മറയൂർ
കാന്തല്ലൂർ വെളുത്തുള്ളിക്ക് നല്ലകാലംവരവായി. വെളുത്തുള്ളി വിളവെടുപ്പിനും ഗ്രാമീണ സൗന്ദര്യവും ആസ്വദിക്കാനെത്തുന്ന സഞ്ചാരികളുമേറെ. ഓണത്തിന്‌ശേഷമുള്ള വിളവെടുപ്പിൽ 300 മുതൽ 350 രൂപ വരെയാണ് വിലലഭിക്കുന്നത്. വിളവെടുത്ത വെളുത്തുള്ളി കൃഷിയിടത്തിലോ തലച്ചുമടായി വീട്ടുമുറ്റത്ത് എത്തിച്ച് പുതയിട്ടശേഷം ദീർഘനാൾ സൂക്ഷിക്കാനുള്ളത് കറ്റകെട്ടി പുകകൊള്ളിച്ച് സൂക്ഷിക്കും.വിൽക്കാനുള്ളത് സ്ത്രീകൾ കൂട്ടമായി കൃഷിയിടത്തിൽവച്ച്‌തന്നെ കറ്റഅറുത്ത് മാറ്റി 35 കിലോഗ്രാം തൂക്കമുള്ള ചാക്കിലാക്കിസൂക്ഷിക്കും.
അഞ്ചുനാട് മലനിരകളിലെ തനതിനമായ മലപ്പൂണ്ട് എന്ന ഇനവും സിഗപ്പ്പൂണ്ട് എന്നീ വിത്തുകളാണ് ഉപയോഗിക്കുന്നത്. പാരമ്പര്യ കൃഷിയും ഭൂമിശാസ്ത്രപരമായ പ്രത്യേകതയുമുള്ള കാന്തല്ലൂർ മലനിരകളിലെ വെളുത്തുള്ളിക്ക് തൈലവും അധിക രുചിയുമുണ്ട്. ഇപ്പോൾ ഭൗമസൂചിക പദവി ലഭിച്ച അഞ്ചുനാട്ടിലെ പ്രാധാന കാർഷിക ഉൽപ്പന്നമായി മാറി. മധുരയിലെ വടുക് വെട്ടിമാർക്കറ്റാണ് തേക്കേ ഇന്ത്യയിൽ ഏറ്റവും കൂടുതൽ വെളുത്തുള്ളിവിൽപ്പനക്കായിഎത്തുന്നത്.കേരള മാർക്കറ്റിൽ 150 രൂപ വരെയാണ് ഉയർന്ന വില. എന്നാൽ, തമിഴ്നാട്ടിൽ 350 രൂപ ലഭിക്കുമെന്നതിനാൽ കർഷകർ കൂട്ടംചേർന്ന് തമിഴ്നാട്ടിലെത്തിച്ചാണ് ഇപ്പോൾ വിൽക്കുന്നത്. കൊടൈക്കനാൽ, ഊട്ടി, കുന്നൂർ, ചിന്നമന്നൂർ, പൂണ്ടി, മന്നവന്നൂർ എന്നിവിടങ്ങളിലെ കൃഷിക്ക് വിത്തായിട്ടാണ് കാന്തല്ലൂർ വെളുത്തുള്ളി ഉപയോഗിക്കുന്നത്. കാന്തല്ലൂർ വെളുത്തുള്ളിയുടെ മൂല്യവർധനവും ഉൽപ്പന്നങ്ങളും നിർമിക്കണമെന്ന ആവശ്യം കർഷകർ ഉയർത്തുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..