25 April Thursday

പട്ടയപ്രശ്‌നത്തില്‍ ജനങ്ങള്‍ക്കൊപ്പം: 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Friday Jan 21, 2022
ചെറുതോണി
രവീന്ദ്രൻ പട്ടയം റദ്ദുചെയ്യുകയല്ല, സാധുത നൽകി ക്രമവൽക്കരിക്കുകയാണ് വേണ്ടതെന്നും പട്ടയപ്രശ്നത്തിൽ പാർടി ജനങ്ങൾക്കൊപ്പമാണെന്നും സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ്‌ വാർത്താക്കുറിപ്പിൽ പറഞ്ഞു. ഭൂപതിവ്‌ കമ്മിറ്റി ചേർന്ന് അംഗീകരിച്ച് ഭൂമിയുടെ എല്ലാവിധത്തിലുമുള്ള പരിശോധനകളും പൂർത്തിയാക്കിയാണ് 530 പേർക്ക് പട്ടയം നൽകിയത്. പിൻവാതിലിലൂടെ നൽകിയതല്ല, തൊടുപുഴയിൽ പട്ടയമേള സംഘടിപ്പിച്ച് 1999ൽ അന്നത്തെ റവന്യു മന്ത്രി കെ ഇ ഇസ്‌മായിൽ നേരിട്ടുനൽകിയ പട്ടയമാണിത്. ജില്ലയിലെ ജനപ്രതിനിധികളുടെയും രാഷ്‌ട്രീയപാർടി നേതാക്കളുടെയും സാന്നിധ്യത്തിലാണ് പട്ടയവിതരണം നടന്നത്. ഈ പട്ടയം 23 വർഷത്തിനുശേഷം റദ്ദുചെയ്യുന്ന നടപടി അംഗീകരിക്കാനാവില്ല. ഉദ്യോഗസ്ഥന്റെ പദവിയുടെ സാങ്കേതികത്വം പറഞ്ഞ് കർഷകരുടെ കൈവശമുള്ള പട്ടയം റദ്ദുചെയ്യുന്നതിനെ നീതികരിക്കാനുമാവില്ല. 
    ഈ പട്ടയം ലഭിച്ച സ്ഥലങ്ങൾ പലവട്ടം കൈമാറ്റം ചെയ്യപ്പെടുകയും കുടുംബാംഗങ്ങൾ അനന്തരാവകാശികൾക്ക് വിഭജിച്ചുനൽകിയിട്ടുമുണ്ട്. പലരുടെയും പട്ടയരേഖകൾ ബാങ്കുകളിലും മറ്റ് ധനകാര്യ സ്ഥാപനങ്ങളിലും നൽകി വായ്പയെടുത്തിട്ടുണ്ട്. ഇതെല്ലാം കടുത്ത സാമൂഹ്യ പ്രശ്നങ്ങളുണ്ടാക്കുന്നതിനാൽ പട്ടയം റദ്ദുചെയ്യുന്നതിനോട് സിപിഐ എമ്മിന് യോജിപ്പില്ല. 
  ഉത്തരേന്ത്യയിൽനിന്ന്‌ എത്തിയ സിവിൽ സർവീസ് ഉദ്യോഗസ്ഥയും കപടപരിസ്ഥിതി സംഘടനകളുടെ പിണിയാളുമായ നിവേദിത പി ഹരന്റെ ശുപാർശപ്രകാരമാണ് രവീന്ദ്രൻ  പട്ടയത്തിനെതിരെ അന്വേഷണം ആരംഭിക്കുന്നത്. പട്ടയം നൽകാനുള്ള ഉദ്യോഗസ്ഥനെ നിശ്ചയിച്ചത് അന്നത്തെ ജില്ലാ കലക്ടർ വി ആർ പത്മനാഭനാണ്. കലക്ടർക്ക് ഇതിനുള്ള അധികാരമുണ്ടെന്ന്  റവന്യു ചട്ടം അനുശാസിക്കുന്നുണ്ട്‌. ഏതെങ്കിലും ഒരു ഉദ്യോഗസ്ഥനു തനിച്ച് പട്ടയം നൽകാനാവില്ല. നടപടിക്രമങ്ങളും പരിശോധനയും ചട്ടങ്ങളും പാലിച്ചുമാത്രമാണ് പട്ടയം നൽകാൻ കഴിയുകയുള്ളൂ എന്നിരിക്കെ ഇടുക്കിയിലെ കർഷകരെ കൂടുതൽ സങ്കീർണതകളിലേക്ക് തള്ളിവിടുന്ന സമീപനം ഒഴിവാക്കപ്പെടേണ്ടതാണ്. 
      നിലവിലുള്ള പട്ടയം റദ്ദുചെയ്‌ത്‌ പുതിയ അപേക്ഷ സ്വീകരിച്ച് സ്ഥലപരിശോധന നടത്തി വീണ്ടും പട്ടയം നൽകുമെന്നുള്ള വിശദീകരണം പ്രായോഗികമല്ല. കൂടുതൽ ചുവപ്പുനാടകളിലേക്കും നിയമക്കുരുക്കിലേക്കും ജനങ്ങളെ തള്ളിവിടാൻ മാത്രമെ ഇത്തരം ഉട്ടോപ്യൻ  ഉത്തരവുകൾക്കാവുമെന്ന്‌ അധികൃതർ മനസ്സിലാക്കണം. കർഷകരുടെ കൈവശമുള്ള പട്ടയങ്ങൾ റദ്ദുചെയ്യാൻ മുതിർന്നാൽ കർഷകരെ അണിനിരത്തിയുള്ള ബഹുജനസമരത്തിന് സിപിഐ എം നേതൃത്വം നൽകുമെന്നും ജില്ലാ സെക്രട്ടറി സി വി വർഗീസ് പറഞ്ഞു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top