26 April Friday
കാൽവരി മൗണ്ട്‌ ഫെസ്‌റ്റ്‌

അവശതകൾ മറന്നു... സൗഹൃദം പൂത്തു

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023

കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിച്ച വയോജന സംഗമം ജില്ലാ അസൂത്രണ സമിതി ഉപാധ്യക്ഷൻ 
സി വി വർഗീസ് ഉദ്ഘാടനം ചെയ്യുന്നു

 

 
ചെറുതോണി
വാർധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലും മറന്ന്‌ സ്നേഹ സൗഹൃദങ്ങൾ പുതുക്കാൻ അവർ ഒരുമിച്ചു. തങ്ങളുടെ കലാപരമായ കഴിവുകൾ പ്രകടിപ്പിക്കാനുള്ള വേദിയായി കാൽവരിമൗണ്ട് ടൂറിസം ഫെസ്റ്റ്. 
  ‘നമ്മളറിയാൻ' വയോജന സംഗമം ജില്ലാ അസൂത്രണ സമിതി ഉപാധ്യക്ഷൻ സി വിവർഗീസ് ഉദ്ഘാടനം ചെയ്തു. കാമാക്ഷി  മപഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി ചെയർമാൻ സോണി ചൊള്ളാമഠം അധ്യക്ഷനായി. കാമാക്ഷി പഞ്ചായത്ത് ആദ്യകാല ഭരണസമിതിയംഗം ജോൺ മൂലേപ്പറമ്പിലിനെയും 90 വയസിനു മുകളിൽ പ്രായമുള്ള ആദ്യകാല കുടിയേറ്റക്കാരായ അഞ്ച് വയോധികരെയും ചടങ്ങിൽ സി വി വർഗീസ് പൊന്നാടയണിയിച്ച് ആദരിച്ചു. 
 തിരുവാതിരക്കളി, നാടൻപാട്ട്, ശാസ്ത്രീയ സംഗീതം, പ്രച്ഛന്നവേഷം, കോമഡി സ്‌കിറ്റ്, സാരിയുടുപ്പിക്കൽ, തൊപ്പി കൈമാറൽ തുടങ്ങിയ മത്സരങ്ങളിൽ തങ്ങളുടെ പ്രായത്തെയും ശാരീരിക അവശതകളെയും വെല്ലുന്ന കലാപ്രകടനങ്ങളാണ് വയോജനങ്ങൾ കാഴ്ചവച്ചത്. ഐസിഡിഎസ് ഓഫീസർ നിജ നജീബ്  വിഷയാവതരണം നടത്തി. ഡോ. ജ്യോതിസിന്റെ നേതൃത്വത്തിൽ ആയുർവേദ നേത്ര പരിശോധന ക്യാമ്പും നടന്നു. കലാപരിപാടികളിൽ പങ്കെടുത്ത മുഴുവൻ അംഗങ്ങൾക്കും പ്രോത്സാഹന സമ്മാനവും നൽകി.
കട്ടപ്പന ബ്ലോക്ക് പഞ്ചായത്തംഗം ജോസുകുട്ടി കണ്ണമുണ്ടയിൽ, നഗരസഭാ കൗൺസിലർ ബെന്നി കുര്യൻ, കാമാക്ഷിപഞ്ചായത്ത് അംഗങ്ങളായ ഷേർലി ജോസഫ്, റെജി മുക്കാട്ട്, എക്സിബിസിഷൻ കമ്മിറ്റി കൺവീനർ ചുമ്മാർ മാത്യു, കാമാക്ഷി പഞ്ചായത്ത് സെക്രട്ടറി എം വിജയൻ, ജോൺ തോമസ് മൂലേപ്പറമ്പിൽ, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top