ഇടുക്കി
മാലിന്യമുക്തം നവകേരളം ക്യാമ്പയിനിന്റെ മൂന്നാംഘട്ട പ്രവർത്തനങ്ങൾക്ക് മുന്നോടിയായി കർമ പദ്ധതി വിശദീകരണയോഗം ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു അധ്യക്ഷനായി. കലക്ടർ ഷീബ ജോർജ് മുഖ്യപ്രഭാഷണം നടത്തി.
ഒക്ടോബർ രണ്ടു മുതൽ 2024 ജനുവരി 26 വരെയാണ് മാലിന്യ മുക്ത നവകേരളം കാമ്പയിന്റെ മൂന്നാംഘട്ട പ്രവർത്തങ്ങൾ നടത്തുന്നത്. ഇതിനായുള്ള ആക്ഷൻ പ്ലാൻ വിശദീകരിച്ച് ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്കും സെക്രട്ടറിമാർക്കും പദ്ധതി നടപ്പാക്കാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളുടെ നിർദേശം നൽകി.
ഒക്ടോബർ രണ്ടിന് ഗാന്ധിജയന്തിയോട് അനുബന്ധിച്ച് ആരംഭിക്കുന്ന മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ പൊതു ഇടങ്ങളും നിരത്തുകളും ഓടകളും ശുചീകരിച്ച് മാലിന്യങ്ങൾ തരം തിരിച്ചു ശാസ്ത്രീയമായി സംസ്‌കരിക്കും. എല്ലാ വിദ്യാഭ്യാസ സർക്കാർ സ്ഥാപനങ്ങളുടെയും മാലിന്യസംസ്‌കരണം ഉറപ്പാക്കും. ജൈവഅല്ലെങ്കിൽ ദ്രവമാലിന്യങ്ങളുടെ സംസ്‌കരണ സംവിധാനങ്ങൾ ഇല്ലാത്തയിടത്തും സ്ഥാപിക്കുന്നതിനുള്ള നിർദേശം നൽകി. ശേഖരിക്കുന്ന മാലിന്യങ്ങൾ തരംതിരിച്ച് ഹരിത കർമസേനക്ക് കൈമാറണം. വ്യാപാര- സ്വകാര്യസ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഹരിത ചട്ടങ്ങൾ ഉറപ്പാക്കും. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌കരണം ഉറപ്പാക്കും.ഇതിനായി മാലിന്യസംസ്‌കരണം കൃത്യമായി നടപ്പാക്കുന്നതിന് മേൽനോട്ടം വഹിക്കാൻ പ്രാദേശിക ഹരിത മേൽനോട്ട സമിതികൾ രൂപീകരിക്കും. മാലിന്യ മുക്തക്യാമ്പയിന്റെ ഭാഗമായി വാർഡ്തലം മുതൽ ജില്ലാതലം വരെ ജനങ്ങളുടെയും വിവിധ സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ വിപുലമായ പദ്ധതികളാണ് ആവിഷ്‌കരിക്കുന്നത്. ഇതിന്റെ ഭാഗമായി വാർഡ് തലത്തിൽ ഹരിത ഗ്രാമസഭകളും സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഹരിതസഭകളും സംഘടിപ്പിക്കും.
യോഗത്തിൽ കട്ടപ്പന നഗരസഭ ചെയർപേഴ്സൺ ഷൈനി സണ്ണി ചെറിയാൻ, പഞ്ചായത്ത് പ്രസിഡന്റ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് എം എം ലതീഷ്, കില ഫെസിലിറ്റേറ്റർ പി വി മധു, തദ്ദേശസ്വയംഭരണവകുപ്പ് അസി ഡയറക്ടർ സി ശ്രീലേഖ,തദ്ദേശ സ്വയംഭരണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജോസഫ് സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..