കുമളി
വണ്ടിപ്പെരിയാർ, കുമളി മേഖലകൾ കേന്ദ്രീകരിച്ച് നടക്കുന്ന മൃഗവേട്ടയ്‍ക്കും വന്യജീവി കുറ്റകൃത്യങ്ങൾക്കുമെതിരെ അതിർത്തി പ്രദേശങ്ങളിൽ വനംവകുപ്പ് പരിശോധനകള്‍ ശക്തമാക്കി. തങ്കമല, തൊണ്ടിയാർ, മൂലക്കയം, മാട്ടുപ്പെട്ടി, ബഥേൽ എസ്റ്റേറ്റ് ടാബർനാക്കിൾ എസ്റ്റേറ്റ്, രേവതി എസ്റ്റേറ്റ്, പെരിയാർ ടൈഗർ റിസർവ്വ് തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു കുമളി, വള്ളക്കടവ് റേഞ്ചുകളിലെ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധന.
വണ്ടിപ്പെരിയാർ കേന്ദ്രീകരിച്ച് അടുത്ത നാളുകളായി വന്യജീവി കുറ്റകൃത്യങ്ങൾ വർധിച്ചിരുന്നു. രണ്ടാഴ്ച മുമ്പ് 120കിലോ മ്ലാവിറച്ചിയുമായി നായാട്ട് സംഘത്തെ വണ്ടിപ്പെരിയാറിൽനിന്നും പിടിച്ചതാണ്. ആനക്കൊമ്പ്, മ്ലാവിന്റെ കൊമ്പ്, ചന്ദനം എന്നിവയും പിടികൂടി. കോട്ടയം ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എൻ രാജേഷ്, ഇടുക്കി ഫ്ലൈങ് സ്ക്വാഡ് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എസ് സന്ദീപ് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു പരിശോധന. സ്ഥിരമായി വന്യജീവി കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരുടെ ഡാറ്റാബേസ് തയ്യാറാക്കുകയും ഇത്തരക്കാരുമായി ബന്ധപ്പെടുന്നവരേയും വനംവകുപ്പ് നിരീക്ഷിക്കുന്നുണ്ട്. പ്രത്യേകം ആന്റിപോച്ചിങ് സ്ക്വാഡും രംഗത്തുണ്ട്. വരും ദിവസങ്ങളിലും കർശന പരിശോധന ഉണ്ടാകുമെന്ന് കുമളി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എ അനിൽകുമാർ അറിയിച്ചു. ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ ജോജി എം ജേക്കബ്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ടി ആർ ബിജു, പി കെ റെജിമോൻ, എസ് രാജൻ, ജെ വിജയകുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ, എ അനിലാൽ, എഡിൻ കിങ്സ്ലി, സായ്കഷ്ണൻ, കെ വി അഖിൽ, ഷിബു, എസ് വിനീത്, എന്നിവർ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..