19 April Friday

ബിനു ഓടിയെത്തുന്നൂ സിനിമയുടെ വെട്ടത്തിലേക്ക്

സ്വന്തം ലേഖകൻUpdated: Monday Jan 23, 2023

ബിനു സി ബെന്നി

രാജാക്കാട്
സം​ഗീതത്തിന്റെയും സിനിമയുടെയും ലോകത്തേക്ക് സൂപ്പര്‍ഫാസ്റ്റ് ടിക്കറ്റെടുത്ത് ഇടുക്കിക്കാരന്‍. അത്രവേ​ഗത്തിലാണ് രാജാക്കാട്ടുകാരന്‍ ബിനു സി ബെന്നി ഗാനങ്ങളിലൂടെയും ആല്‍ബങ്ങളിലൂടെയും ശ്രദ്ധേയനാകുന്നത്. കട്ട പ്രണയത്തിന്റെയും കാര്‍ഷിക കൂട്ടായ്‍മകളുടെയും ഭക്തിയുടെയും ദൃശ്യങ്ങള്‍ ഹ്രസ്വചിത്ര രൂപത്തില്‍ സം​ഗീത ആല്‍ബമാക്കുകയാണ് ഈ യുവസംവിധായകന്‍. ഇടുക്കിയിലെ വിവിധ മേഖലകളിലെ ജനങ്ങളെ ഒന്നിപ്പിച്ചാണ് ആല്‍ബങ്ങള്‍. സിനിമയെ വെല്ലുന്ന ദൃശ്യങ്ങളാണ് ബിനുവിനെ വ്യത്യസ്‍തനാക്കുന്നത്. 2022ല്‍ ബിനുവിന്റെ ആല്‍ബങ്ങള്‍ യൂ ട്യൂബിലൂടെ ലക്ഷക്കണക്കിന് ജനങ്ങളാണ് സ്വീകരിച്ചത്. 
സംവിധായകന്‍, പാട്ടുകാരന്‍, ക്യാമറാമാന്‍, കൊറിയോ​ഗ്രാഫര്‍, മിമിക്രി എന്നിങ്ങനെ സര്‍വതിലും ബിനു മിന്നിത്തിളങ്ങുന്നു. ജോൺസൺ കോതമംഗലം സംഗീതം നൽകി മധു ബാലകൃഷ്ണൻ രാജാക്കാട് ശ്രീ മഹാദേവർ ക്ഷേത്രത്തിനുവേണ്ടി പാടിയഭിനയിച്ച പശ്ചിമനാഥൻ അഞ്ചര ലക്ഷത്തോളം ആളുകള്‍ കണ്ടു. ചിട്ടയോടെ തയ്യാറാക്കുന്ന തിരക്കഥയിലൂന്നിയാണ് സൃഷ്‍ടികള്‍. ശ്രീ മഹാദേവർ ക്ഷേത്രത്തിലെ ഉത്സവത്തിനായി ആൽബിൻ സിട്രിസ് രചനയും സംഗീതവും നിർവഹിച്ച് ബിനു സംവിധാനം ചെയ്‍ത പശ്ചിമപൂരവും ഹിറ്റാണ്.
രാജകുമാരി ദേവമാതാ പള്ളിയിൽ 2022ൽ നടന്ന തീർത്ഥാടന ദൃശ്യങ്ങൾ ഒപ്പിയെടുത്ത രാജകുമാരി നിർമ്മല മാതാ എന്ന ആൽബവും ഹിറ്റ് ചാര്‍ട്ടില്‍ തന്നെ. റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ ലക്ഷക്കണക്കിന് വിശ്വാസികൾ ഏറ്റെടുത്തു. സിനിമാ സീരിയൽ താരം നൂബിൻ ജോണിയും വധു ഡോ. ബിന്നിയും അഭിനയിച്ച “നിറമേ പാടാം” എന്ന സൂപ്പർഹിറ്റ് ഗാനവും ബിനു തന്നെയാണ് സംവിധാനം ചെയ്‌തത്‌. 
ഡിസംബർ 22ന് റിലീസ് ചെയ്‍ത ഇടുക്കിയുടെ കാർഷിക കൂട്ടായ്‍മയുടെയും പ്രണയത്തിന്റെയും കഥ പറയുന്ന "കപ്പവാട്ടും കട്ടപ്രേമവും" വൈറലാണ്. സ്കൂൾ കാലം മുതലേ മിമിക്രിയിലും ഗാനാലാപനത്തിലും ബിനു പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ലാല്‍ജോസ് ഉള്‍പ്പെടെയുള്ള സംവിധായകരുടെ സഹായിയായി പ്രവര്‍ത്തിക്കുന്നു. അടുത്തിടെ പുറത്തിറങ്ങിയ കുമാരി എന്ന ചിത്രത്തിന് ഡ്രോണ്‍ ക്യാമറ ചെയ്‍തത് ബിനുവാണ്. നിരവധി പരസ്യചിത്രങ്ങളും ഒരുക്കി. സ്വന്തമായി കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ പണിപ്പുരയിലാണ് ഇപ്പോള്‍. ചക്കുന്നംപുറത്ത് സി വി ബെന്നിയുടെയും ലിസിയുടെയും മകനാണ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top