27 April Saturday
കുങ്കിയാനയെത്തി

അരിക്കൊമ്പനെ കെണിയിലാക്കാൻ നടപടി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023

മുത്തങ്ങയിൽനിന്ന് എത്തിയ കുങ്കിയാന വിക്രം

ശാന്തൻപാറ
ചിന്നക്കനാൽ–-ശാന്തൻപാറ മേഖലകളിൽ ആക്രമണണം നടത്തുന്ന അരിക്കൊമ്പനെ പിടികൂടാനുള്ള നടപടികൾ ആരംഭിച്ചു. കെണി ഒരുക്കാൻ അരിക്കൊമ്പൻ തകർത്ത കെട്ടിടം തന്നെ തെരഞ്ഞെടുത്ത്‌ ഇഷ്ടഭക്ഷണമായ അരിവച്ച്‌ പിടിയിലാക്കാമെന്ന ധാരണയാണിപ്പോഴുള്ളത്‌. ദൗത്യത്തിന്റെ ഭാഗമായി ചിന്നക്കനാൽ സിമന്റ് പാലത്തിനു സമീപമുള്ള ഒരു വീട് താൽക്കാലികമായി കുങ്കി ആനകൾക്കും  പരിപാലകർക്കും ഒരുക്കിയിട്ടുണ്ട്‌. 
    ഇവിടെയാണ്‌ ഭക്ഷണം തയാറാക്കുന്നത്‌. വീട്ടിലേക്ക് ആനയെ ആകർഷിക്കാനുള്ള നടപടിയിലാണ്‌. എത്തിയാൽ മയക്കുവെടി വച്ചു പിടികൂടും. അരിക്കൊമ്പൻ ഏതാനും വർഷം മുമ്പ്‌  വീടുതകർത്ത്‌ അരിയെടുത്തു തിന്ന വീടാണു ഭക്ഷണം പാകം ചെയ്യുന്നതിനായി മാറ്റുന്നത്. ആൾപ്പെരുമാറ്റമുണ്ടെന്നു തോന്നിയാൽ കൊമ്പൻ എത്തുമെന്നാണു നിഗമനം. 
     രണ്ട് പതിറ്റാണ്ടായി 45 പേരുടെ ജീവനാണ് കാട്ടുകൊമ്പൻമാരുടെ അക്രമണത്തിൽ  പൊലിഞ്ഞത്. പന്നിയാറിലെ റേഷൻ കട, ബിയൽ റാവ്, 301 കോളനിയിലെ ലയങ്ങൾ എന്നിവിടങ്ങളിലെ വീടുകൾ നിരന്തരമായി തകർത്തു കൊണ്ടിരിക്കുകയാണ്. ഒരു വർഷത്തിനിടെ 11 തവണയാണ്‌ അരിക്കൊമ്പൻ റേഷൻ കട തകർത്തത്. അവസാനമായി തോട്ടം തൊഴിലാളി ആയിരുന്ന സാമൂവൽ,ആദിവാസി വിഭാഗത്തിൽ നിന്നുള്ള വനംവകുപ്പ്‌ വാച്ചർ ശക്തിയിവേൽ എന്നിവരുടെ  മരണത്തോടെയാണ്‌ പ്രദേശത്ത്‌ സമരങ്ങളും പ്രക്ഷോഭങ്ങളും സജീവമായത്‌. അരിക്കൊമ്പനെ പിടികൂടാനുള്ള കുങ്കി ആനകളായ  കുഞ്ഞു, സുരേന്ദ്രൻ, സൂര്യ എന്നിവയെ അടുത്തദിവസംതന്നെ കൊടനാട്ടിൽനിന്നും കൊണ്ടുവരും. 
മെരുക്കാൻ വിക്രം 
എത്തി
അരിക്കൊമ്പനെ മെരുക്കാൻ കുങ്കി ആനകളിലെ വിക്രവും പരിപാലകരായ മണി, രഘു, കുമാർ എന്നിവരുമെത്തി. തിങ്കൾ രാവിലെ ഏഴോടെയാണ് മുത്തങ്ങ ആന ക്യാമ്പിൽനിന്ന് എത്തിയത്. നാലു കുങ്കി ആനകളാണ് അരിക്കൊമ്പനെ മെരുക്കാൻ ജില്ലയിൽ എത്തുക.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top