അടിമാലി
കാഴ്ചകൾക്കപ്പുറം പശ്ചിമഘട്ടത്തിന്റെ ജൈവവൈവിധ്യത്തിന്റെ സവിശേഷതകളെ അടുത്തറിയാം. ഹരിതകേരളം ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രം ‘നീലക്കുറിഞ്ഞി' അടിമാലി ഗവ. ഹൈസ്‌കൂളിൽ സജ്ജമായി.
ഹരിത കേരളം മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായാണ് നവ കേരളം കർമപദ്ധതിയുടെ ഭാഗമായി ഈ കേന്ദ്രം യാഥാർഥ്യമാക്കിയത്. വിനോദസഞ്ചാരികൾക്ക് ജൈവവൈവിധ്യത്തിന്റെ സവിശേഷതകളെക്കുറിച്ച് അനുഭവാധിഷ്ഠിതമായ അറിവ് പകരുക എന്ന ലക്ഷ്യമാണ് നീലക്കുറിഞ്ഞിക്ക് പിന്നിൽ. ഇതിനായി ഇന്ററാക്ടീവ് കിയോസ്‌കുകൾ, പാനലുകൾ, വീഡിയോ തുടങ്ങിയവയും ആവാസവ്യവസ്ഥ, സാസ്‌കാരിക പാരമ്പര്യം, ഭൂപ്രകൃതി, ജന്തുസസ്യ വൈവിധ്യങ്ങൾ എന്നിവയുടെ മാതൃകകളുമടക്കമുള്ള സംവിധാനങ്ങൾ ഈ വിജ്ഞാനകേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്.
ജീവൻ തുടിക്കുന്ന ത്രിമാന മാതൃകകൾ, ഉയർന്ന പ്രദേശങ്ങളിലെ പരിസ്ഥിതി, നിത്യഹരിത വനങ്ങൾ, കുറ്റിക്കാടുകൾക്കിടയിലെ അന്യാദൃശമായ ചിതൽപ്പുറ്റുകൾ തുടങ്ങിയവയുടെ ത്രിമാന മാതൃകകളാണ് കേന്ദ്രത്തിൽ സജ്ജീകരിച്ചിട്ടുള്ളത്. ആദിവാസി ഗോത്രജീവിതത്തിന്റെ സവിശേഷതകൾ തൊട്ടറിയാൻ കഴിയുംവിധത്തിൽ സജ്ജീകരിച്ച കുടിലും വീട്ടുപകരണങ്ങളും ജൈവവൈവിധ്യ വിജ്ഞാന കേന്ദ്രത്തിലെ ആകർഷണമാണ്. ഗോത്രജീവിതത്തെക്കുറിച്ച് കൂടുതലറിയാൻ ആവശ്യമായ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട് .
ത്രിമാന ഭൂപടം
മൂന്നാറിലെ 15 ജൈവ വൈവിധ്യ ഹോട്ട്‌സ്‌പോട്ടുകളുടെ സ്ഥാനം കൃത്യമായി രേഖപ്പെടുത്തിയ ത്രിമാന ഭൂപടം ഇവിടെയുണ്ട്. ഈ ഭൂപടത്തിനു ചുറ്റിലും ക്രമീകരിച്ചിട്ടുള്ള പാനലുകളിൽനിന്ന് ഈ പ്രദേശങ്ങളെ സംബന്ധിച്ച അധിക വിവരങ്ങൾ മനസ്സിലാക്കാം.
വിജ്ഞാനം പകരുന്ന ഡിസ്‌പ്ലേകൾ
മൂന്നാറിന്റെ സമൃദ്ധവും സമ്പന്നവുമായ ജൈവ വൈവിധ്യത്തിലേക്ക് വാതിൽ തുറക്കുന്ന 25 ഡിസ് പ്ലേ പാനലുകൾ ഇവിടെ ക്രമീകരിച്ചിട്ടുണ്ട്. ആവാസവ്യവസ്ഥാ വൈവിധ്യം, കാർഷിക ജൈവവൈവിധ്യം, സാംസ്‌കാരിക സമ്പന്നത, നിർബന്ധമായും കണ്ടിരിക്കേണ്ട പ്രദേശങ്ങൾ തുടങ്ങിയവ വിശദമായി പ്രതിപാദിക്കുന്നവയാണിവ.
ടച്ച് സ്‌ക്രീൻ
കിയോസ്‌കുകൾ
സന്ദർശകർക്ക് സ്വയം പ്രവർത്തിപ്പിക്കാൻ കഴിയുന്ന ഈ ടച്ച് സ്‌ക്രീൻ കിയോസ്‌കുകളിലുള്ള 50 വീഡിയോകൾ, പ്രശ്‌നോത്തരികൾ, ഗെയിമുകൾ തുടങ്ങിയവയിലൂടെ ഈ മൂന്നാർ ഭൂപ്രദേശത്തിന്റെ വൈവിധ്യത്തെക്കുറിച്ചും സംസ്‌കൃതിയെക്കുറിച്ചും ഉത്തരവാദിത്തപൂർണമായ വിനോദ സഞ്ചാരത്തിന്റെ ആവശ്യകതയെകുറിച്ചും ഇവ ഉൾക്കാഴ്ച നൽകുന്നു.
വിസ്മയമൊരുക്കി
ഛായാചിത്രങ്ങൾ
മൂന്നാർ ഭൂപ്രകൃതിയിൽ കാണപ്പെടുന്ന വിവിധ സസ്യങ്ങൾ, മൃഗങ്ങൾ, പക്ഷികൾ, മീനുകങ്ങൾ, ഉരഗങ്ങൾ തുടങ്ങിയവയുടെ ജീവൻ തുടിക്കുന്ന ഛായാചിത്രങ്ങളാണ് ജൈവവൈവിധ്യ വിജ്ഞാനകേന്ദ്രത്തിന്റെ പുറംചുവരുകളെ അലങ്കരിച്ചിരിക്കുന്നത്. സസ്തനികൾ, മനോഹാരികളായ പക്ഷികൾ, അപൂർവ ഉരഗങ്ങൾ, ഉഭയജീവികൾ, ചിത്രശലഭങ്ങൾ, അപൂർവ തുമ്പികൾ, ഓർക്കിഡുകൾ, ബാൽസമുകൾ തുടങ്ങി അനേകം സസ്യജന്തുജാലങ്ങളുടെ ജീവൻ തുടിക്കുന്ന ചിത്രങ്ങൾ മൂന്നാറിന്റെ നേരനുഭവം നൽകുന്നതാണ്.
രാവിലെ ഒമ്പതു മുതൽ വൈകിട്ട് അഞ്ച് മണിവരെയാണ് കേരത്തിന്റെ പ്രവർത്തന സമയം. തിങ്കളാഴ്ച കേന്ദ്രത്തിന് അവധിയായിരിക്കും.
വിജ്ഞാന കേന്ദ്രം 23ന് പകൽ 11ന് മന്ത്രി റോഷി അഗസ്റ്റിൻ നാടിന് സമർപ്പിക്കും. അഡ്വ. എ രാജ എംഎൽഎ അധ്യക്ഷനാകും . നവകേരളം സംസ്ഥാന കോർഡിനേറ്റർ ഡോ. ടി എൻ സീമ പദ്ധതി വിശദീകരിക്കും. ഡീൻ കുര്യാക്കോസ് എംപി മുഖ്യാതിഥിയാകും. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ബ്രോഷർ പ്രകാശിപ്പിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു, ജില്ലാ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വി എൻ മോഹനൻ, ജില്ലാ പഞ്ചായത്തംഗം സോളി ജീസസ് എന്നിവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..