26 April Friday

തോട്ടുമീനെടുത്തോ; വാട്ടുകപ്പ ജോബിയെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Jul 22, 2021

കാഞ്ഞാർ വെള്ളിയാമറ്റത്ത് കർഷകമിത്ര സംഘം വാട്ടിയ കപ്പ മെഷീനിൽ ഉണക്കുന്നു

എ ആർ അനീഷ്
മൂലമറ്റം
ആകാശത്തെ മഴക്കാറ് നോക്കി കപ്പവാട്ടിയ കാലമൊക്കെ പണ്ട്‌, ഇപ്പോഴിവിടെ വർഷംമുഴുവൻ കപ്പ വാട്ടുകയാണ്‌ യുവസംരംഭകന്‍ ജോബി ജോസഫ്. ടണ്‍ കണക്കിന്‌ കപ്പയാണ്‌ കാഞ്ഞാര്‍ സ്വദേശി അരീക്കാട്ട് ജോബി ജോസഫ് വാട്ടിയുണക്കി വില്‍ക്കുന്നത്. ഭക്ഷ്യോല്‍പന്ന കയറ്റുമതി ഏജന്‍സിക്കുവേണ്ടി കപ്പവാട്ടുന്ന ജോബിയുടെ വാട്ടുകപ്പയ്ക്ക് 37 രാജ്യങ്ങളില്‍ ആവശ്യക്കാരുണ്ട്. പച്ചക്കപ്പയും കയറ്റി അയക്കുന്നുണ്ട്. വാട്ടിയുണങ്ങിയ കപ്പ സാമ്പിൾ പരിശോധനയ്‌ക്ക് ശേഷമാണ് കയറിപ്പോകുന്നത്. ജോബിക്ക് കപ്പവാട്ടലും ഉണക്കലുമൊക്കെ ബാല്യം മുതലേ പരിചിതം. കപ്പയും ചക്കയുമൊക്കെ ഡ്രയറിലുണങ്ങി വിപണിയിലെത്തിച്ച അച്ഛന്‍ ജോസഫും അമ്മ ഏലിയാമ്മയുമാണ് ഗുരുസ്ഥാനീയര്‍. വീട്ടിലെ മൂന്ന് ഡ്രയറുകള്‍ പ്രയോജനപ്പെടുത്തിയാണ്‌ തുടക്കം. കൃഷിക്കാരില്‍നിന്ന്‌ കപ്പവാങ്ങി വാട്ടിയുണക്കിയശേഷം കച്ചവടക്കാര്‍ക്ക് നല്‍കും. കിലോയ്ക്ക് 12 രൂപ നിരക്കില്‍ പച്ചക്കപ്പ വാട്ടിയുണക്കി തിരികെ നല്‍കുന്ന രീതിയുമുണ്ട്. 500 കിലോ കപ്പയെങ്കിലുമുണ്ടെങ്കിലേ ഒരുബാച്ച് ആദായകരമായി ഉണക്കിയെടുക്കാനാവൂ എന്ന് ജോബി പറഞ്ഞു. വില താഴ്ന്ന സാഹചര്യത്തില്‍ 200 കിലോയെങ്കിലുമുള്ള ചെറുകിടക്കാരില്‍നിന്നും വാങ്ങിയിരുന്നു. ഈ സാഹചര്യങ്ങളില്‍ രണ്ടോ മൂന്നോ കൃഷിക്കാരുടെ ഉല്‍പന്നം ഒരുമിച്ചായിരിക്കും സംസ്‌കരിക്കുന്നതെന്ന് മാത്രം.   
നൂറുകിലോ പച്ചക്കപ്പ വാട്ടിയുണങ്ങിയാല്‍ ശരാശരി 33 കിലോ വാട്ടുകപ്പ ലഭിക്കും. 365 ദിവസം വാട്ടിയുണങ്ങാന്‍ മാത്രം കപ്പ ഇടുക്കിയിലും എറണാകുളത്തും കോട്ടയത്തും പത്തനംതിട്ടയിലുമായി കിട്ടുമെന്ന് ജോബി. ഉണങ്ങുന്ന കപ്പയിൽ 90 ശതമാനവും കയറ്റുമതി ചെയ്യുകയാണ്. ഒരു വര്‍ഷത്തേക്കുള്ള കയറ്റുമതി ഓര്‍ഡറുള്ളതിനാല്‍ വിപണനത്തെക്കുറിച്ച് ആശങ്കയില്ല.  
വീട്ടിലെ ഡ്രയറുകള്‍ മതിയാകാതെ വന്നപ്പോള്‍ വെള്ളിയാമാറ്റത്തുള്ള കർഷകമിത്ര എന്ന സംസ്‌കരണ കേന്ദ്രത്തിന്റെയും മുട്ടം കാക്കൊമ്പിലെ കമ്രാഡ്സ് ഓഫ് ഗ്രീൻ സംസ്‌കരണ കേന്ദ്രത്തിന്റെയും സഹായത്തോടെ കപ്പവാട്ടാൻ തുടങ്ങി. ദിവസേന അഞ്ച്‌ ടണ്‍ സംസ്‌കരിക്കാന്‍ ശേഷിയുള്ള ഡ്രയര്‍ പ്രത്യേകം രൂപകല്‍പന ചെയ്‌തതാണ്. സീസണായാൽ ചക്കയും ഉണങ്ങിത്തുടങ്ങും. ഉണക്കച്ചക്കയ്ക്കും വിദേശത്ത് ആവശ്യക്കാരുണ്ട്. ചക്ക കിലോയ്ക്ക് 20 രൂപ നിരക്കിലാണ് വാങ്ങുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top