19 April Friday

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്: 
തീരവാസികൾക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 24, 2023
കുമളി 
മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ടുള്ള ഗവർണറുടെ നയപ്രഖ്യാപനം തീരവാസികൾക്ക്‌ ആശ്വാസമേകും. കാലഹരണപ്പെട്ട മുല്ലപ്പെരിയാർ അണക്കെട്ട്‌ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികളുടെ പശ്‌ചാത്തലത്തിലാണ്‌ തമിഴ്‌നാടിന്‌ ആവശ്യമായ വെള്ളം നൽകികൊണ്ട്‌ പുതിയ അണക്കെട്ടെന്ന ആവശ്യം പരാമർശിച്ചത്‌. 
     പഴയ സാങ്കേതിക വിദ്യയിൽ സുർക്കി മിശ്രിതം കൊണ്ട്‌ നിർമിച്ച അണക്കെട്ട്‌ 1895 ഒക്‌ടോബറിലാണ്‌ കമീഷൻ ചെയ്‌തത്‌. തെക്കൻ തമിഴ്‌നാട്ടിലെ മധുര, തേനി, ദിണ്ഡുഗൽ, ശിവഗംഗ, രാമനാഥപുരം തുടങ്ങിയ ജില്ലകളിൽ കൃഷിക്കും കുടിവെള്ളത്തിനുമായി വെള്ളം കനാൽ വെട്ടി തമിഴ്‌നാട്ടിലേക്ക്‌ വഴി തിരിച്ചുവിടാനായിരുന്നു അണക്കെട്ട്‌ നിർമിച്ചത്‌. നിർമാണഘട്ടത്തിൽ തന്നെ ഇതിന്‌ നേതൃത്വം കൊടുത്ത ബ്രിട്ടീഷ്‌ മിലിട്ടറി എൻജിനിയർ കേണൽ ജോൺ പെന്നീക്വിക്ക്‌ അമ്പത് വർഷത്തെ ആയുസാണ്‌ കണക്കാക്കത്‌. കാലാവധിക്ക്‌ശേഷം പുതിയ അണക്കെട്ട്‌ നിർമിക്കുന്നതിനുള്ള സ്ഥലവും അന്ന്‌ സർവേയിലൂടെ കണ്ടെത്തി. 
നിലവിൽ മുല്ലപ്പെരിയാർ കമീഷൻ ചെയ്‌തിട്ട്‌ 138 വർഷം പിന്നിട്ടു. പഴയ സാങ്കേതിക വിദ്യയിൽ നിർമിച്ച ഒട്ടേറെ അണക്കെട്ടുകൾ ലോകത്താകെ തകരുകയും നിരവധിയെണ്ണം ഡീ കമീഷൻ ചെയ്യുകയും ചെയ്‌തു. ഇന്ത്യയിൽ തന്നെ രാജസ്ഥാനിലെ മോർവി അണക്കെട്ട്‌ ഉദാഹരണമാണ്‌. 
1979 ൽ മോർവി അണക്കെട്ടിന്റെ തകർച്ചയെ തുടർന്നാണ്‌ ജലനിരപ്പ്‌ 136 അടിയായി കുറവ്‌ ചെയ്‌തത്‌. എന്നാൽ പിന്നീടുള്ള കോടതി വ്യവഹാരങ്ങളിൽ മാറി വന്ന യുഡിഎഫ്‌ സർക്കാരുകളുടെ ജാഗ്രതകുറവ്‌ കേസിൽ കേരളത്തിന്‌ തിരിച്ചടിയായി. 
ഇതിന്റെ തുടർച്ചയായി 2014ൽ സുപ്രീംകോടതിയുടെ ഭരണഘടന ബഞ്ച്‌ ജലനിരപ്പ്‌ 142 അടിയായി ഉയർത്തി.
കാലഹരണപ്പെട്ട അണക്കെട്ടിന്‌ എന്തെങ്കിലും സംഭവിച്ചാൽ കേരളത്തിലെ ഇടുക്കി, എറണാകുളം, കോട്ടയം, പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ സർവനാശം ഉണ്ടാകും. അതോടൊപ്പം തമിഴ്‌നാടിന്‌ വെള്ളംലഭിക്കാതെയും വരും. 
ഈ പ്രശ്‌നത്തിനുള്ള ശാശ്വത പരിഹാരമാണ്‌ പുതിയ അണക്കെട്ട്‌ നിർമിച്ച്‌ തമിഴ്‌നാടിന്‌ ആവശ്യമായ വെള്ളംനൽകുക എന്നത്‌. പ്രശ്‌നപരിഹാരത്തിനുള്ള അനുകൂലമായ രാഷ്‌ട്രീയ സാഹചര്യമാണ്‌ കേരളത്തിലും തമിഴ്‌നാട്ടിലുമുള്ളത്‌. ഈ സാഹചര്യത്തിൽ ഗവർണറുടെ പ്രഖ്യാപനം തീരവാസികൾക്ക് ശുഭപ്രതീക്ഷ നൽകുന്നു. 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top