20 April Saturday

സിവിൽ ഡിഫൻസ്‌ അംഗങ്ങൾ ഇനി പാമ്പിനെയും പിടിക്കും

വെബ് ഡെസ്‌ക്‌Updated: Sunday May 22, 2022

പോസ് കൊള്ളാമോ ..... തൊടുപുഴ അഗ്നിരക്ഷാ നിലയത്തിൽ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് പാമ്പ് പിടിത്തത്തിൽ പരിശീലനം നൽകിയപ്പോൾ. പത്തി വിടർത്തി നിൽക്കുന്ന മൂർഖൻ

തൊടുപുഴ
വീട്ടിൽ പാമ്പു കയറിയാൽ തൊടുപുഴക്കാർ ഇനി പാമ്പുപിടിത്തക്കാരെ തേടി അലയേണ്ട. ഞൊടിയിടയിൽ പാമ്പിനെ പിടിക്കാൻ സിവിൽ ഡിഫൻസ്‌ അംഗങ്ങളെത്തും. പാമ്പിനെ പിടികൂടാനും പുനരധിവസിപ്പിക്കാനുമുള്ള പരിശീലനം  വനംവകുപ്പ്‌ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ തൊടുപുഴയിലെ സിവിൽ ഡിഫൻസ് അംഗങ്ങൾക്ക് നൽകി.
പരിശീലനം വിജയകരമായി പൂർത്തിയാക്കിയ 25 പേർക്ക് വനംവകുപ്പ്‌ പാമ്പിനെ പിടിക്കുന്നതിന്‌ ലൈസൻസും സർട്ടിഫിക്കറ്റും നൽകും.
ഇതോടെ തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും പാമ്പിനെ പിടികൂടി പുനരധിവസിപ്പിക്കുന്നതിന്  പരിശീലനം ലഭിച്ചവരുടെ സേവനം ലഭ്യമാകും. 
തൊടുപുഴ അഗ്നിരക്ഷാനിലയത്തിൽ  കേരള ഫോറസ്‌റ്റ്‌ ട്രെയിനിങ്‌  ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഡപ്യൂട്ടി ഡയറക്ടർ മുഹമ്മദ് അൻവറുടെ നേതൃത്വത്തിലായിരുന്നു പരിശീലനം. പാമ്പുകളെ കൈകാര്യം ചെയ്യൽ, പാമ്പ് വിഷമേറ്റാലുള്ള പ്രഥമ ചികിത്സ അടക്കമുള്ള വിഷയങ്ങളിൽ ക്ലാസ് നൽകി. 
യോഗത്തിൽ തൊടുപുഴ അഗ്നിരക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ്  ടി കെ ജയറാം അധ്യക്ഷനായി.  ഗ്രേഡ് സീനിയർ ഫയർ ഓഫീസർ  ബിൽസ് ജോർജ്ജ്, പോസ്റ്റ് വാർഡൻ  അബ്രഹാം എന്നിവർ സംസാരിച്ചു. 
സിവിൽ ഡിഫൻസ് അംഗങ്ങൾ അഗ്നിശമന രക്ഷാപ്രവർത്തനങ്ങളിൽ ഫയർഫോഴ്സ്സിനെ സഹായിക്കുന്നതിനൊപ്പം പൊലീസ്, കോടതി, പഞ്ചായത്ത്, ആരോഗ്യ വകുപ്പുകൾക്കും സേവനം നൽകുന്നുണ്ട്‌. ആരോഗ്യ വകുപ്പുമായി ചേർന്ന് പാലിയേറ്റീവ് കെയർ പരിശീലനം നേടിയ സിവിൽ ഡിഫൻസ് അംഗങ്ങൾ തൊടുപുഴ നഗരസഭയിലും സമീപ പഞ്ചായത്തുകളിലും കിടപ്പുരോഗികൾക്ക് സാന്ത്വന ശുശ്രൂഷയും നൽകുന്നു. 
പ്രതിഫലേച്ഛ  കൂടാതെ സന്നദ്ധപ്രവർത്തനങ്ങളിൽ താൽപര്യമുള്ളവർക്ക് പ്രായലിംഗഭേദമില്ലാതെ അഗ്നിരക്ഷാ വകുപ്പിന് കീഴിലുള്ള കേരള സിവിൽ ഡിഫൻസിൽ ചേർന്ന് പ്രവർത്തിക്കാം. ഇതിനായി www.cds.fire.kerala.gov.in എന്ന വെബ്‌ സൈറ്റിൽ പേര് രജിസ്റ്റർ ചെയ്യണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top