18 December Thursday
വിജിലന്‍സ് മിന്നല്‍ പരിശോധന

ബിവറേജസ് ഔട്ട്‍ലെറ്റില്‍ വ്യാപക സാമ്പത്തിക ക്രമക്കേട്

വെബ് ഡെസ്‌ക്‌Updated: Saturday Sep 23, 2023
ചെറുതോണി / തൊടുപുഴ
ഇടുക്കി തടിയമ്പാട് ബിവറേജസ് ഔട്ട്‍ലെറ്റിൽ വ്യാപക സാമ്പത്തിക ക്രമക്കേട്. വ്യാഴം രാത്രി നടത്തിയ മിന്നൽ പരിശോധനയിൽ ജീവനക്കാരുടെ കൈയ്യിൽനിന്ന് കണക്കിൽപ്പെടാത്ത 46,850രൂപ വിജിലൻസ് പിടികൂടി. ഔട്ട്‍ലെറ്റിലെ ജീവനക്കാർ അനധികൃതമായി ഗൂഗിൾ പേ ഉൾപ്പെടെയുള്ള പെയ്‍മെന്റ് ആപ്പുകൾ വഴി പണംവാങ്ങി ചെറുകിട കച്ചവടക്കാർക്ക് വൻതോതിൽ മദ്യം മറിച്ചുവിൽക്കുന്നതായും സ്റ്റോക്കിൽ കൃത്രിമം നടത്തുന്നതായും കണ്ടെത്തി. കിഴക്കൻ മേഖല പൊലീസ് സൂപ്രണ്ട് വി ജി വിനോദ് കുമാറിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. വ്യാഴാഴ്‍ച 14,86,350 രൂപ വിറ്റുവരവ് ലഭിക്കേണ്ട കച്ചവടമാണ് നടന്നത്. എന്നാൽ കലക്ഷൻ തുക 14,94,650 രൂപയായിരുന്നു. 8300രൂപ കൂടുതൽ. ജീവനക്കാരുടെ കൈവശമുള്ള പണം പരിശോധിച്ചപ്പോൾ ഒരു എൽഡി ക്ലാർക്കിന്റെ കൈവശം 15,600രൂപ അധികമായി കണ്ടെത്തി. ഷോപ്പ് ഇൻ ചാർജ് ഉദ്യോ​ഗസ്ഥൻ താമസിക്കുന്ന മുറിയിൽനിന്ന് 15,950രൂപയും കമ്പനികളിൽനിന്ന് കമീഷൻ ലഭിക്കുന്ന കണക്കുകൾ സൂക്ഷിക്കുന്ന ഡയറിയും ലഭിച്ചു. ജീവനക്കാരുടെ വാഹനങ്ങൾ പരിശോധിച്ചപ്പോൾ ഒരാളുടെ കാറിൽനിന്ന് കണക്കിൽപ്പെടാത്ത 7000രൂപയും പിടിച്ചെടുത്തു. നാലു ജീവനക്കാരുടെ ​ഗൂ​ഗിൾപേ അക്കൗണ്ടിലേക്ക് അനധികൃതമായി പണമിടപാടുകൾ നടന്നതായും കണ്ടെത്തി. മദ്യത്തിന്റെയും ബീയറിന്റെയും സ്റ്റോക്കിലും വ്യത്യാസമുണ്ടെന്ന് ബോധ്യപ്പെട്ടു. വിജിലൻസ് സംഘമെത്തിയപ്പോൾ ജീവനക്കാരിലൊരാൾ ഓടി രക്ഷപ്പെട്ടു. പിടിച്ചെടുത്ത പണം ട്രഷറിയിൽ അടയ്‍ക്കുമെന്നും അധികൃതർ പറഞ്ഞു. ക്രമക്കേടുകൾ സംബന്ധിച്ച് റിപ്പോർട്ട് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കും.
 ഇടുക്കി യൂണിറ്റ് ഡിവൈഎസ്‍പി ഷാജു ജോസിന്റെ നിർദേശാനുസരണം നടത്തിയ പരിശോധനയിൽ സിഐ അജിത്കുമാർ, എസ്ഐ ഇ എ മുഹമ്മദ്, എഎസ്ഐ ബേസിൽ പി ഐസക്, എസ്‍സിപിഒമാരായ കൃഷ്ണകുമാർ, ദിലീപ് കുമാർ, സിപിഓമാരായ സന്ദീപ് ദത്തൻ, ശ്രീജിത്ത് കൃഷ്ണൻ എന്നിവരടങ്ങിയ സംഘമാണ് പരിശോധനയ്‍ക്കെത്തിയത്. രാത്രി 8.30ന് ആരംഭിച്ച പരിശോധന മണിക്കൂറുകൾ നീണ്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top