28 March Thursday

ആകാശംതൊട്ട‍് നെല്ലിക്കാമല

വെബ് ഡെസ്‌ക്‌Updated: Wednesday Sep 22, 2021
മൂലമറ്റം  
നെല്ലിക്കാമലയിൽ ചെങ്കതിർ പൊഴിക്കും ഉദയാസ്‌തമയങ്ങൾ. പുലർകാലങ്ങളിലും സായാഹ്നങ്ങളിലും മലയുടെ നെറുകയിൽ എത്തുന്നവർക്ക്‌ പകരുന്ന അനുഭൂതി ഒന്നുവേറെയാണ്‌. നെല്ലിക്കാമലയിൽനിന്ന് നോക്കിയാൽ ദൂരെ വെണ്ണിയാനി മലനിരകൾക്കിടയിലൂടെ ചുവന്നുതുടുത്ത മനോഹരിയായ ഉദയവും അസ്തമയവും കാണാം. വൈകിട്ട്‌ അസ്തമയ സൂര്യൻ പതിയെ... പതിയെ... കണ്മുന്നിൽനിന്ന് മറയുന്നതും മറ്റൊരു അനുഭവമാണ്.
     മൂലമറ്റം, കാഞ്ഞാർ പ്രദേശങ്ങളുടെയും മലങ്കര ജലസംഭരണിയുടെയും സൗന്ദര്യം ഇവിടെനിന്ന് ദൂരക്കാഴ്ചയായി അസ്വദിക്കാൻ സാധിക്കും. സമുദ്രനിരപ്പിൽനിന്ന് 2800 അടി ഉയരത്തിലുള്ള അധികം അറിയപ്പെടാത്ത ഈ മനോഹര പ്രദേശത്തുനിന്നാൽ മലമടക്കുകളും പച്ചപ്പിനകത്ത്‌ വെള്ളകീറി ഒഴുകുന്ന അരുവികളും കാണാം. മഴക്കാലത്ത്‌ കോടമഞ്ഞ്‌ ആകാശം തൊടുന്നപോലെ ഒഴുകിനീങ്ങുന്നതും ആസ്വദിക്കാം.  അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാൽ സഞ്ചാരികളുടെ ഹൃദയഭൂമികയായി മാറും. ചെങ്കുത്തായ കയറ്റവും ഇറക്കവും കൊടും വളവുമുള്ള പ്രാകൃത രീതിയിലുള്ള റോഡുകളാണ്‌ നെല്ലിക്കാമലയിലേക്കുള്ള യാത്രയിലെ പ്രധാന വില്ലൻ. എന്നാൽ, അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ നിത്യവും അനേകം പേരാണ് ഇവിടെയെത്തുന്നത്. ഇവിടെ ശൗചാലയം അടക്കമുള്ള അടിസ്ഥാന സൗകര്യം ഒരുക്കണമെന്നും സഞ്ചാരികൾ പറയുന്നു. വെള്ളിയാമറ്റം പഞ്ചായത്തിലെ പതിമൂന്നാം വാർഡിലും പതിനാലാം വാർഡിലുമായിട്ടാണ് നെല്ലിക്കാമല വ്യാപിച്ചുകിടക്കുന്നത്. 
    വെള്ളിയാമറ്റം, കാഞ്ഞാർ ഭാഗങ്ങളിൽനിന്ന് മലഞ്ചെരിവിലുള്ള കിഴുക്കാംതൂക്കായ ചെറുപാതകളിലൂടെ സാഹസികമായി വേണം ഇവിടേയ്‌ക്കെത്താൻ. ഇരുചക്ര വാഹനങ്ങളിലും ജീപ്പിലും ഏറ്റവും മുകൾഭാഗത്തുവരെ പോകാൻ സാധിക്കും. സാഹസിക ടൂറിസത്തിന് അനന്തസാധ്യതകളുള്ള ഇവിടം ഡിടിപിസി ഏറ്റെടുക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്‌.  
ആളെ ചുറ്റിക്കും 
തോട്ടാട്ട് ഗുഹ
നെല്ലിക്കാമലയിലേക്കുള്ള പാത പുരാതനവും പ്രശസ്തവുമായ തോട്ടാട്ട് ഗുഹയ്‌ക്കു സമീപമാണ് അവസാനിക്കുന്നത്. ഇവിടെയാണ്‌ നൂറ്റാണ്ടുകൾക്ക് മുമ്പ്‌ ബുദ്ധഭിക്ഷുക്കൾ തപസ്സ് ചെയ്തിരുന്നത്‌. തപസ്സിരുന്ന സന്യാസികൾ പ്രകൃതിക്ഷോഭത്തെ തുടർന്ന് ഇവിടംവിട്ട് പോയതായാണ് കഥ. ഗുഹയുടെ കവാടത്തിൽനിന്ന് ഏഴ് മീറ്റർവരെ സുഗമമായി പോകാം. എന്നാൽ, പിന്നീട് വഴി ഇടുങ്ങിയതാകും. ഒരാൾക്ക് കഷ്ടിച്ചുപോകാം. വഴി പലതായി പിരിയുകയും ചെയ്യും. സന്യാസികൾ തപസ്സിരുന്ന അറകളിലേക്കുള്ള പാതയാണിത്‌. അറകളിലേക്ക് ചെല്ലുന്നത് സുരക്ഷിതമല്ല. തിരിച്ചുവരുമ്പോൾ വഴിതെറ്റാൻ സാധ്യതയുണ്ട്. ഗുഹയ്‌ക്ക്‌ സമീപത്തുനിന്ന്‌ ഏകദേശം ഒരു കിലോമീറ്റർ ദൂരം റോഡ് വെട്ടിയാൽ കുടയത്തൂർ പഞ്ചായത്തിലെ മുതിയാൻമല റോഡിൽ എത്തും. റോഡ് സാധ്യമായാൽ പ്രദേശത്തിന്റെ ടൂറിസത്തിന് അനന്തസാധ്യതകൾ കൈവരും. കഞ്ഞാർ–-- വെള്ളിയാമറ്റം റൂട്ടിൽ കുരിശുമലയിൽനിന്ന് ഇവിടെ എത്താം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top