25 April Thursday

മന്ത്രിമാരെ വരവേറ്റ്‌ പൗരാവലി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 22, 2022
ചെറുതോണി
കുടിയേറ്റജനതയുടെ ചിരകാലസ്വപ്‌നമായ ആധുനിക ചികിത്സാസൗകര്യത്തിന്‌ വഴിതുറന്ന ഇടുക്കി മെഡിക്കൽ കോളേജ്‌ യാഥാർഥ്യമാക്കിയ മന്ത്രിമാർക്ക്‌ പൗരാവലിയുടെ ഉജ്വല സ്വീകരണം. ഇടുക്കി എച്ച്ഡിഎസ്‌ സംഘടിപ്പിച്ച സ്വീകരണ പരിപാടിയിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനെ ജില്ലാ ആസൂത്രണ വികസനസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്‌ ഹാരമണിയിച്ച്‌ സ്വീകരിച്ചു. 
    മന്ത്രി റോഷി അഗസ്‌റ്റിനെ സർക്കാർ നോമിനി ഷിജോ തടത്തിലും ഹാരമണിയിച്ചു. സംസ്ഥാനത്ത് മെഡിക്കൽ വിദ്യാഭ്യാസ രംഗത്ത് മികച്ച മുന്നേറ്റമാണ് സർക്കാർ നടത്തിവരുന്നതെന്ന് വീണാ ജോർജ് സ്വീകരണ സമ്മേളനത്തിൽ പറഞ്ഞു. മെഡിക്കൽ കോളേജിന്റെ ഓരോ വികസനപ്രവർത്തനങ്ങളും സമയബന്ധിതമായി പൂർത്തിയാക്കും. മെഡിക്കൽ കോളേജ് യാഥാർഥ്യമാക്കിയ മന്ത്രി റോഷി അഗസ്റ്റിൻ, ജില്ലാ  ആസൂത്രണസമിതി ഉപാധ്യക്ഷൻ സി വി വർഗീസ്, എം എം മണി എംഎൽഎ, ഡിഎംഒ എന്നിവരെ മന്ത്രി പ്രത്യേകം അഭിനന്ദിച്ചു. 
 
നാടിന്റെ സൗഭാഗ്യം
ഇടുക്കി മെഡിക്കൽ കോളേജ് നാടിന്റെ സൗഭാഗ്യമാണെന്ന് ചടങ്ങിൽ അധ്യക്ഷനായ മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. മുൻ വൈദ്യുതിമന്ത്രി എം എം മണി എംഎൽഎ മെഡിക്കൽ കോളേജിന് വേണ്ടി കെഎസ്‌ഇബി സിഎസ്‌ആർ ഫണ്ടിൽനിന്ന്‌ 10 കോടി രൂപ നൽകി. അദ്ദേഹത്തിന്റെ ഇടപെടൽ വിലമതിക്കാനാകാത്തതാണ്. മെഡിക്കൽ കോളേജിന്റെ പ്രവർത്തനങ്ങൾ നല്ല രീതിയിലാക്കാൻ ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവർത്തകരും നിർണായക സംഭാവനയാണ് നൽകിയത്. മുഖ്യമന്ത്രിയും ആരോഗ്യ മന്ത്രിയും കൃത്യമായ ഇടവേളകളിൽ നടത്തിയ യോഗങ്ങളുടെയും ഇടപെടലുകളുടെയും ശ്രമഫലമാണ് മെഡിക്കൽ കോളേജിൽ ഇന്ന് കാണുന്ന വികസനങ്ങൾ. 
ഇടുക്കി മെഡിക്കൽ കോളേജിൽ ആരംഭിക്കുന്ന ഹീമോഫീലിയ രോഗികൾക്കുള്ള ആശാധാര ലബോറട്ടറിയുടെ ശിലാഫലക അനാച്ഛാദനവും ബ്ലോക്ക്‌തല ആരോഗ്യമേളകളുടെ അവാർഡ് വിതരണവും ആരോഗ്യ മന്ത്രി ചടങ്ങിൽ നിർവഹിച്ചു. ബ്ലോക്ക് ആരോഗ്യമേളയിൽ ജില്ലാതലത്തിൽ ഒന്നാം സ്ഥാനം കട്ടപ്പന ബ്ലോക്ക് പഞ്ചായത്തും രണ്ടാം സ്ഥാനം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തും മൂന്നാംസ്ഥാനം അഴുത ബ്ലോക്ക് പഞ്ചായത്തും നേടി. മികച്ച റാലിക്ക് ദേവികുളം ബ്ലോക്ക് പഞ്ചായത്തും മികച്ച സ്റ്റാൾ ക്രമീകരണത്തിന് അടിമാലി ബ്ലോക്ക് പഞ്ചായത്തും അവാർഡ്‌ നേടി. മികച്ച വേദി, കലാപരിപാടികൾ എന്നിവയിൽ തൊടുപുഴ ബ്ലോക്ക് പഞ്ചായത്തും മികച്ച സെമിനാറുകൾ, പൊതുജന പങ്കാളിത്തം എന്നിവയിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തും ഒന്നാം സ്ഥാനം നേടി.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജിജി കെ ഫിലിപ്പ്, കലക്ടർ ഷീബ ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജി ചന്ദ്രൻ, വാഴത്തോപ്പ് പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോർജ് പോൾ, ത്രിതല പഞ്ചായത്ത്‌ അംഗങ്ങളായ കെ ജി സത്യൻ, ഡിറ്റാജ് ജോസഫ്, നിമ്മി ജയൻ, ജില്ലാ മെഡിക്കൽ ഓഫിസർ എസ് സുരേഷ് വർഗീസ്, ജില്ലാ ആശുപത്രി സൂപ്രണ്ട് സുരേഷ് വർഗീസ്‌ എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top