24 April Wednesday

തനി നാടനായി തൊടുപുഴ ജോയിന്റ് ആര്‍ടി ഓഫീസ്

വെബ് ഡെസ്‌ക്‌Updated: Saturday Jan 23, 2021
തൊടുപുഴ 
സേവനങ്ങളെല്ലാം ഓൺലൈനിലാക്കി വകുപ്പ് ആധുനികവൽക്കരണത്തിലേക്ക്‌ പോകുമ്പോഴും ‘തനി നാടനായി' തുടരുകയാണ് തൊടുപുഴ ജോയിന്റ് ആർടി ഓഫീസ്. ഓഫീസ് സന്ദർശിക്കുന്ന ആർക്കും ആ പച്ചപ്പ്  അനുഭവിച്ചറിയാം. ഹരിത ഓഡിറ്റിങ്ങിൽ ഫുൾ ഫിറ്റ‌്‌നെസ് നേട്ടം സ്വന്തമാക്കിയതും മിനി സിവിൽ സ്‌റ്റേഷനിലെ ഏറ്റവും മികച്ചതെന്ന ഖ്യാതിയും നേടിയത്‌ അങ്ങനെതന്നെ. ജോയിന്റ് ആർടിഒ പി എ നസീറിനൊപ്പം ഓഫീസിലെ 20 ജീവനക്കാരും നിന്നപ്പോൾ ഗ്രീൻ പ്രോട്ടോക്കോൾ ഇവരുടെ ഔദ്യോഗിക ജീവിതചര്യയായി. വീടുകൾക്കുള്ളിൽ വളർത്തുന്ന വിവിധയിനം ചെടികൾ ഓരോരുത്തരും കൊണ്ടുവന്ന് ഓഫീസിൽ വളർത്താൻ തുടങ്ങി. എല്ലാവരും ഭക്ഷണം കൊണ്ടുവരുന്നത് സ്റ്റീൽ പാത്രങ്ങളിലാണ്. ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാൻ ഡൈനിങ‌്ടേബിൾ, അവിടെയും ചില്ല് ഗ്ലാസിൽ വെള്ളം, സ്റ്റീൽ പാത്രങ്ങളും ആവശ്യത്തിലേറെ. 
 ഭക്ഷണാവശിഷ്ടങ്ങൾ നിക്ഷേപിക്കാൻ ജൈവ മാലിന്യ സംഭരണ ഭരണികളുണ്ട്. ചകിരിച്ചോറും ഇനോക്കുലവും ചേർത്ത് അവയെ നല്ല ജൈവവളമാക്കുന്നു. പിന്നീട്‌ അവ ഇവിടുത്തെ പൂച്ചെടികൾക്ക് വളമാകും. പാഴ്‌വസ്തുക്കളെ ജൈവം, അജൈവം, മറ്റിനങ്ങൾ എന്നിങ്ങനെ പ്രത്യേകം ശേഖരിച്ച്‌ ഹരിതകർമസേനയ്ക്ക് കൈമാറും. ദിവസവും മൂന്ന്‌ നേരമാണ് ഓഫീസും ശുചിമുറികളും വൃത്തിയാക്കുന്നത്. ഹരിതവൽക്കരണ ജോലികളെല്ലാം കൃത്യമായി നടക്കുന്നുവെന്ന് ഉറപ്പാക്കാൻ ഗ്രീൻ പ്രോട്ടോക്കോൾ നോഡൽ ഓഫീസർ ജൂനിയർ സൂപ്രണ്ട് എം എൻ മായയുമുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top