25 April Thursday
സുവര്‍ണഭവനത്തില്‍ ആദ്യവീട്

അന്തിയുറങ്ങാം സമാധാനത്തോടെ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 21, 2023
നെടുങ്കണ്ടം 
സംസ്ഥാനത്ത് ആദ്യമായി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് നടത്തുന്ന ഭവന നിർമാണ പദ്ധതി  ‘സുവർണ ഭവന’ത്തില്‍ ആദ്യ വീട് പൂര്‍ത്തിയായി. പാമ്പാടുംപാറ പഞ്ചായത്ത് 16–-ാം വാര്‍ഡിലെ കുന്നുംപുറത്ത് ഓമന ഭാസ്‍കരനാണ് വീട് നല്‍കിയത്. രോഗിയായ ഭർത്താവ് ഭാസ്കരനും ഓമനയും എപ്പോൾ വേണമെങ്കിലും ഇടിഞ്ഞുവീഴാവുന്ന കൂരയിലായിരുന്നു താമസം. അതിദരിദ്ര്യ പട്ടികയില്‍ ഉള്‍പ്പെട്ട ഇവരുടെ ശോചനീയ അവസ്ഥ ബോധ്യപ്പെട്ടതോടെ 23 ദിവസംകൊണ്ട് വീട് നിർമിക്കുകയായിരുന്നു. 
    കലക്‍ടര്‍ ഷീബ ജോര്‍ജ് താക്കോല്‍ കൈമാറി. ഇടുക്കിയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായാണ് ജില്ലാ പഞ്ചായത്ത് 52 പഞ്ചായത്തുകളിലെ അർഹരായ ഒരു കുടുംബത്തിന് ഭവനം നിർമിച്ചുനൽകുന്നത്. 
അതിസുന്ദരം
രണ്ടു കിടപ്പുമുറി, സിറ്റ്ഔട്ട്, അടുക്കള, ശുചിമുറി, മുറികളിലേക്ക് കടക്കാനുള്ള പാസേജ് എന്നിവയടങ്ങുന്നതാണ് ഓമനയ്ക്ക് ലഭിച്ച വീട്. 415 ചതുരശ്ര അടി. നാല് ലക്ഷം രൂപ ചെലവ്. ഇത്തരത്തില്‍ 52 വീടുകൾക്കായി 2.8 കോടിരൂപയാണ് ജില്ലാ പഞ്ചായത്ത് വകയിരുത്തിയിട്ടുള്ളത്. വെറും 23 ദിവസംകൊണ്ടാണ് വീട് നിര്‍മാണം പൂര്‍ത്തിയാക്കിയത്. ജില്ലയിൽ അതിവേഗം നിര്‍മിച്ച മാതൃകാ ഭവനമായി വീട് മാറി. 
    ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനംചെയ്‍തു. പാമ്പാടുംപാറ പഞ്ചായത്ത് പ്രസിഡന്റ് എസ് മോഹനൻ അധ്യക്ഷനായി. സാജു സെബാസ്റ്റ്യൻ പദ്ധതി വിശദീകരിച്ചു. പണി പൂർത്തീകരിക്കാൻ സഹായിച്ച കോൺട്രാക്ടർ ബി വിഷ്ണുമോൻ, പാമ്പാടുംപാറ പഞ്ചായത്ത് ഗ്രാമസേവകൻ അഖിൽ ശശി, പഞ്ചായത്തിലെ മികച്ച ഹരിതകർമ സേനപ്രവർത്തകർ എന്നിവരെ കലക്ടർ മൊമെന്റോ നൽകി ആദരിച്ചു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ്, കെ ടി കുഞ്ഞ്, പി എൻ വിജയൻ, ജോയമ്മ എബ്രഹാം, ജോസ് തെക്കേകുറ്റി എന്നിവർ പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top