25 April Thursday

കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ആവേശത്തുടക്കം

വെബ് ഡെസ്‌ക്‌Updated: Friday Sep 23, 2022
നെടുങ്കണ്ടം
ഉജ്വലങ്ങളായ കർഷക പോരാട്ടങ്ങൾക്ക്‌ വേദിയായ കുടിയേറ്റ മണ്ണിൽ കർഷകസംഘം ജില്ലാ സമ്മേളനത്തിന്‌ ആവേശത്തുടക്കം. പട്ടയ സമരങ്ങളും പട്ടിണി മാർച്ചും പട്ടംകോളനി സംരക്ഷണ പ്രക്ഷോഭങ്ങളും കൊണ്ട്‌ ചുവന്ന മണ്ണായ നെടുങ്കണ്ടത്ത്‌ വിജയദാസ് നഗറിൽ ( നെടുങ്കണ്ടം പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ) പ്രതിനിധി സമ്മേളനം സംസ്ഥാന വൈസ്‌ പ്രസിഡന്റ്‌ എം പ്രകാശൻ ഉദ്ഘാടനം ചെയ്‌തു. 
കിഴക്കേകവലയിൽ രാവിലെ ജില്ലാ പ്രസിഡന്റ്‌ റോമിയോ സെബാസ്‌റ്റ്യൻ പതാക ഉയർത്തി. തുടർന്ന്‌ പ്രത്യേകം തയ്യാറാക്കിയ രക്തസാക്ഷി മണ്ഡപത്തിൽ നേതാക്കളും പ്രതിനിധികളും പുഷ്‌പാർച്ചന നടത്തി. ഉദ്‌ഘാടന സമ്മേളനത്തിൽ സ്വാഗതസംഘം ചെയർമാൻ വി സി അനിൽ സ്വാഗതം പറഞ്ഞു. റോമിയോ സെബാസ്‌റ്റ്യൻ, ടി കെ ഷാജി, ജോളി ജോസ്‌ എന്നിവരടങ്ങിയ പ്രസീഡിയമാണ്‌ സമ്മേളന നടപടികൾ നിയന്ത്രിക്കുന്നത്‌. ജില്ലാ കമ്മിറ്റിയംഗം എം വി ബേബി രക്തസാക്ഷി പ്രമേയവും എക്സിക്യൂട്ടീവ്‌ അംഗം ടി കെ ഷാജി അനുശോചന പ്രമേയവും അവതരിപ്പിച്ചു. വിവധ കമ്മിറ്റികളെയും തെരഞ്ഞെടുത്തു. 
കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി പ്രതിനിധകളെ അഭിവാദ്യം ചെയ്‌തു. അഖിലേന്ത്യാ കിസാൻസഭ ദേശീയ സമിതിയംഗം എം എം മണി എംഎൽഎ, സംസ്ഥാന എക്സിക്യൂട്ടീവംഗം വത്സല മോഹൻ, സിപിഐ എം ജില്ലാ സെക്രട്ടറി സി വി വർഗീസ്‌ എന്നിവർ സമ്മേളനത്തിൽ പങ്കെടുക്കുന്നു. ജില്ലാ സെക്രട്ടറി എൻ വി ബേബി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൻമേൽ പ്രതിനിധികളുടെ ചർച്ച തുടങ്ങി. ജില്ലയിലെ വിവിധ ഏരിയകളിൽനിന്നും തെരഞ്ഞെടുക്കപ്പെട്ട 250 പ്രതിനിധികളും 50 ജില്ലാ കമ്മിറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുത്തുവരുന്നു. സമ്മേളനം വെള്ളിയാഴ്‌ച സമാപിക്കും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top