26 April Friday

നഗരസഭയുടെ ‘ബ്രഹ്മപുരം’ പുളിയന്‍മലയില്‍

വെബ് ഡെസ്‌ക്‌Updated: Wednesday Mar 22, 2023

പുളിയൻമലയിലെ സംസ്‌കരണ കേന്ദ്രത്തിൽ കുന്നുകൂടിയ മാലിന്യം

കട്ടപ്പന
നഗരസഭയുടെ പുളിയൻമലയിലെ മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ കെട്ടിക്കിടക്കുന്ന ടൺകണക്കിന് മാലിനം നീക്കാൻ നടപടിയില്ല. വർഷങ്ങളായി സംസ്‌കരണം നിലച്ചതോടെ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ളവ കുന്നുകൂടി കിടക്കുകയാണ്. 2019ലെ മഹാപ്രളയത്തിൽ കൂമ്പാരത്തിന്റെ ഒരുവശം ഇടിഞ്ഞ് സമീപത്തെ കെട്ടിടം തകർന്നിരുന്നു. നഗരസഭാപരിധിയിൽ നിന്ന് ദിവസവും ശേഖരിക്കുന്ന മാലിന്യമാണ് ഇവിടെ തള്ളുന്നത്. മാലിന്യക്കൂമ്പാരത്തിന്റെ ചെറിയൊരു ഭാഗം മാത്രമാണ് വേർതിരിച്ച് സൂക്ഷിച്ചിട്ടുള്ളത്. അസഹ്യമായ ദുർഗന്ധം വമിക്കുന്നതിനാൽ ഇവിടേയ്ക്ക് എത്തിച്ചേരാൻ കഴിയാത്ത സ്ഥിതിയാണ്. സംസ്‌കരണ കേന്ദ്രത്തോടുചേർന്നാണ് നഗരസഭയുടെ അറവുശാലയും പ്രവർത്തിക്കുന്നത്. മഴക്കാലത്ത് മാലിന്യം സമീപത്തെ പുരയിടങ്ങളിലേക്ക് ഒഴുകിയെത്തിയത് പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. മാലിന്യം കത്തിക്കുന്ന സമയങ്ങളിൽ സമീപപ്രദേശങ്ങളിൽ പുക വ്യാപിക്കും. ബയോ മൈനിങ് നടത്തി മാലിന്യം സംസ്‌കരിക്കാനോ വിഷയം വകുപ്പിന്റെ ശ്രദ്ധയിൽപെടുത്താനോ ഭരണസമിതി തയ്യാറാകുന്നില്ല.
ജോയിന്റ് ഡയറക്ടർ സന്ദർശിച്ചു
തദ്ദേശ ഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ പുളിയൻമല മാലിന്യ സംസ്‌കരണ കേന്ദ്രത്തിൽ പരിശോധന നടത്തി. ബ്രഹ്മപുരം തീ പിടുത്തത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ മാലിന്യ സംസ്‌കരണ കേന്ദ്രങ്ങളുടെ സുരക്ഷ പരിശോധിക്കണമെന്ന സർക്കാർ നിർദേശത്തെ തുടർന്നായിരുന്നു സന്ദർശനം. കേന്ദ്രത്തിന് ചുറ്റും ഫയർലൈൻ തെളിക്കണമെന്നും തീ പിടുത്തം പോലുള്ള അടിയന്തര സാഹചര്യമുണ്ടായാൽ ആവശ്യമായ ക്രമീകരണം ഒരുക്കണമെന്നും നിർദേശം നൽകി. രണ്ടുവർഷം മുമ്പ് ബയോ മൈനിങ്ങിന് 85 ലക്ഷം രൂപ വകുപ്പ് അനുവദിച്ചിരുന്നു. കൂടുതൽ തുക ആവശ്യമാണെങ്കിൽ ഇതിനായി അപേക്ഷ നൽകണമെന്നും ജോയിന്റ് ഡയറക്ടർ നിർദേശിച്ചു. മാലിന്യക്കൂമ്പാരം പ്രദേശവാസികൾക്ക് ഉണ്ടാക്കുന്ന ബുദ്ധിമുട്ട് മുൻ കൗൺസിലറും സിപിഐ എം കട്ടപ്പന ഏരിയ കമ്മിറ്റിയംഗവുമായ എം സി ബിജു, ജോയിന്റ് ഡയറക്ടറെ ധരിപ്പിച്ചു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top