ് സർക്കാർ എൽപി സ്‌കൂൾ മാതൃകാ വിദ്യാലയ പ്രഖ്യാപനച്ചടങ്ങ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് 
ജിജി കെ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്യുന്നു

 നെടുങ്കണ്ടം

കളിയും ചിരിയുമായി ഒരു പാർക്കിലെന്നപോലെ പഠിച്ചുല്ലസിക്കാൻ തേർഡ്ക്യാമ്പ് സർക്കാർ എൽപി സ്‌കൂളിലെത്തിയാൽ മതി. സ്മാർട്ട്‌ ക്ലാസ് മുറികൾ, പ്രകൃതിയോട് ചേർന്ന് ഉന്നതനിലവാരത്തിലുള്ള പാർക്ക്, കായികക്ഷമത നിലനിർത്താൻ ഉതകുന്ന കളി ഉപകരണങ്ങൾ എന്നിവയെല്ലാം തയ്യാറാക്കുന്നുണ്ടിവിടെ. സംസ്ഥാനത്തെ ആദ്യത്തെ മാതൃകാ പ്രീ–- പ്രൈമറി വിദ്യാലയമായി ശനിയാഴ്‌ചയാണ്‌ സ്‌കൂളിനെ  പ്രഖ്യാപിച്ചത്‌. പാമ്പാടുംപാറ പഞ്ചായത്തിലെ മികച്ച എൽപി സ്കൂളായ ഇവിടെ പാമ്പാടുംപാറ, കരുണാപുരം, നെടുങ്കണ്ടം പഞ്ചായത്ത് പരിധിയിലുള്ള കുഞ്ഞുകൂട്ടുകാരാണ്‌ പഠിക്കാൻ എത്തുന്നത്‌. പഠനരീതികളോട് കൂടുതൽ ഇഴചേർന്ന് വളരാൻ ക്ലാസ് മുറികളും പരിസരവും മികവുറ്റ രീതിയിലാക്കിയിട്ടുണ്ട്‌. ഗണിത, ശാസ്ത്ര, സംഗീത, നിർമാണ മൂലകളും പ്രത്യേകമായി ഒരുക്കി നിർമാണത്തിൽ താൽപ്പര്യമുള്ളവരെ കണ്ടെത്താൻ ശിൽപ ഉദ്യാനംതന്നെ ഒരുക്കികഴിഞ്ഞു.
 മാതൃകാ വിദ്യാലയ പ്രഖ്യാപനച്ചടങ്ങ്‌ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ഉദ്‌ഘാടനം ചെയ്‌തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ അധ്യക്ഷനായി. സമഗ്രശിക്ഷ കേരള പ്രോജക്ട് ഡയറക്ടർ ഡോ. എ പി കുട്ടിക്കൃഷ്ണൻ മുഖ്യപ്രഭാഷണം നടത്തി. കരുണാപുരം പഞ്ചായത്ത് പ്രസിഡന്റ് മിനി പ്രിൻസ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ടി ഉഷാകുമാരി, ജില്ലാ കോ ഓർഡിനേറ്റർ ഡി ബിന്ദുമോൾ, ജനപ്രതിനിധികളായ വിജി അനിൽകുമാർ, സി വി ആനന്ദ്, സരിത രാജേഷ്, സതി അനിൽകുമാർ, വി സി അനിൽ, പി എസ് സുരേഷ്, മുകേഷ് മോഹൻ, സി എസ് യെശോധരൻ, ശോഭനാമ്മ ഗോപിനാഥ്, റാബി സിദ്ധിഖ്, പ്രഥമാധ്യാപിക എ എൻ ശ്രീദേവി, പിടിഎ പ്രസിഡന്റ് ആർ പ്രശാന്ത്, എംപിടിഎ പ്രസിഡന്റ് അനീഷ്‌മ മുരളി എന്നിവർ സംസാരിച്ചു. 
ക്ലാസുകൾക്കപ്പുറം പ്രകൃതിയിലേക്ക്‌
മാതൃകാ പ്രീ–- പ്രൈമറി വിദ്യാലയത്തിൽ വിദ്യാഭ്യാസത്തിലൂടെ സ്വയംപര്യാപ്തതയിൽ എത്തിക്കുകയാണ്‌ ലക്ഷ്യം. സർഗവിദ്യാലയം, പ്രകൃതി പഠനം, വെൽനെസ് പാർക്ക് എന്നിങ്ങനെ തിരിച്ചാണ് നവപാഠ്യരീതിയുടെ ക്രമീകരണം. കുരുന്നുകളിലെ കലാപരവും ഭാഷാപരവുമായ വികാസം ലക്ഷ്യമിടുന്ന സർഗവിദ്യാലയത്തിൽ സംഗീതം, ചിത്രകല, നൃത്തം, അഭിനയം, വായന, ഭാഷകൾ പരിചയപ്പെടൽ തുടങ്ങിയ പ്രവർത്തനങ്ങളാണ്‌ അവതരിപ്പിക്കുന്നത്. ഗണിതവും ശാസ്ത്രവും സംയോജിപ്പിക്കുന്ന പ്രകൃതിപഠനത്തിൽ കുട്ടികളിലെ അടിസ്ഥാന മൂല്യങ്ങൾ, ബൗദ്ധികപരമായ വളർച്ച എന്നിവ ലക്ഷ്യംവയ്ക്കുന്നു. 
കളിക്കാൻ 
റെഡിയായിക്കോ
തേർഡ്‌ക്യാമ്പ്‌ മാതൃകാ വിദ്യാലയത്തിൽ എൽകെജി, യുകെജി ക്ലാസുകളിൽ എത്തുന്ന വിദ്യാർഥികളെ വേഴാമ്പലും ഗുഹയും കൊക്കും ആടും ഒക്കെയാണ്‌ സ്വാഗതം ചെയ്യുന്നത്‌. മഹാമാരി കഴിഞ്ഞ്‌ കൂട്ടുകാരെത്തുമ്പാൾ അടിപൊളി പാർക്കും തയ്യാറാകും. ശാരീരികവും മാനസികവുമായ വളർച്ച ലക്ഷ്യംവയ്ക്കുന്ന വെൽനെസ് പാർക്കിൽ വിവിധങ്ങളായ കളികൾക്കുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. വോളിബോൾ, ഫുട്‌ബോൾ, ബാസ്‌കറ്റ് ബോൾ, ക്രിക്കറ്റ് തുടങ്ങി വിവിധതരം കളികൾക്കുള്ള ക്രമീകരണങ്ങളും ഒരുക്കിയിരിക്കുന്നു.  

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top