06 July Wednesday
സ്കൂൾ തുറക്കൽ കർഷകർക്ക് വിൽപ്പന സമ്മർദം

കറുത്തപൊന്നിന്റെ വിലയിടിച്ചു വ്യാപാരികൾക്ക് നേട്ടം

ജോബി ജോർജ്‌Updated: Tuesday May 24, 2022
ഇടുക്കി 
വിദ്യാലയങ്ങൾ  തുറക്കുന്ന കാലയളവിൽ കുരുമുളക്‌ വിലയിടിച്ച്‌ വ്യാപാരികൾ. രണ്ടാഴ്‌ചയിലേറെയായി 500 രൂപയിൽ തന്നെയാണ്‌ വിപണം നടത്തുന്നത്‌. 
  കാലാവസ്ഥ വ്യതിയാനംമൂലം ഗണ്യമായ ഉൽപ്പാദനക്കുറവാണുള്ളത്‌. ശ്രീലങ്കൻ കലാപത്തിന്റെ പശ്ചാത്തലത്തിൽ കള്ളക്കടത്ത്‌ കുരുമുളക്‌ വരവ്‌ കുറഞ്ഞിട്ടുമുണ്ട്. കുട്ടികളുടെ സ്കൂൾഫീസടയ്ക്കാനും യൂണിഫോമിനുമൊക്കെപണം കണ്ടെത്താനായുള്ള കർഷകരുടെ വിൽപ്പന സമ്മർദ്ദം മുതലെടുത്ത്‌ ലാഭം കൊയ്യുകയാണ്‌ ഇടനിലക്കാരും വ്യാപാരികളും. വിളവെടുപ്പ്‌സമയമായ ഫെബ്രുവരി–- മാർച്ച്‌ കാലയളവിൽ 530 രൂപവരെ ലഭിച്ചിരുന്നിടത്താണ്‌ ഓഫ്‌ സീസണിൽ വിലക്കുറവ് അനുഭവപ്പെടുന്നത്‌. 
ജൈവവളത്തിനും കീടപ്രതിരോധത്തിനും വില കൂടിയ സാഹചര്യവും പണിക്കൂലിയും കഴിഞ്ഞ്‌ കാര്യമായ മിച്ചമില്ലാത്ത അവസ്ഥയിലാണ്‌ കുരുമുളക്‌ കർഷകർ. പന്നിയൂർ ഇനം കുരുമുളകുകൾക്കാകട്ടെ  ഉണങ്ങിയെടുക്കുമ്പോൾ തൂക്കക്കുറവുമുണ്ടാകും. തൂക്കക്കൂടുതലുള്ള പരമ്പരാഗത ഇനങ്ങളായ കരിമുണ്ട, നീലമുണ്ടി, ജീരകമുണ്ടി തുടങ്ങിയവയ്‌ക്ക്‌  രോഗപ്രതിരോധ ശക്തികുറവാണ്‌. ദ്രുതവാട്ടവും കേടും ബാധിക്കുന്നതിനാൽ ഹൈറേഞ്ചിൽനിന്ന് ഇവ അപ്രത്യക്ഷമായികൊണ്ടിരിക്കുകയാണ്‌. ഭൂരിഭാഗം കർഷകരും ഏലം കൃഷിയിലേക്ക്‌ തിരിയുമ്പോഴും യാതനകളനുഭവിച്ച്‌ കുരുമുളക്‌ കൃഷിനിലനിർത്തിയ കർഷകർക്കാണ്‌, ഇടനിലക്കാരടെയും വ്യാപാരികളുടെയും വിപണിയിൽനിന്നുള്ള പിൻവാങ്ങൽ പ്രതിസന്ധിയുണ്ടാക്കിയത്‌.
കോവിഡാനന്തരം ആഭ്യന്തര വിപണിയിൽ  സംസ്ഥാനത്ത്‌ ഉൽപ്പാദിപ്പിക്കുന്ന കുരുമുളകിന്‌ ആവശ്യക്കാരേറി. തൃശൂർ കേന്ദ്രീകരിച്ചുള്ള ഇറക്കുമതി ലോബി വിപണിയിലിറക്കിയ കുരുമുളകിന്‌ ഗുണമേന്മയില്ലാത്തതും ഉത്തരേന്ത്യൻ കച്ചവടക്കാരെ ഹൈറേഞ്ച്‌, വയനാടൻ കുരുമുളക്‌ വാങ്ങാൻ പ്രേരിപ്പിച്ചു. എരിവും ഔഷധഗുണവുംകൂടിയ നാടൻ കുരുമുളകാണ്‌ ആയുർവേദ മരുന്നുകൾക്കും ഉപയോഗിക്കുന്നത്‌. 
മലബാർ കുരുമുളകിന്‌ വിദേശ ഡിമാന്റുണ്ടെങ്കിലും ആവശ്യത്തിനുള്ള ചരക്ക്‌ കയറ്റുമതിക്കാരുടെ കൈയിലില്ല. ഇറക്കുമതി കുരുമുളകും നാടൻ കുരുമുളകും ഇടകലർത്തി വിൽക്കുന്ന ലോബിയാണ്‌ കർഷകരുടെ ജീവിതം വഴിമുട്ടിക്കുന്നത്‌. കുരുമുളകിന്റെ മൂല്യവർധിത ഉൽപ്പന്നങ്ങൾക്ക്‌ സൂപ്പർ മാർക്കറ്റുകളിൽ മികച്ചവിലയ്‌ക്കാണ്‌ വിറ്റുപോകുന്നത്‌.
കറുത്തപൊന്നിന്റെ 
മാറ്റുകൂട്ടാൻ
കറുത്തപൊന്നിന്റെ കഷ്ടകാലം തീർക്കാൻ മൂല്യവർധിത ഉൽപ്പന്നങ്ങൾ നിർമിക്കാൻ മികച്ച സാങ്കേതിക വിദ്യയും പരിശീലനവും ഒരുക്കണം. പച്ചക്കുരുമുളക് മിശ്രിതം, വെള്ളക്കുരുമുളക്, വെളളക്കുരുമുളകിന്റെ പൊടി, കുരുമുളക് അച്ചാറുകൾ, കുരുമുളക് തെെലം തുടങ്ങിയവയ്ക്ക് അന്താരാഷ്ട്രമാർക്കറ്റിൽ നിരവധി ആവശ്യക്കാരണുള്ളത്. സർക്കാരും സഹകരണമേഖലയും ചേർന്നുള്ള ഗവേഷണകേന്ദ്രങ്ങളും സുഗന്ധവ്യഞ്ജനപാർക്കുകളും ആരംഭിച്ചാലെ കുരുമുളക് കർഷകരുടെ പ്രശ്നങ്ങൾക്ക് ശാശ്വതപരിഹാരമാകൂ. കൂടാതെ ജില്ലയിലെ തനത് കാർഷിക വിഭവങ്ങളുപയോഗിച്ചുള്ള മൂല്യവർധിത വിപണി വിനോദ സഞ്ചാരമേഖലയ്ക്കും മുതൽക്കൂട്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top