28 March Thursday
എംപി ശ്രദ്ധിക്കുന്നുണ്ടോ

തുടര്‍പ്രവര്‍ത്തനമില്ല; പഴനി– ശബരിമല ഹൈവേ നഷ്ടപ്പെട്ടേക്കും

വെബ് ഡെസ്‌ക്‌Updated: Sunday Jan 22, 2023
ചെറുതോണി   
പ്രഖ്യാപിച്ച നാലുവര്‍ഷമാകുമ്പോഴും തുടര്‍പ്രവര്‍ത്തനങ്ങളോ ഇടപെടലുകളോ ഇല്ലാതെ പഴനി– ശബരിമല തീർഥാടന ഹൈവേ. പദ്ധതി ജില്ലയ്‌‍ക്ക് നഷ്‍ടപ്പെടുമെന്ന അവസ്ഥയാണ്. കേന്ദ്ര ഉപരിതല ഗതാഗത,ദേശീയപാത മന്ത്രി നിതിൻ ഗഡ്കരി മൂന്നാറിൽ നേരിട്ടെത്തിയാണ് 2018ൽ പുതിയ ഹൈവേ പ്രഖ്യാപിച്ചത്. തീർഥാടന കേന്ദ്രങ്ങളായ പഴനിയെയും ശബരിമലയെയും റോഡുമാർഗം ബന്ധിപ്പിക്കുകയാണ് ലക്ഷ്യം. 
കേന്ദ്ര ഹൈവേ മന്ത്രാലയത്തിന്റെ നിർദേശാനുസരണം സംസ്ഥാന പൊതുമരാമത്ത് വകുപ്പ് 2150 കോടിയുടെ പ്രാഥമിക എസ്റ്റിമേറ്റ് തയ്യാറാക്കി നൽകി. ഇരുസംസ്ഥാനങ്ങളെയും ബന്ധിപ്പിക്കുന്ന സംസ്ഥാനാന്തര പാതയ്‍ക്ക് 377കിലോമീറ്ററാണ് ഇതില്‍ ദൂരം നിശ്ചയിച്ചത്. മൂന്നാർ– പൂപ്പാറ– ബോഡിമെട്ട് പാതയുടെ ഉദ്ഘാടനത്തിന് നിതിൻ ഗഡ്കരി മൂന്നാറിൽ എത്തിയപ്പോഴായിരുന്നു പ്രഖ്യാപനം. പാർലമെന്റിനകത്തും ഹൈവേ മന്ത്രാലയം കേന്ദ്രീകരിച്ചും മുൻ എംപി ജോയ്സ് ജോർജ് നടത്തിയ ശ്രമത്തിന്റെ ഫലമായാണ് തീർഥാടന ഹൈവേ അനുവദിച്ചത്. ജില്ലയുടെ കാർഷിക, ടൂറിസം വികസന സാധ്യതകൾക്ക് ആക്കം കൂട്ടുന്നതാണ് നിർദിഷ്ട ഹൈവേ. കാർഷിക മേഖലയിലൂടെ പോകുന്ന ഹൈവേ ഒരേ സമയം തീർഥാടകർക്കും വിനോദസഞ്ചാരികൾക്കും കർഷകർക്കും വലിയ പ്രതീക്ഷ നൽകി‌. നാണ്യവിളകൾ തമിഴ്നാട്ടിലെ വാണിജ്യകേന്ദ്രങ്ങളിലേക്ക് എത്തിച്ച് വ്യാപാരമേഖലയുടെ കുതിപ്പും പ്രതീക്ഷയായിരുന്നു. 
റൂട്ട് അലൈൻമെന്റ് സംസ്ഥാനം നൽകി
പഴനിയിൽനിന്ന് ആരംഭിച്ച് ഉദുമൽപേട്ട– ആനമല– ചിന്നാർ– മറയൂർ– മൂന്നാർ– പൂപ്പാറ– മുരിക്കിൻതൊട്ടി– സേനാപതി വട്ടപ്പാറ– മേലേ ചെമ്മണ്ണാർ– ഉടുമ്പൻചോല– നെടുങ്കണ്ടം– തൂക്കുപാലം– കട്ടപ്പന– ഏലപ്പറ– കുട്ടിക്കാനം– മുറിഞ്ഞപുഴ– പാഞ്ചാലിമേട്–  കണയങ്കവയൽ– കൊയ്നാട്– തെക്കേമല– വള്ളിയങ്കാവ്– കുപ്പക്കയം– ചേന്നാപ്പാറ– മടുക്ക– കണമല– പമ്പ എന്നിങ്ങനെയായിരുന്നു റൂട്ട്   അംഗീകരിച്ചത്. സംസ്ഥാന സർക്കാർ റൂട്ടും അലൈൻമെന്റും അംഗീകരിച്ച് കേന്ദ്ര ഹൈവേ മന്ത്രാലയത്തിന് നൽകിയിരുന്നു. അവര്‍  തത്വത്തിൽ അംഗീകാരം നൽകി വിശദപദ്ധതി റിപ്പോർട്ടിന് അനുമതി നൽകി. ഇപ്പോഴത്തെ എംപിയുടെ കഴിവില്ലായ്മയും ശ്രദ്ധക്കുറവുമാണ് പദ്ധതി നഷ്ടപ്പെട്ടേക്കുമെന്ന സാഹചര്യത്തിലേക്ക് എത്തിയത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top