26 September Tuesday

അനുമോളുടെ മരണം: ഭാര്യ വീടുവിട്ടുപോയെന്ന് പ്രചരണം ആസൂത്രിതം, ബിജേഷിന്റെ തിരക്കഥ

വെബ് ഡെസ്‌ക്‌Updated: Thursday Mar 23, 2023
കട്ടപ്പന> കാഞ്ചിയാർ പേഴുംകണ്ടത്ത് കൊല്ലപ്പെട്ട യുവതി, വീടുവിട്ട് പോയതാണെന്നു വരുത്തി തീർക്കാൻ ഭർത്താവ് ബിജേഷ് നടത്തിയത് ആസൂത്രിത നീക്കങ്ങൾ. ഭാര്യ വൽസമ്മ (അനുമോൾ) യ്ക്ക് ചിലരോട് അടുപ്പുമുണ്ടായിരുന്നതായി കള്ളം പറഞ്ഞും ഇയാൾ മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചു. എന്നാൽ, കാര്യപ്രാപ്തിയോടെ പെരുമാറിയിരുന്ന, എല്ലാവരുമായും നല്ല അടുപ്പം സൂക്ഷിച്ചിരുന്നയാളാണ് അധ്യാപിക കൂടിയായ വൽസമ്മ. സ്‌കൂളിലെ വാർഷികത്തിൽ പോലും പങ്കെടുക്കാതെ, ഇത്രയും ദിവസം ആരെയും ഫോണിൽ ബന്ധപ്പെടാതെ മാറിനിൽക്കില്ലെന്ന് ബന്ധുക്കൾക്ക് ഉറപ്പായിരുന്നു. പൊലീസ് അന്വേഷണത്തിലും പുരോഗതിയില്ലാതായതോടെ മാതാപിതാക്കളും ബന്ധുക്കളും വീട്ടിൽ നടത്തിയ തിരച്ചിലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
 
ചൊവ്വാഴ്ച വൈകിട്ട് 6.30 ഓടെയാണ് വൽസമ്മയുടെ മൃതദേഹം വീടിന്റെ കിടപ്പുമുറിയിലെ കട്ടിലിനടിയിൽ പുതപ്പിനുള്ളിൽ പൊതിഞ്ഞനിലയിൽ കണ്ടെത്തിയത്. കാഞ്ചിയാറിൽ പിക്കപ്പ് ഡ്രൈവറാണ് ബിജേഷ്. ആറുവർഷം മുമ്പായിരുന്നു ഇവരുടെ വിവാഹം. അഞ്ച് വയസുള്ള അൽനമരിയ ഏകമകളാണ്.ഇരുവർക്കുമിടയിൽ മാസങ്ങളായി കുടുംബപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി ബന്ധുക്കൾ പറയുന്നു. ബിജേഷിനൊപ്പം മുന്നോട്ടുപോകാൻ കഴിയില്ലെന്ന് മാതാപിതാക്കളെയും ഏറ്റവും അടുപ്പമുണ്ടായിരുന്ന മസ്‌കറ്റിലുള്ള അച്ഛന്റെ സഹോദരി സലോമിയേയും പലതവണ വൽസമ്മ അറിയിച്ചിരുന്നു. ഏറ്റവുമൊടുവിൽ വെള്ളിയാഴ്ച രാത്രി യുവതി വാട്‌സ്ആപ്പിൽ സന്ദേശമയച്ചതും സലോമിക്കാണ്.
 
പിന്നീട് ഫോൺ ഓഫായി.കാഞ്ചിയാർ പള്ളിക്കവലയിലെ എഫ്‌സി കോൺവന്റ് ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയാണ് വൽസമ്മ. ശനിയാഴ്ച സ്‌കൂളിലെ വാർഷികാഘോഷമായിരുന്നു. ഇതിന്റെ ഒരുക്കങ്ങൾക്ക്ശേഷം വെള്ളിയാഴ്ച വൈകി വീട്ടിലെത്തിയ യുവതിയെ ശനിയാഴ്ച മുതൽ കാണാതായിരുന്നു. അതിരാവിലെ വീട്ടിൽ നിന്ന് സ്‌കൂളിലേക്ക് പോയെന്നായിരുന്നു ബിജേഷ് മറ്റുള്ളവരെ അറിയിച്ചത്. എന്നാൽ സ്‌കൂളിലും എത്തിയിരുന്നില്ല. തുടർന്നുള്ള മൂന്നുദിവസം ബിജേഷ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥയുടെ ആസൂത്രിത നീക്കങ്ങളായിരുന്നു.
 
ആസൂത്രിത
നീക്കങ്ങളുടെ ആദ്യദിനം
 
വൽസമ്മ രാവിലെ വീട്ടിൽ നിന്നുപോയതായി പാമ്പനാറിൽ താമസിക്കുന്ന അച്ഛൻ പി വി ജോണിനെയും അമ്മ ഫിലോമിനയേയും പാമ്പാടുംപാറയിലുള്ള ബന്ധു സിബിന തോമസിനെയും മറ്റ് ബന്ധുക്കളെയും ബിജേഷ് ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. മകൾ അൽനമരിയയ്ക്ക് പനിയാണെന്നും ആശുപത്രിയിലേക്ക് പോകുകയാണെന്നും പറഞ്ഞു. വൽസമ്മയുമായി ഏറെ അടുപ്പമുള്ള മസ്‌കറ്റിലുള്ള പിതൃസഹോദരി സലോമിക്ക് കുട്ടിയുമൊത്തുള്ള ചിത്രങ്ങളും ഇയാൾ വാട്‌സ്ആപ്പിൽ അയച്ചുകൊടുത്തു.
 
ഇതിനിടെ പലതവണ വൽസമ്മയുടെ ഫോൺ ഓണായി. ഇളയസഹോദരൻ അലക്‌സ് ഫോണിൽ വിളിച്ചപ്പോൾ സംസാരിക്കാതെ കട്ടാക്കി. ബിജേഷുമായി വഴക്ക് പതിവായിരുന്നതിനാൽ സുഹൃത്തുക്കളുടേയോ സ്‌കൂളിനോടുചേർന്നുള്ള കോൺവെന്റിലേക്കോ മാറിയതാകാമെന്നാണ് ബന്ധുക്കൾ കരുതിയത്. ശനിയാഴ്ച രാത്രി ഒമ്പതോടെ ബിജേഷ് ബന്ധുക്കളെ വീണ്ടും വിളിച്ച് വൽസമ്മയെ കാണാനില്ലെന്ന് അറിയിച്ചു.
 
സംശയം 
തോന്നിപ്പിക്കാത്ത 
പെരുമാറ്റം
 
ഞായറാഴ്ച രാവിലെ പാമ്പനാറിൽ നിന്ന് വത്സമ്മയുടെ അച്ഛൻ പി വി ജോണും അമ്മ ഫിലോമിനയും സഹോദരൻ പി ജെ അലക്‌സും പേഴുംകണ്ടത്തെ വീട്ടിലെത്തി. എന്നാൽ ഇവർക്ക് സംശയത്തിന് ഇടനൽകാത്ത വിധത്തിലാണ് ബിജേഷ് പെരുമാറിയിരുന്നത്. കിടപ്പുമുറിയിൽ പലതവണ കയറിയ ഫിലോമിനയെ ഇയാൾ പിന്തിരിപ്പിച്ചു. തുടർന്ന് പകൽ രണ്ടോടെ ബിജേഷും മറ്റുള്ളവരും കട്ടപ്പന സ്റ്റേഷനിലെത്തി പരാതി നൽകി. പിന്നീട് മകൾ അൽനമരിയയെ കൽത്തൊട്ടി വെങ്ങാലൂർക്കടയിലുള്ള തറവാട് വീട്ടിലെത്തിച്ച് ബിജേഷ് മടങ്ങി. ബസ് കിട്ടാത്തതിനാൽ വൽസമ്മയുടെ മാതാപിതാക്കൾ മാട്ടുക്കട്ടയിലുള്ള വീട്ടിൽ തങ്ങിയശേഷം തിങ്കളാഴ്ച രാവിലെയാണ് പാമ്പനാറിലേക്ക് പോയത്.
 
ദിവസവും പലതവണ വിളിച്ചിരുന്ന വൽസമ്മ രണ്ടുദിവസമായി സലോമിയെ വിളിക്കാതിരിക്കുകയും വാട്‌സ്ആപ്പിൽ അയച്ച സന്ദേശങ്ങൾ കാണാതിരിക്കുകയും ചെയ്തത് സംശയത്തിനിടയാക്കി. തിങ്കളാഴ്ച വൈകിട്ട് സലോമി മകൾ സിബിനയെ വിവരമറിയിച്ചു. ഇതിനിടെ ചൊവ്വ രാവിലെ മുതൽ ബിജേഷിനെയും കാണാതായി. ഹരിതകർമ സേനാംഗമായ സിബിന, വൽസമ്മയുടെ മാതാപിതാക്കൾക്കൊപ്പം വൈകിട്ട് കട്ടപ്പന സ്റ്റേഷനിലെത്തി. വൽസമ്മയുടെ സുഹൃത്തുക്കളെ വിളിച്ചെങ്കിലും അവിടെയും എത്തിയിട്ടില്ലെന്നറിഞ്ഞതോടെ പേഴുംകണ്ടത്തെ വീട്ടിലേക്ക് പുറപ്പെട്ടു.
 
ആദ്യം കണ്ടത് കൈ
 
പുറത്തുനിന്ന് പൂട്ടിയ നിലയിലായിരുന്നു പേഴുംകണ്ടത്തെ വീട്. അച്ഛൻ ജോണും സഹോദരൻ അലക്‌സും ചേർന്ന് അടുക്കള വാതിൽ ചവിട്ടിത്തുറന്നാണ് അകത്തുകയറിയത്. ദുർഗന്ധം വമിച്ചിരുന്ന കിടപ്പുമുറിയിലെത്തി കട്ടിലിനടിയിൽ നിന്ന് പുതപ്പ് പുറത്തേയ്ക്ക് വലിച്ചപ്പോൾ ആദ്യം പുറത്തേയ്ക്ക് വന്നത് യുവതിയുടെ കൈയായിരുന്നു. ഇതുകണ്ട് ഇവർ നിലവിളിച്ച് പുറത്തേയ്ക്ക് ഓടി. ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് പൊലീസിനെ വിവരമറിയിച്ചത്. തുടർന്ന് കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള സംഘം നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top