04 December Monday
സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറങ്ങി

ആകാശംതൊട്ട്‌ ഇടുക്കിയുടെ സ്വപ്‌നങ്ങൾ

വെബ് ഡെസ്‌ക്‌Updated: Friday Sep 22, 2023

സത്രം എയർസ്ട്രിപ്പിൽ ഹെലികോപ്റ്റർ ഇറങ്ങുന്നു

വണ്ടിപ്പെരിയാർ 
ഇടുക്കിയുടെ ആകാശസ്വപ്‌‌നങ്ങൾ യാഥാർഥ്യമാക്കി സത്രം എയർ സ്‌ട്രിപ്പിൽ ചെറുവിമാനത്തിന് പിന്നാലെ വിജയകരമായി ഹെലികോപ്റ്ററും ഇറക്കി. ദുരന്തഘട്ടങ്ങളിൽ രക്ഷാപ്രവർത്തനത്തിന് എയര്‍സ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നതിന്റെ ഭാഗമായാണ് വ്യാഴം രാവിലെ വ്യോമസേനയുടെ ഹെലികോപ്റ്റർ ഇറക്കി പരിശോധന നടത്തിയത്. 
ജില്ലയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകൃതി ദുരന്തം ഉണ്ടായാൽ രക്ഷാപ്രവർത്തനത്തിന് സത്രം എയർസ്ട്രിപ്പ് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ച സാധ്യതകൾ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ ഭരണം എൻസിസിക്കും സർക്കാരിനും കത്ത് നൽകിയിരുന്നു. 
  ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾക്ക്  സാധ്യതകൾ പരിശോധിക്കുന്നതിന്റെ ഭാഗമായാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ സത്രം എയർ സ്ട്രിപ്പിൽ ലാൻഡ് ചെയ്തത്. 
മൂന്നുതവണ വലംവച്ച്‌
സേഫ്‌ ലാൻഡിങ് 
കോയമ്പത്തൂർ സുളൂരുവിൽ നിന്നുമാണ് എയർഫോഴ്സിന്റെ ഹെലികോപ്റ്റർ എത്തിച്ചത്. ബുധൻ വൈകിട്ട്‌ തിരുവനന്തപുരത്ത് എത്തിയ ഹെലികോപ്റ്റർ വ്യാഴം പകൽ  പതിനൊന്നിന് സത്രം എയർ സ്ട്രിപ്പിലേക്ക് തിരിച്ചു. മൂന്ന് തവണ എയർസ്ട്രിപ്പിന് ചുറ്റും വലം വച്ച് നിരീക്ഷണം നടത്തിയതിനുശേഷം ഹെലികോപ്റ്റർ ലാൻഡ് ചെയ്തു. 
    പ്രകൃതിദുരന്തങ്ങൾ ഉണ്ടാകുമ്പോൾ വ്യോമസേനയുടെ സഹായത്തോടെ അതിവേഗം ദുരന്തനിവാരണ സേനാ അംഗങ്ങളെ ഉൾപ്പെടെ പ്രദേശത്ത് എത്തിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുകയായിരുന്നു ഉദ്ദേശം. പരീക്ഷണ പറക്കൽ വിജയകരമായിരുന്നെന്നും  ചില നിർദേശങ്ങൾ പരിശോധനാ സംഘം നൽകിയിട്ടുണ്ടെന്നും ഇത് എൻസിസിയെ അറിയിക്കുമെന്നും ഗ്രൂപ്പ്‌ ക്യാപ്റ്റൻ എ ജി ശ്രീനിവാസ അയ്യർ പറഞ്ഞു. പരിശോധന റിപ്പോർട്ട് അടുത്ത ദിവസം ഉന്നത ഉദ്യോഗസ്ഥർക്ക് കൈമാറും.
എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായാണ് വണ്ടിപ്പെരിയാർ സത്രത്തിൽ എയർ സ്ട്രിപ്പ് നിർമിച്ചത്. ഡിസംബർ ഒന്നിന് ഇവിടെ ചെറുവിമാനം വിജയകരമായി ലാൻഡ് ചെയ്തിരുന്നു. 
ഒരു വർഷത്തിനിടയിൽ പലപ്പോഴായി നടത്തിയ പരാജയ പരീക്ഷണത്തിന് ഒടുവിലാണ്  കഴിഞ്ഞ ഡിസംബറിൽ ചെറുവിമാനം ഇറക്കിയത്. എൻസിസിയുടെ രണ്ട് സീറ്റുള്ള വൈറസ് എസ്‌ഡബ്ല്യു 80 വിമാനമാണ് കഴിഞ്ഞ വർഷം പറന്നിറങ്ങിയത്. രണ്ട് തവണ വട്ടമിട്ട് പറന്ന് മൂന്നാം തവണ ഡബ്ല്യു 3434 വൈറസ്, എസ്‌ഡബ്ല്യു- 80 ചെറുവിമാനങ്ങൾ സത്രം എയർസ്‌ട്രിപ്പ് റൺവേ തൊട്ടത്. എൻസിസി കേഡറ്റുകളുടെ പരിശീലനത്തിനായി രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പൊതുമരാമത്ത് വകുപ്പിന്റെ നേതൃത്വത്തിൽ പരിശീലനത്തിന് ഉപയോഗിക്കുന്ന മൈക്രോ ലൈറ്റ് എയർ ക്രാഫ്റ്റ് വിമാനങ്ങൾക്ക് ഇറങ്ങാവുന്ന എയർസ്‌ട്രിപ്പിന്റെ നിർമാണ ജോലികൾ ദ്രുതഗതിയിൽ പൂർത്തീകരിച്ചത്. 
650 മീറ്റർ റൺവേ
650 മീറ്റർ നീളമുള്ള റൺവേയുടെ, നാലു ചെറുവിമാനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഹാംഗർ, താമസ സൗകര്യം ഉൾപ്പെടെ 50 വിദ്യാർഥികൾക്കുള്ള പരിശീലന സൗകര്യവും പൂർത്തിയായി. എൻസിസി കേഡറ്റുകൾക്ക് സൗജന്യമായി ഫ്‌ലൈയിങ്‌ പരിശീലനം നൽകുന്നതിനാണ് എയർസ്‌ട്രിപ്പ് ലക്ഷ്യമെങ്കിലും അടിയന്തര സാഹചര്യങ്ങളിൽ ജില്ലയ്‌ക്ക് എയർസ്‌ട്രിപ്പ് സഹായകരമാകും. എയർഫോഴ്‌‌സ് വിമാനങ്ങളെയും വലിയ ഹെലികോപ്‌ടറുകളെയും അടിയന്തര സാഹചര്യങ്ങളിൽ ഇവിടെ ഇറക്കാനാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top